മേപ്പാടി: ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നടക്കുന്ന രക്ഷാപ്രവർത്തനം ഏഴാം ദിവസത്തിലേക്ക് കടന്നു. ചാലിയാറിലും മൃതദേഹങ്ങൾക്കായി ഇന്നും തിരച്ചിൽ തുടരും. ചാലിയാറിൽ നിന്ന് ഇന്നലെ രണ്ടു മൃതദേഹങ്ങളും പത്ത് ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു. തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങൾ മേപ്പാടി പൂത്തുമലയിൽ സംസ്‌കരിച്ചു.
ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 369 ആയി. 53 ക്യാമ്പുകളിലായി 6759 പേരാണ് കഴിയുന്നത്. അതിനിടെ, ബെയ്‌ലി പാലം കടന്ന് ചൂരൽമലയിലേക്കും മുണ്ടക്കൈയിലെക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചിട്ടുണ്ട്. ഇന്ന് മുതൽ ദിവസേന രാവിലെ ആറുമുതൽ ഒമ്പത് വരെ ബെയ്‌ലി പാലത്തിലൂടെ 1500 പേരെ മാത്രമേ കടത്തിവിടുകയുള്ളൂ.
കൂടുതൽ ആളുകൾ വരുന്നത് തിരച്ചിലിനും സന്നദ്ധ പ്രവർത്തനത്തിനും മറ്റും ബുദ്ധിമുട്ടാക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. അതേസമയം, വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളും കലക്ഷൻ സെന്ററുകളുമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ഒഴികെയുള്ള മറ്റു വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ജില്ലാ കളക്‌ടർ ഡിആർ മേഘശ്രീ അറിയിച്ചു.
ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്‌ത്രീയ പരിശോധനക്കായി ബന്ധുക്കളുടെ രക്‌തസാമ്പിൾ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയിൽ നിന്ന് ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ ശേഖരിച്ചിരുന്നു. അടുത്തഘട്ടത്തിൽ ഇപ്പോൾ ശേഖരിക്കുന്ന രക്‌ത സാമ്പിളുകളും ഡിഎൻഎയും തമ്മിലുള്ള പൊരുത്തം പരിശോധിക്കും.
ജില്ലാ ആശുപത്രിയിലെ രക്‌ത ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബിനുജ മെറിൻ ജോയുടെ നേതൃത്വത്തിൽ മേപ്പാടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്‌ത സാമ്പിൾ ശേഖരിക്കുന്നത്. അടുത്ത ദിവസം മുതൽ മേപ്പാടി എംഎസ്എ ഹാളിലും സാമ്പിൾ ശേഖരിക്കും. ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ബന്ധുക്കളിൽ രക്‌ത പരിശോധനക്ക് തയ്യാറായിട്ടുള്ളവർക്ക് കൗൺസിലിങ് നൽകിയ ശേഷമാണ് സാമ്പിൾ ശേഖരിക്കുന്നത്.
Most Read| ഇറാൻ-ഇസ്രയേൽ യുദ്ധസാധ്യത; പൗരൻമാർ ഉടൻ ലബനൻ വിടണമെന്ന് യുഎസ് മുന്നറിയിപ്പ്