ആമസോണിന്റെ പേരിൽ വ്യാപക തട്ടിപ്പ്; മൊബൈലിലെ മുഴുവൻ ഡാറ്റയും ചോർത്തുന്ന ഹാക്കിങ്

By Desk Reporter, Malabar News
Fraud in the name of Amazon
Representational Image
Ajwa Travels

കൊച്ചി: പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോൺ കമ്പനിയുടെ പേരിൽ ലോക വ്യാപകമായി പുതിയതട്ടിപ്പ്. ആമസോണിന്റെ 26ആം വാർഷിക ആഘോഷം! ഈ രീതിയിലോ സമാനമോ ആയ സന്ദേശം നിങ്ങൾക്ക് ലഭിച്ചോ? സന്ദേശത്തിൽ ഉണ്ടായിരുന്ന ലിങ്കിൽ നിങ്ങൾ ക്ളിക് ചെയ്‌തോ? പിന്നീട് വന്ന നിസാരമായ ചോദ്യാവലി ‘ഫിൽ’ ചെയ്‌ത്‌, ഒരു ബോക്‌സിൽ ‘ടിക്’ രേഖപ്പെടുത്തി സബ്‌മിറ്റ് ചെയ്‌ത്‌ സമ്മാനത്തിനായി കാത്തിരിക്കുകയാണോ നിങ്ങൾ ?

Widespread fraud in the name of Amazon
എന്റെ സുഹൃത്ത് എനിക്കയച്ച വാട്‌സാപ്പ് സന്ദേശവും ഞാൻ നൽകിയ മറുപടിയും

എങ്കിൽ, നിങ്ങളുടെ മൊബൈലിൽ ശക്‌തമായ മാൽവേറുകൾ (വൈറസുകൾ) അല്ലങ്കിൽ റാൻസംവേറുകൾ അവർ നിക്ഷേപിച്ചു കഴിഞ്ഞു. നിങ്ങളുടെ ഫോണിൽ / കംപ്യൂട്ടറിൽ ഉണ്ടായിരുന്ന ഫോട്ടോകളും നമ്പറുകളും നിങ്ങളുടെ സെർച്ച് സ്വഭാവവും അതിന്റെ വിവരങ്ങളും ഉൾപ്പടെ എല്ലാം നിങ്ങളുടെ സമ്മതത്തോടെ കൈമാറ്റം ചെയ്‌തുകഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ, സാധാരണക്കാർ മനസിലാക്കേണ്ടത് ‘മാത്രം’ ലളിതമായി താഴെ പറയാം. ശ്രദ്ധിച്ചു വായിക്കുക.

എന്താണ് മാൽവേർ?

കൃത്യമായ ഉദ്ദേശ ലക്ഷ്യങ്ങളോടെ നമ്മുടെ മൊബൈലിൽ ഏതെങ്കിലും ലിങ്കുകൾ വഴിയോ സൈറ്റുകൾ വഴിയോ ആപ്പുകൾ വഴിയോ നിക്ഷേപിക്കുന്ന (ഇൻസ്‌റ്റാൾ) ഒരു ഉപദ്രവകാരിയായ സോഫ്‌റ്റ് വെയറിനെയാണ് ‘മാൽവേർ’ എന്ന് വിശേഷിപ്പിക്കുന്നത്. ഇത് നമ്മുടെ കംപ്യൂട്ടറിലോ അല്ലെങ്കിൽ മൊബൈലിലോ നിക്ഷേപിക്കപെട്ടാൽ നമ്മുടെ സകല ഫയലുകളും സെർച്ച് ഹിസ്‌റ്ററി ഉൾപ്പടെയുള്ള ഇതര ഡാറ്റകളും ‘മാൽവേർ’ ഉടമസ്‌ഥർക്ക് ലഭ്യമാകും.

Widespread fraud in the name of Amazon
ആമസോണിന്റെ പേരിൽ എനിക്ക് ലഭിച്ച വെബ് വിലാസത്തിന്റെ യഥാർഥ അവസ്‌ഥ. എന്നാൽ, ഇവരയച്ച ലിങ്ക് കൃത്യമായി വർക്കാവുകയും ചെയ്യും.

