പാലിയേറ്റീവ് പ്രവർത്തന രംഗത്തെ നിസ്വാർഥ സേവകൻ ‘വിപി തുത്തുമാൻ’ വിടപറഞ്ഞു

By Desk Reporter, Malabar News
Palliative Care Edakkara_VP THUTHUMAN
വലിയപീടിയക്കൽ അബ്‌ദുള്ള (വിപി തുത്തുമാൻ) എന്ന തുത്തുമാക്ക

എടക്കര: രോഗങ്ങൾകൊണ്ട് വേദനിക്കുന്നവർക്കും നാട്ടുകാർക്കും കൂട്ടുകാർക്കുമിടയിൽ ‘തുത്തുമാക്ക’ എന്നറിയപ്പെട്ടിരുന്ന വലിയപീടിയക്കൽ അബ്‌ദുള്ള (68) എന്ന വിപി തുത്തുമാൻ മരണപ്പെട്ടു. നിലമ്പൂർ മേഖലയിലെ പാലിയേറ്റീവ് പ്രസ്‌ഥാനങ്ങളുടെ മുൻനിര പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. കേരളത്തിലെ പാലിയേറ്റീവ് ദിനമായ ജനുവരി 15നാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

നീണ്ട ഇരുപതു വർഷത്തെ നിസ്വാർഥവും നിശബ്‌ദവുമായ പ്രവർത്തനങ്ങളിലൂടെ നിരാലംബരും അശരണരുമായ അനേകായിരം രോഗികളെ പരിചരിച്ച ഇദ്ദേഹത്തിന്റെ വേർപാട് എടക്കര പാലിയേറ്റീവ് പ്രസ്‌ഥാനത്തെ കരയിക്കുകയാണ്. പാലിയേറ്റീവ് കെയർ എന്നത് ‘തുത്തുമാക്ക’ക്ക് ജീവശ്വാസം പോലെയായിരുന്നു. കൊറേണ നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന ഏതാനും മാസങ്ങളിലൊഴിച്ച് ഇരുപത് വർഷക്കാലത്തിലെ മരിക്കുന്നത് വരെയുള്ള ഭൂരിഭാഗം സമയവും തുത്തുമാൻക്ക പാലിയേറ്റീവ് കെയറിൽ വ്യാപൃതനായിരുന്നു.

ജനകീയതയുടേയും കാരുണ്യത്തിന്റെയും മുഖമായിരുന്ന, പാലിയേറ്റീവ് കെയറിനെ തന്റെ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും ഭാഗമായി കൊണ്ടുനടന്നിരുന്ന മമ്മുണ്ണി എന്ന മനുഷ്യസ്‌നേഹിയും ഈ അടുത്ത് വിടവാങ്ങിയിരുന്നു. തൊട്ടുപിന്നാലെയാണ് ‘തുത്തുമാക്ക’ എന്ന മനുഷ്യ സ്‌നേഹികൂടി ഞങ്ങളോട് വിട പറഞ്ഞത്. എടക്കരയിലെ സാന്ത്വന പരിചരണ രംഗത്തിന് ഇവരുടെ നഷ്‌ടം നികത്താനാവാത്ത വിടവ് തന്നെയാണ്. എടക്കരയുടെ മദർ തെരേസ എന്നു പറയാവുന്ന ഈ മനുഷ്യ സ്‌നേഹിയുടെ ശൂന്യത ആര് നികത്തുമെന്നത് ഒരു വലിയ ചോദ്യമാവുകയാണ്; പാലിയേറ്റീവ് രംഗത്തെ പ്രവർത്തകൻ ടിടി നാസർ പറഞ്ഞു.

സരസമായ സംസാരശൈലിയും സ്‌നേഹ സമീപനവുമായിരുന്നു ‘തുത്തുമാക്ക‘യെ രോഗികൾക്ക് പ്രിയങ്കരനാക്കിയത്. ഏതൊരു വേദനയും മറന്നു പോകുന്ന ‘തുത്തുമാക്ക’യുടെ ഇടപെടൽ ഒരാൾക്കും മറക്കാൻ കഴിയില്ല. എടക്കര പാലിയേറ്റീവിൽ വച്ചായിരുന്നു ‘തുത്തുമാക്ക’ യുടെ മരണം. രോഗം മൂര്‍ഛിച്ച് ഡോക്‌ടറെ കാണാൻ എടക്കരയെത്തിയ ഇദ്ദേഹം തന്റെ അന്ത്യ നിമിഷങ്ങൾ കർമഭൂമികയായ എടക്കര പാലിയേറ്റീവിൽ തന്നെയാണ് ചിലവഴിച്ചത്; പ്രദേശവാസി കൂട്ടിച്ചേർത്തു.

ഖബറടക്കം ഇന്നലെ രാവിലെ 9.30ന് മരുത ചക്കപ്പാടം ഖബർ സ്‌ഥാനിൽ നടന്നു. ഭാര്യ സഫിയ വിപി, മക്കൾ അനീഷ്, ബനീഷ്, സനിയ്യ. മരുമക്കൾ റസീന, അസ്‌ന, അബ്‌ദുൽ ഹമീദ് താളിപ്പാടം, സഹോദരങ്ങൾ വിപി കുഞ്ഞു, അഹമ്മദ് കുട്ടി മാസ്‌റ്റർ, ചേക്കു, അബ്‌ദുൽ അസീസ്, ഷൗക്കത്തലി, ഉമ്മർ എന്ന മക്ക്ളു, ഖദീജ, ആമിന, ആയിഷ, ജമീല, റഫീഖ.

Most Read: അയോധ്യയിൽ നിർമിക്കുന്നത് ‘അൾട്രാ മോഡേൺ’ മസ്‌ജിദ്; ചിത്രങ്ങളും വിശദാംശങ്ങളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE