കൊച്ചി: കോടതിയോട് സ്വകാര്യമായി സംസാരിക്കാൻ അവസരം തരണമെന്ന് സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നാ സുരേഷും സരിത്തും. വീഡിയോ കോൺഫറൻസിംഗ് വഴി കോടതിക്ക് മുമ്പിൽ ഹാജരാക്കുമ്പോൾ ചുറ്റും പോലീസ് ഉദ്യോഗസ്‌ഥർ ഉണ്ടാകും. അതിനാൽ ഒന്നും തുറന്നു പറയാനാകുന്നില്ലെന്നും ഇവർ കോടതിയെ അറിയിച്ചു.
പ്രതികളുടെ ആവശ്യം അംഗീകരിച്ച കോടതി പറയാനുള്ള കാര്യങ്ങൾ അഭിഭാഷകൻ വഴി കൈമാറാൻ ആവശ്യപ്പെട്ടു. ഇരുവർക്കും പറയാനുള്ള കാര്യങ്ങൾ അഭിഭാഷകന്റെ പക്കൽ എഴുതി നൽകാം. ഇതിനായി അഭിഭാഷകരെ കാണാൻ സമയം അനുവദിച്ചു.
അതേസമയം, സ്വർണക്കടത്ത് കേസിൽ കസ്‌റ്റഡിയിലെടുത്ത എം ശിവശങ്കറിനെ ഏഴ് ദിവസം കൂടി കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് കസ്‌റ്റംസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഡോളർ കടത്ത് കേസിലും ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്‌റ്റംസ് പറയുന്നത്. സ്വപ്‌നാ സുരേഷിന്റെ മൊഴിയിൽ നിന്ന് ശിവശങ്കറിനും ഡോളർ കടത്ത് കേസിൽ പങ്കുണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നതെന്നും കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും കസ്‌റ്റംസ് കോടതിയെ അറിയിച്ചു.
Also Read: അപകടങ്ങള്‍ കുറക്കാന്‍ മാറ്റങ്ങളുമായി കെഎസ്ആര്‍ടിസി; ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതല്‍