വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. ആർമി ഓഫീസിൽ എത്തിയ ശേഷമാണ് ലെഫ്.കേണൽ കൂടിയായ മോഹൻലാൽ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് എത്തിയത്. ദുരിത ബാധിതരെ സന്ദർശിച്ച ശേഷം മോഹൻലാൽ മുണ്ടക്കൈയിലേക്ക് തിരിച്ചു.
ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലാണ് മോഹൻലാൽ. കോഴിക്കോട് നിന്ന് റോഡ് മാർഗമാണ് അദ്ദേഹം വയനാട്ടിലെത്തിയത്. സൈനിക ഉദ്യോഗസ്‌ഥരുമായി അദ്ദേഹം ചർച്ച നടത്തി. അതിനിടെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം ഇന്ന് 25 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. മുണ്ടക്കൈയിൽ തിരച്ചിൽ ദൗത്യത്തിൽ ഏർപ്പെട്ട സൈനികർ ഉൾപ്പടെ ഓരോ വ്യക്‌തികൾക്കും സല്യൂട്ട് നൽകി അദ്ദേഹം കുറിച്ച കുറിപ്പ് ശ്രദ്ധനേടിയിരുന്നു.
കേരളത്തിന്റെ ഹൃദയം പിളർന്ന വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിനവും തുടരുകയാണ്. 206 പേരെയോളം ഇനിയും കണ്ടെത്താൻ ഉണ്ടെന്നാണ് വിവരം. ഇതുവരെ 340 പേരാണ് ദുരന്തത്തിൽ മരിച്ചത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം കണ്ടെടുത്തിട്ടുണ്ട്. സർക്കാർ കണക്ക് അനുസരിച്ച് 210 മരണമാണ് സ്‌ഥിരീകരിച്ചത്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹങ്ങൾ ഇന്ന് പൊതു ശ്‌മശാനത്തിൽ സംസ്‌കരിക്കും.
Most Read| യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; സ്‌ഥാനാർഥിത്വം സ്‌ഥിരീകരിച്ച് കമല ഹാരിസ്