വിഴിഞ്ഞംസമരം: നഷ്‍ടം 200കോടി; ലത്തീൻ സഭയിൽ നിന്ന് ഈടാക്കുമെന്ന് സർക്കാർ

വിഴിഞ്ഞം സമരത്തിനിടെ ഉണ്ടായ 200 കോടിക്ക് മുകളിലെ നഷ്‍ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കാനാണ് സർക്കാർ തീരുമാനം. ഈ നിലപാട് സർക്കാർ ഹൈക്കോടതിയെ അറിയിക്കും.

By Central Desk, Malabar News
Vizhinjam Protest
Rep. Image

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത പ്രഖ്യാപിക്കുമ്പോൾ സർക്കാർ കടുത്ത നിലപാടുമായി സമരക്കാരെ നേരിടാനുള്ള കുരുക്കുകൾ മുറുക്കുന്നു.

സമരം ഇന്ന് 104ആം ദിനം പൂർത്തീകരിക്കുമ്പോൾ സമരക്കാരെ നിയമത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി പൂട്ടാനാണ് തീരുമാനം. ഇതിന്റെ ആദ്യഘട്ടം എന്ന നിലക്ക് സമരത്തിനിടെ ഉണ്ടായ നഷ്‍ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കുമെന്ന് സർക്കാർ നിലപാട് എടുത്തുകഴിഞ്ഞു. ഈ നിലപാട് ഹൈക്കോടതിയെ അറിയിക്കുമെന്നും അധികൃതർ വിശദീകരിച്ചു. 200 കോടിക്ക് മുകളിലാണ് ആകെ നഷ്‍ടം കണക്കാക്കുന്നത്.

അതേസമയം, വിഴിഞ്ഞം തുറമുഖ സമരം തുടരണം എന്നാഹ്വാനം ചെയ്‌ത്‌ തിരുവനന്തപുരം ലത്തീൻ അതിരൂപതക്ക് കീഴിലെ പള്ളികളിൽ ഇന്നും സർക്കുലർ വായിക്കും. സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ഒന്നിൽ പോലും സർക്കാർ ന്യായമായ പരിഹാരം കണ്ടിട്ടില്ല എന്ന് സർക്കുലറിൽ കുറ്റപ്പെടുത്തുന്നു. ഓഖി വാർഷികമായ 29ന് വീടുകളിൽ മെഴുകുതിരി കത്തിക്കണം എന്നും വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപ്പന്തലിലെ അനുസ്‌മരണ ചടങ്ങിൽ പങ്കെടുക്കണം എന്നും സർക്കുലറിൽ ആഹ്വാനം ഉണ്ട്.

ഇന്നലെ തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരവാസികൾ തടഞ്ഞതോടെ വിഴിഞ്ഞം യുദ്ധക്കളമായിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ശക്‌തമായ കല്ലേറും ഉണ്ടായി. നിർമാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധിച്ചു. എതിർപ്പ് ശക്‌തമായതോടെ നിർമാണ സാമഗ്രികളുമായി എത്തിയ ലോറികൾക്ക് പദ്ധതി പ്രദേശത്തേക്ക് കടക്കാൻ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നിരുന്നു.

ഒരു ലോറിയുടെ ചില്ല് സമരക്കാർ അടിച്ചു തകർക്കുകയും ചെയ്‌തിരുന്നു. സമരപ്പന്തൽ മറികടന്ന് മുന്നോട്ട് പോകാൻ ലോറികൾക്ക് കഴിഞ്ഞിരുന്നില്ല. നൂറ്റമ്പതോളം ദിവസമായി പ്രദേശത്തെ പദ്ധതി നിർമാണം തുടരാൻ സാധിക്കുന്നില്ല. പൊലീസ് സംരക്ഷണത്തോടെ നിർമാണ പ്രവർത്തികളുമായി മുന്നോട്ട് പോകാൻ കോടതി നിർദ്ദേശമുണ്ട്. സംരക്ഷണമൊരുക്കണമെന്ന് കോടതി സംസ്‌ഥാന സർക്കാരിനോടും നിർദ്ദേശിച്ചിരുന്നു. എന്നാൽ പ്രതിഷേധക്കാരുടെ പ്രതിരോധം മറികടക്കാൻ പൊലീസിന് ആകുന്നില്ല.

തുറമുഖ നിർമാണ പ്രവർത്തനങ്ങൾ അനിശ്‌ചിതമായി നിർത്തി വെക്കുന്നത് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു എന്ന കാരണം പറഞ്ഞാണ് സാമഗ്രികൾ അധികൃതർ വിഴിഞ്ഞത്തേക്ക് എത്തിക്കാൻ ശ്രമിച്ചത്. കനത്ത പൊലീസ് വിന്യാസം നിലനിൽക്കെയാണ് 27 ലോറികളിൽ നിർമാണ സാമാഗ്രികളെത്തിച്ചത്. എന്നാൽ, സമരപ്പന്തൽ മറികടന്ന് പദ്ധതി പ്രദേശത്തേക്ക് കടക്കാൻ വാഹനങ്ങൾക്കായില്ല.

Most Read: വ്യാപകമാകുന്ന അഞ്ചാം പനി; കേന്ദ്ര സംഘം ഇന്ന് മലപ്പുറത്തെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE