തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ആയുധ പരിശീലനം നൽകാനുള്ള പദ്ധതിയുമായി കേരളാ പോലീസ്. നിലവിൽ കേരളാ പോലീസിൽ ഉള്ളവർക്ക് മാത്രമാണ് ആയുധ പരിശീലനം നൽകുന്നത്. എന്നാൽ, സ്വയരക്ഷക്കായി ലൈസൻസ് എടുത്ത് തോക്ക് വാങ്ങുന്ന പലർക്കും അത് എങ്ങനെ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് പരിശീലനം ലഭിക്കാനുള്ള സംവിധാനം ഇല്ല.
ഹൈക്കോടതിയെ സമീപിച്ച ചിലർ ഇക്കാര്യത്തിൽ പരിഹാര നിർദ്ദേശം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളാ പോലീസ് ആയുധ പരിശീലനത്തിന് സൗകര്യമൊരുക്കാൻ തയ്യാറായത്. പരിശീലനത്തിന് പ്രത്യേക സമിതിയും സിലബസും തയ്യാറാക്കി. സംസ്‌ഥാന പോലീസ് മേധാവി ഇതുസംബന്ധിച്ച ഉത്തരവും ഇറക്കി.
ആയിരം മുതൽ അയ്യായിരം രൂപ വരെ ഫീസ് ഈടാക്കും. ഫയറിങ് പ്രാക്‌ടീസ് ഉൾപ്പടെ നൽകും. പോലീസിന്റെ ക്ളിയറൻസ് സർട്ടിഫിക്കറ്റ്, ആയുധ ലൈസൻസ്, ആധാർ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കി അപേക്ഷ നൽകുന്നവർക്ക് മാത്രമായിരിക്കും പരിശീലനം നൽകുക. ഇതിലൂടെ ദുരൂപയോഗം തടയാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
മൂന്ന് മാസത്തിലൊരിക്കൽ പരിശീലന പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം. ആയുധം പരിശീലിക്കുന്നതിനും അടിസ്‌ഥാന കാര്യങ്ങൾ മനസിലാക്കുന്നതിനും ആയിരം രൂപയും ഫയറിങ് പ്രാക്‌ടീസിന് 5000 രൂപയുമാണ് ഈടാക്കുക. തിരുവനന്തപുരത്ത് ബറ്റാലിയൻ കേന്ദ്രീകരിച്ചാകും പരിശീലനം. അടൂർ, തൃപ്പുണിത്തുറ, മങ്ങാട്ടുപറമ്പ്, മലപ്പുറം, കുട്ടിക്കാനം, മുട്ടിക്കുളങ്ങര എന്നിവിടങ്ങളിലാകും പരിശീലനം.
Most Read: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്ക്