എന്താണ് റാൻസംവേറുകൾ?

മാൽവേറിനേക്കാൾ കുറച്ചുകൂടി ശക്‌തനാണ് എന്നുമാത്രം. പ്രവർത്തന രീതി; റാൻസംവേറുകൾ നമ്മുടെ ലാപ്പിലോ മൊബൈലിലോ ഡെസ്‌ക് ടോപ്പിലോ നിക്ഷേപിക്കപ്പെട്ടാൽ നമ്മുടെ മുഴുവൻ ഫയലുകളെയോ ഏതെങ്കിലും സവിശേഷ ഫോൾഡറുകളെയോ ‘എൻക്രിപ്റ്റ്‌’ ചെയ്‌ത്‌ നമുക്ക് ഉപയോഗിക്കാൻ പറ്റാത്ത രീതിയിലാക്കി മാറ്റും. എന്നിട്ട് ആ കംപ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ പഴയ രൂപത്തിൽ ആക്കാൻ നമ്മോട് പണം ആവശ്യപ്പെടും.

കഴിഞ്ഞ വർഷങ്ങളിൽ Wannacry എന്ന പേരിൽ അതീവഗുരുതരമായ റാൻസംവേറുകൾ ഒന്നേകാൽ ലക്ഷംപേരുടെ പണവും സമയവുമാണ് കളഞ്ഞുകുളിച്ചത്. കേരളത്തിൽ നിന്നും നൂറുകണക്കിന് ആളുകൾ പെട്ടുപോയി. വിവാഹ ആൽബങ്ങൾ സൂക്ഷിച്ച ഫയലുകൾ വരെ പല ഫോട്ടോഗ്രാഫർമാർക്കും നഷ്‌ടമായി. മാദ്ധ്യമ പ്രവർത്തകർക്കും ആശുപത്രികൾക്കും വരെ കേരളത്തിൽ 8ന്റെ പണികിട്ടി.

Widespread fraud in the name of Amazon
സുഹൃത്ത് അയച്ച ലിങ്ക്, സുരക്ഷാ മുൻകരുതലുകൾ എടുത്ത ശേഷം തുറന്നപ്പോൾ ലഭിച്ച സന്ദേശം.

സൂക്ഷ്‌മത അനിവാര്യം!

ആദായ വിൽപന, വമ്പിച്ച ലാഭം, താങ്കൾക്ക് ഒരു സമ്മാനം, സൗജന്യ ട്രിപ്പ് തുടങ്ങിയ പരസ്യങ്ങളുമായി പ്രമുഖ ഓൺലൈൻ വ്യാപാര സ്‌ഥാപനങ്ങളുടെ പേരിൽ വരുന്ന ലിങ്കുകൾ കണ്ണടച്ചു തുറക്കരുത്. ഒറ്റ നോട്ടത്തിൽ ഓൺലൈൻ ഷോപ്പിം​ഗ് സൈറ്റുകളുടെ ലിങ്കാണെന്ന് തെറ്റിദ്ധരിച്ചാണ് ഇത്തരം തട്ടിപ്പുകളിൽ ആളുകൾ വീഴുന്നത്. പ്രമുഖ ബാങ്കുകളുടെയോ വ്യാപാര സൈറ്റുകളുടെയോ രൂപത്തിലുള്ള പേജിൽ കാണുന്ന വിലക്കുറവുള്ള സാധനങ്ങളോ സമ്മാനങ്ങളോ വാങ്ങാനായി ‘ബാങ്ക് വിവരങ്ങൾ’ നിങ്ങൾ നൽകിയാൽ അക്കൗണ്ടിൽ നിന്ന് കാശ് പോകുമെന്ന കാര്യം ഉറപ്പ്. താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പ് വരുത്തിയ ശേഷം മാത്രം തുറക്കുക:

അത്യപൂർവ വിലക്കുറവുകളും സമ്മാനങ്ങൾ വാഗ്‌ദാനം ചെയ്യുന്ന ലിങ്കുകൾ കണ്ടാൽ പ്രസ്‌തുത ലിങ്ക് തുറക്കാതെ പ്രസ്‌തുത ലിങ്കിൽ പറയുന്ന വെബ്‌സൈറ്റ് വിലാസം മാത്രം തുറക്കുക. ഉദാഹരണം ആമസോൺ, ഫ്ളിപ് കാർട്ട്, ബുക്ക് മൈ ഷോ, പേറ്റ്മാർട്ട് തുടങ്ങിയവ.

സോഫ്റ്റ്‌വെയർ എല്ലാം എല്ലായ്‌പ്പോഴും അപ്ഡേറ്റ് ചെയ്യുക. മൊബൈലിലെ എല്ലാ പുതിയ അപ്ഡേറ്റുകളും കൃത്യമായി അപ്ഡേറ്റ് ചെയ്യുക. നല്ല ഒരു ആൻറിവൈറസ് സോഫ്ട്‍വെയറും ആന്റ്റി റാൻസംവെയർ സോഫ്റ്റ്‌വെയറും ഇൻസ്‌റ്റാൾ ചെയ്യുക.

Widespread fraud in the name of Amazon
ഇത്തരം തട്ടിപ്പ് സൈറ്റുകളിൽ കാണുന്ന ‘വിശ്വസിപ്പിക്കുന്ന’ ഈ പ്രതികരണങ്ങൾ തട്ടിപ്പ് കമ്പനികൾ നിർമിച്ചു നൽകുന്നതാണ്. മിക്കപ്പോഴും പ്രതികരണങ്ങളിലെ ലിങ്കുകൾ വർക്ക് ചെയ്യില്ല.

വന്നിരിക്കുന്ന ലിങ്കിലുള്ള വെബ് വിലാസം ഏതെന്ന് ഉറപ്പു വരുത്തുക. ‘offer.amazon.com ആണെങ്കിൽ തുറക്കാം. എന്നാൽ, ‘amazon.offer.com എന്നാണെകിൽ തുറക്കരുത്. കാരണം amazon.com എന്നതല്ല ഇവിടെ വിലാസം. പകരം offer.com എന്നതാണ് വിലാസം. ഇന്നെനിക്ക് സുഹൃത്ത് അയച്ച ലിങ്കിലെ വിലാസം നോക്കുക: amazon.akjzyy.cn എന്നാണ്. അഥവാ, ഇതിലെ വെബ് വിലാസം akjzyy.cn എന്നതാണ്. മാത്രവുമല്ല, വെബ് വിലാസത്തിലെ ‘.cn’ സൂചിപ്പിക്കുന്നത് ചൈനയെയാണ്.

പ്രമുഖ കമ്പനികൾ അവരുടെ ഓഫറുകൾ അതാത് വെബ് പോർട്ടലിലും പത്രങ്ങൾ വഴിയും അറിയിക്കും എന്നത് ഓർക്കുക. വെളിച്ചത്തിന്റെ കൂടെ നിഴൽ എന്നതു പോലെ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ടങ്കിൽ ഹാക്കർമാരും നമുക്ക് പിന്നാലെയുണ്ട്.

കാരണം, നമ്മുടെ ‘ഡാറ്റകൾ’ ആണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ‘സാധങ്ങളിൽ’ ഒന്ന്. ഇവയുണ്ടങ്കിൽ മാത്രമേ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അഥവാ നിർമിത ബുദ്ധിശേഷിക്ക് വികാസം പ്രാപിക്കാൻ സാധിക്കുകയുള്ളു എന്നത് ഓർത്തുവെക്കുക. ആയതുകൊണ്ട് എത്രയൊക്കെ ശ്രദ്ധിച്ചാലും തട്ടിപ്പിൽ കുരുങ്ങാനുള്ള സാധ്യത ആധുനിക കാലത്ത് വളരെ കൂടുതലാണ്. എല്ലായ്‌പ്പോഴും നമ്മുടെ വിവേകം ഉപയോഗിക്കുക എന്നതാണ് ഏറ്റവും ‘നല്ല’ സുരക്ഷാ / പ്രതിരോധ മാർഗം.

Most Read: കോവിഡ് തട്ടിപ്പാണെന്ന് പ്രചരിപ്പിച്ച സൈദ്ധാന്തികൻ ഓസ്‌ലോയിൽ കോവിഡ് ബാധിച്ച് മരിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE