സൗദി അരാംകൊയുടെ പേരിൽ വ്യാപക തട്ടിപ്പ്; ഇമെയിലും മൊബൈലും ഉപയോഗിക്കുന്നവർ ജാഗ്രത!

എപ്പോഴെങ്കിലും സന്ദർശിച്ച സെക്‌സ് റിലേറ്റഡ് സൈറ്റുകൾ / പോൺ സൈറ്റുകൾ കൃത്യമായി മനസിലാക്കി ബ്ളാക് മെയിൽ ചെയ്യുന്ന രീതി വ്യാപകമാകുന്നു. സമ്പന്നരും സാധാരണക്കാരും ഉൾപ്പടെ ആയിരങ്ങൾ കെണിയിൽ. കൂടുതലും പ്രവാസികൾ!

By Desk Reporter, Malabar News
fraud in the name of Saudi Aramco
Representational Image
Ajwa Travels

ജിദ്ദ: സൗദി അറേബ്യൻ സർക്കാറിന്റെ ഉടമസ്‌ഥതയിലുള്ള ദേശീയ എണ്ണക്കമ്പനിയായ ‘സൗദി അരാംകൊ’യുടെ പേരിൽ ഏറെ വ്യത്യസ്‌തവും വേറിട്ടതുമായ ഓൺലൈൻ തട്ടിപ്പുമായി പുതിയസംഘം. വാട്‌സാപ്പ്, എസ്‌എംഎസ്, ഇ-മെയിൽ വഴി ലഭിക്കുന്ന സന്ദേശമാണ് തട്ടിപ്പിന്റെ തുടക്കം.

ആയിരക്കണക്കിന് പ്രവാസികളും നാട്ടിലുള്ളവരും ഈ തട്ടിപ്പിൽ വീണുകഴിഞ്ഞു. ചതിക്കുഴിയിൽ പെട്ട പലരും നാണക്കേടു കാരണം പുറത്ത് അറിയിക്കുന്നില്ല എന്നതാണ് വാസ്‌തവം. കുറച്ചുനാളുകൾക്ക് മുൻപ് പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോൺ കമ്പനിയുടെ പേരിൽ നടത്തിയ വ്യാപകതട്ടിപ്പ് രീതി തന്നെയാണ് ഇവിടെയും പിൻതുടരുന്നത്.

സൗദി അരാംകൊ’യുടെ 90ആം വാർഷിക ആഘോഷം!’ ഈ ലിങ്കിൽ ക്ളിക് ചെയ്‌ത്‌ മൽസരത്തിൽ പങ്കെടുക്കൂ. സമ്മാനം നേടൂ എന്നരീതിയിലോ സമാനമായ രീതിയിലോ നമുക്ക് ലഭിക്കുന്ന ഈ ഇംഗ്ളീഷ് സന്ദേശത്തിൽ ക്ളിക് ചെയ്‌താൽ ആരംഭിക്കുകയാണ് ചതിക്കുഴിയിലേക്കുള്ള നമ്മുടെ സഞ്ചാരം.

സാങ്കേതിക ജ്‌ഞാനം ഇല്ലാത്ത ഏതൊരു വ്യക്‌തിക്കും ലവലേശം സംശയം തോന്നാത്ത രീതിയിലുള്ള ലിങ്കാണ് നമുക്ക് ലഭിക്കുക. ഈ ലിങ്കിൽ ക്ളിക് ചെയ്‌താൽ ഒട്ടും സംശയം തോന്നാത്ത രീതിയിലുള്ള, ചില ചോദ്യങ്ങൾ കാണാം. അതുപൂരിപ്പിച്ച് മുന്നോട്ടുപോയാൽ നിങ്ങൾ വിജയിക്കും. ഏതൊരു മനുഷ്യനും ഉത്തരം നൽകാൻ കഴിയുന്ന ചോദ്യങ്ങളായത് കൊണ്ടുതന്നെ കയറുന്ന എല്ലാവരും വിജയിച്ചിരിക്കും.

fraud in the name of Saudi Aramco
ഇതാണ് സൗദി അരാംകൊയുടെ പേരിൽ പ്രചരിക്കുന്ന ‘ഒരു’ വാട്‌സാപ്പ് സന്ദേശം

എനിക്ക് ലഭിക്കുന്ന ചോദ്യങ്ങൾ ആകണമെന്നില്ല നിങ്ങൾക്ക് ലഭിക്കുന്നത് എന്നത് ഓർക്കുക. അത് മാറികൊണ്ടിരിക്കും. ചോദ്യം മാറിയാലും വിജയം സുനിശ്‌ചിതമാണ്. വിജയിച്ച ഉടനെ നിങ്ങൾക്ക് മുന്നിലെ സ്‌ക്രീനിൽ അഭിനന്ദനങ്ങൾ ചൊരിഞ്ഞുകൊണ്ടുള്ള സന്ദേശങ്ങളും മറ്റും പ്രത്യക്ഷപ്പെടും. ശേഷം, സമ്മാനമായി ലഭിക്കുന്ന 2000 രൂപ മുതൽ 2 കോടി രൂപവരെയുള്ള തുക (തുക പലർക്കും പലരീതിയിൽ ആയിരിക്കും കാണിക്കുക) നിങ്ങൾക്ക് അയക്കാനുള്ള അക്കൗണ്ട് നമ്പർ വിശദാംശങ്ങൾ ടൈപ്പ് ചെയ്യാൻ പറയും, ഒപ്പം വിലാസവും.

അത് കഴിയുമ്പോൾ നിങ്ങൾക്ക് മുന്നിൽ ഒരു ലിങ്ക് കൂടി പ്രത്യക്ഷപ്പെടും. അതിൽ ‘ടിക്’ ചെയ്യാനുള്ള ഒരു ബോക്‌സ് കാണും. അതിൽ ടിക് ചെയ്‌ത്‌ സബ്‌മിറ്റ് ചെയ്‌ത്‌, അക്കൗണ്ടിൽ പണംവരുന്നതോ, നൽകിയ വിലാസത്തിൽ സമ്മാനം വരുന്നതോ കാത്തിരിക്കുന്ന നമുക്ക് ലഭിക്കുന്നത് പിന്നീട് ഒരു ഫോൺകോൾ ആയിരിക്കും. അതീവ ഗുരുതരമായ ആ ഫോൺകോൾ നിങ്ങളുടെ ജീവിതം മാറ്റിമറിക്കും.

fraud in the name of Saudi Aramco
Representational Image

എന്താണ് ആ ഫോൺകോൾ ?

വിളിക്കുന്ന ആൾ : ഹലോ ഷിനിൽ അല്ലെ?

ഷിനിൽ : അതെ, ഷിനിലാണ്

വിളിക്കുന്ന ആൾ: ഞങ്ങൾ സൈബർ സെക്യൂരിറ്റി കൗൺസിലിൽ നിന്നാണ്.

ഷിനിൽ വളരെ ഗൗരവത്തിൽ: ഓക്കേ, കാര്യം പറയൂ..

വിളിക്കുന്ന ആൾ: താങ്കൾ 20 സെപ്റ്റംബർ രാത്രി 1 മണിമുതൽ കണ്ടിരുന്ന ഡികോൺ എന്ന പോൺ സൈറ്റ് കാണാൻ പാടില്ലാത്ത നിരോധിത സൈറ്റാണ് എന്നറിയില്ലേ ? അതിൽ താങ്കൾ കണ്ടിരിക്കുന്ന വീഡിയോകൾ സൈബർ നിയമം അനുസരിച്ച് കുറ്റകരമാണ്. അതിന്റെ വിശദാംശങ്ങൾ സർക്കാരിന് നൽകും മുൻപ് താങ്കളെ അറിയിക്കാൻ വിളിച്ചതാണ്.

ഷിനിൽ വളരെ പരിഭ്രമത്തോടെ: സാർ താങ്കൾ ആരാണ്? എവിടെ നിന്നാണ്?

ഇനി ഈ ഫോൺ കോളിലൂടെ സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെ എഴുതാതെ വായനക്കാർക്ക് മനസിലാക്കാവുന്നതാണ്. ചുരുക്കത്തിൽ ഷിനിൽ 1000 മുതൽ 10,000 വരെയുള്ള ‘ഡോളർ’ (നിങ്ങളുടെ ജോലിയും മറ്റുംനോക്കിയാണ് ഡോളർ വലിപ്പം തീരുമാനിക്കുന്നത്) കടംവാങ്ങി ഉണ്ടാക്കിയിട്ടാണെങ്കിലും ഇവർ പറയുന്ന പേപാൽ പോലുള്ള ഏതെങ്കിലും ആധുനിക അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യും. അക്കൗണ്ട് ഉടമ ആരെന്നു പോലും അറിയാൻ സാധിച്ചെന്ന് വരില്ല. സാധിച്ചാലും നിശബ്‌ദത പാലിക്കാനേ സാധിക്കുകഴിയൂ . ഫോണിലേക്ക് തിരികെ വിളിക്കാനും സാധിക്കില്ല. കാരണം, ആ നമ്പർ ഒന്നോ രണ്ടോ പേരെ വിളിക്കാൻ മാത്രമായി, നെറ്റ് ലോകത്തെ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു ഉണ്ടാക്കുന്നതാണ്!

fraud in the name of Saudi Aramco
Representational Image

പണം നൽകിയില്ലെങ്കിൽ എന്ത് സംഭവിക്കും?

ഈ അടുത്ത നാളിൽ സുപരിചിതനായ ഡോക്‌ടർക്ക് ഇത്തരത്തിലൊരു കോൾവന്നു. അൽപം ധൈര്യശാലിയായ ഡോക്‌ടർ സ്‌നേഹപൂർവമുള്ള ബ്ളാക് മെയ്‌ലിങ്ങിന് നിന്നുകൊടുത്തില്ല. രണ്ടു ദിവസങ്ങൾക്ക് ശേഷം ഇവരുടെ ആൺ സുഹൃത്തിന്റെ ഫേസ്ബുക്‌ മെസേജിൽ സന്ദേശം ലഭിച്ചു. അതിങ്ങനെ ആയിരുന്നു താങ്കളുടെ xxxxxxxxxxxxxxxxxxxxxxxxxx സുഹൃത്ത് 13 മിനിറ്റ് കണ്ട ഈ വീഡിയോ കാണാൻ താങ്കളെയും ക്ഷണിക്കുന്നു. ഒപ്പം വീഡിയോയുടെ ചെറിയ ക്ളിപ്പും, ഡോക്‌ടറുടെ എഫ്‌ബി പ്രൊഫൈൽ ലിങ്കും!! മൂന്നോ നാലോ ദിവസങ്ങൾക്ക് ശേഷം വീണ്ടും കോൾ വന്നു. അവർ ആവശ്യപ്പെട്ട 1500 ഡോളർ നോർത്ത് കൊറിയയിലുള്ള ഒരു പേപാൽ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. അന്നുമുതൽ പ്രശ്‌നം ഒന്നും ഉണ്ടായില്ല. എങ്കിലും ഡോക്‌ടർ ആ എഫ്ബി പ്രൊഫൈൽ ഡിലീറ്റ് ചെയ്‌ത ശേഷം മൊബൈൽ നമ്പർ ക്യാൻസൽ ചെയ്യുകയും മറ്റൊരെണ്ണം എടുക്കുകയും ചെയ്‌തു.

fraud in the name of Saudi Aramco
Representational Image

ഇതെങ്ങനെ സംഭവിക്കുന്നു?

ലളിതമാണ് ഉത്തരം. നിങ്ങൾ മേൽവിലാസമോ, അക്കൗണ്ട് ഡീറ്റയിൽസോ ഫിൽ ചെയ്‌ത്‌ സബ്‌മിറ്റ് ചെയ്യുമ്പോൾ, അവസാനമായി ചെയ്യുന്ന വെറും ഒരു ടിക് മാർക്കിലാണ് കാര്യങ്ങളുടെ കിടപ്പ്. ഈ ടിക് മാർക്കിൽ ക്ളിക് ചെയ്യുമ്പോൾ അല്ലങ്കിൽ Agreed, Permitted, Allow എന്നതിൽ ഞെക്കുമ്പോൾ നിങ്ങൾ ചെയ്യുന്നത് ഇനി പറയുന്ന കാര്യമാണ്. നിങ്ങളുടെ മൊബൈലിൽ ഉള്ള എന്തെല്ലാം എടുക്കാം, നിങ്ങളുടെ മൊബൈലിൽ എന്തെല്ലാം ഇൻസ്‌റ്റാൾ ചെയ്യാം, നിങ്ങളുടെ മൊബൈലിൽ എവിടെയൊക്കെ കയറാം എന്നതിനുള്ള അവകാശമാണ് നാം അവർക്ക് നൽകുന്നത്.

പിന്നീട് എന്ത് സംഭവിക്കും?

ഈ പറയുന്ന കാര്യങ്ങൾക്ക് നിങ്ങൾ അനുവാദം കൊടുക്കുന്നതോടെ, നിങ്ങൾ പോലുമറിയാതെ നിങ്ങളുടെ മൊബൈലിൽ പലതരം ‘ആപ്‌ളിക്കേഷനുകൾ’ അല്ലങ്കിൽ വൈറസുകൾ പ്രസ്‌തുത വെബ്സൈറ്റ് വഴി ഇൻസ്‌റ്റാൾ ചെയ്യും. ഇവ ഒരു ‘വിദഗ്‌ധൻ’ വിചാരിച്ചാൽ മാത്രമേ പിന്നീട് കണ്ടെത്താൻ കഴിയൂ എന്നതുകൊണ്ട് തന്നെ പലപ്പോഴും മൊബൈൽ ഉപയോഗിക്കുന്ന സാധാരണക്കാരൻ ഇതറിയാതെ പോകും.

നമ്മുടെ അനുവാദ പ്രകാരം (Agreed, Permitted, Allow) അവർ ഇൻസ്‌റ്റാൾ ചെയ്യുന്ന ആപ്പുകൾ / വൈറസുകൾ വഴി നമ്മുടെ മൊബൈലിൽ നടക്കുന്നതും മൊബൈൽ ഉപയോഗിച്ച് നടത്തുന്നതുമായ എല്ലാ കാര്യങ്ങളും മറ്റൊരാൾ കൂടി വീക്ഷിക്കും. അയാളെ നിങ്ങൾ കാണുന്നില്ല എന്നുമാത്രം. അത്, മിക്കപ്പോഴും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധിയായിരിക്കുകയും ചെയ്യും.

fraud in the name of Saudi Aramco
Representational Image

നിങ്ങൾ പ്രസ്‌തുത മൊബൈലിലെ നെറ്റ് ഉപയോഗിച്ച് ചെയ്യുന്നതും മൊബൈലിൽ ചെയ്യുന്നതുമായ എല്ലാ പ്രവർത്തികളും വിശദമായ റിപ്പോർട്ടോടെ നിങ്ങളെ വീക്ഷിക്കുന്ന ആൾക്ക് കിട്ടും. ഈ വിവരങ്ങൾ ഉപയോഗിച്ച് പിന്നീട് എന്തൊക്കെ ചെയ്യാം എന്നത് ഊഹിച്ചാൽ മനസിലാക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ, സാധാരണക്കാർ മനസിലാക്കേണ്ടത് ‘മാത്രം’ ലളിതമായി താഴെ പറയാം. ശ്രദ്ധിച്ചു വായിക്കുക.

എന്താണ് മാൽവേർ?

കൃത്യമായ ഉദ്ദേശ ലക്ഷ്യങ്ങളോടെ നമ്മുടെ മൊബൈലിൽ ഏതെങ്കിലും ലിങ്കുകൾ വഴിയോ സൈറ്റുകൾ വഴിയോ ആപ്പുകൾ വഴിയോ നിക്ഷേപിക്കുന്ന (ഇൻസ്‌റ്റാൾ) ഒരു ഉപദ്രവകാരിയായ സോഫ്‌റ്റ് വെയറിനെയാണ് ‘മാൽവേർ’ എന്ന് വിശേഷിപ്പിക്കുന്നത്. ഇത് നമ്മുടെ കംപ്യൂട്ടറിലോ അല്ലെങ്കിൽ മൊബൈലിലോ നിക്ഷേപിക്കപെട്ടാൽ നമ്മുടെ സകല ഫയലുകളും സെർച്ച് ഹിസ്‌റ്ററി ഉൾപ്പടെയുള്ള ഇതര ഡാറ്റകളും ‘മാൽവേർ’ ഉടമസ്‌ഥർക്ക് ലഭ്യമാകും.

fraud in the name of Saudi Aramco
Representational Image

എന്താണ് റാൻസംവേറുകൾ?

മാൽവേറിനേക്കാൾ കുറച്ചുകൂടി ശക്‌തനാണ് എന്നുമാത്രം. പ്രവർത്തന രീതി; റാൻസംവേറുകൾ നമ്മുടെ ലാപ്പിലോ മൊബൈലിലോ ഡെസ്‌ക് ടോപ്പിലോ നിക്ഷേപിക്കപ്പെട്ടാൽ നമ്മുടെ മുഴുവൻ ഫയലുകളെയോ ഏതെങ്കിലും സവിശേഷ ഫോൾഡറുകളെയോ ‘എൻക്രിപ്റ്റ്‌’ ചെയ്‌ത്‌ നമുക്ക് ഉപയോഗിക്കാൻ പറ്റാത്ത രീതിയിലാക്കി മാറ്റും. എന്നിട്ട് ആ കംപ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ പഴയ രൂപത്തിൽ ആക്കാൻ നമ്മോട് പണം ആവശ്യപ്പെടും.

കഴിഞ്ഞ വർഷങ്ങളിൽ Wannacry എന്ന പേരിൽ അതീവഗുരുതരമായ റാൻസംവേറുകൾ ഒന്നേകാൽ ലക്ഷംപേരുടെ പണവും സമയവുമാണ് കളഞ്ഞുകുളിച്ചത്. കേരളത്തിൽ നിന്നും നൂറുകണക്കിന് ആളുകൾ പെട്ടുപോയി. വിവാഹ ആൽബങ്ങൾ സൂക്ഷിച്ച ഫയലുകൾ വരെ പല ഫോട്ടോഗ്രാഫർമാർക്കും നഷ്‌ടമായി. മാദ്ധ്യമ പ്രവർത്തകർക്കും ആശുപത്രികൾക്കും വരെ കേരളത്തിൽ 8ന്റെ പണികിട്ടി.

fraud in the name of Saudi Aramco
Representational Image

സൂക്ഷ്‌മത അനിവാര്യം!

ആദായ വിൽപന, വമ്പിച്ച ലാഭം, താങ്കൾക്ക് ഒരു സമ്മാനം, സൗജന്യ ട്രിപ്പ് തുടങ്ങിയ പരസ്യങ്ങളുമായി പ്രമുഖ ഓൺലൈൻ വ്യാപാര സ്‌ഥാപനങ്ങളുടെ പേരിൽ വരുന്ന ലിങ്കുകൾ കണ്ണടച്ചു തുറക്കരുത്. ഒറ്റ നോട്ടത്തിൽ ഓൺലൈൻ ഷോപ്പിം​ഗ് സൈറ്റുകളുടെ ലിങ്കാണെന്ന് തെറ്റിദ്ധരിച്ചാണ് ഇത്തരം തട്ടിപ്പുകളിൽ ആളുകൾ വീഴുന്നത്. പ്രമുഖ ബാങ്കുകളുടെയോ വ്യാപാര സൈറ്റുകളുടെയോ രൂപത്തിലുള്ള പേജിൽ കാണുന്ന വിലക്കുറവുള്ള സാധനങ്ങളോ സമ്മാനങ്ങളോ വാങ്ങാനായി ‘ബാങ്ക് വിവരങ്ങൾ’ നിങ്ങൾ നൽകിയാൽ അക്കൗണ്ടിൽ നിന്ന് കാശ് പോകുമെന്ന കാര്യം ഉറപ്പ്. താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പ് വരുത്തിയ ശേഷം മാത്രം തുറക്കുക.

fraud in the name of Saudi Aramco
Representational Image

അത്യപൂർവ വിലക്കുറവുകളും സമ്മാനങ്ങൾ വാഗ്‌ദാനം ചെയ്യുന്ന ലിങ്കുകൾ കണ്ടാൽ പ്രസ്‌തുത ലിങ്ക് തുറക്കാതെ പ്രസ്‌തുത ലിങ്കിൽ പറയുന്ന വെബ്‌സൈറ്റ് വിലാസം മാത്രം തുറക്കുക. ഉദാഹരണം ആമസോൺ, ഫ്ളിപ് കാർട്ട്, ബുക്ക് മൈ ഷോ, പേറ്റ്മാർട്ട് തുടങ്ങിയവ.

സോഫ്റ്റ്‌വെയർ എല്ലാം എല്ലായ്‌പ്പോഴും അപ്ഡേറ്റ് ചെയ്യുക. മൊബൈലിലെ എല്ലാ പുതിയ അപ്ഡേറ്റുകളും കൃത്യമായി അപ്ഡേറ്റ് ചെയ്യുക. നല്ല ഒരു ആന്റിവൈറസ് സോഫ്‌റ്റ്‌വെയറും  ആന്റി റാൻസംവെയർ സോഫ്‌റ്റ്‌വെയറും ഇൻസ്‌റ്റാൾ ചെയ്യുക.

വന്നിരിക്കുന്ന ലിങ്കിലുള്ള വെബ് വിലാസം ഏതെന്ന് ഉറപ്പു വരുത്തുക. ‘offer.aramco.com ആണെങ്കിൽ തുറക്കാം. എന്നാൽ,aramco.com.offer.com എന്നാണെങ്കിൽ തുറക്കരുത്. കാരണം aramco.com എന്നതല്ല ഇവിടെ വിലാസം. പകരം offer.com എന്നതാണ് വിലാസം. ഈ സ്‌ക്രീൻ ഷോട്ടിലെ വിലാസം നോക്കുക:

fraud in the name of Saudi Aramcoamazon.akjzyy.cn എന്നാണ്. അഥവാ, ഇതിലെ വെബ് വിലാസം akjzyy.cn എന്നതാണ്. മാത്രവുമല്ല, വെബ് വിലാസത്തിലെ ‘.cn’ സൂചിപ്പിക്കുന്നത് ചൈനയെയാണ്. പ്രമുഖ കമ്പനികൾ അവരുടെ ഓഫറുകൾ അതാത് വെബ് പോർട്ടലിലും പത്രങ്ങൾ വഴിയും അറിയിക്കും എന്നത് ഓർക്കുക. വെളിച്ചത്തിന്റെ കൂടെ നിഴൽ എന്നതു പോലെ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ടങ്കിൽ ഹാക്കർമാരും നമുക്ക് പിന്നാലെയുണ്ട്.

fraud in the name of Saudi Aramco
ഈ ഇമേജിലെ 1 & 2 എന്ന് ചുവപ്പിൽ രേഖപ്പെടുത്തിയ അടയാളങ്ങൾ ശ്രദ്ധിക്കുക

ഇതിൽ, ഒന്നിൽ രേഖപ്പെടുത്തിയതല്ല നാം നോക്കേണ്ടത്. അത് നമുക്ക് ‘സെറ്റ്’ ചെയ്യാൻ സാധിക്കും. 2 രേഖപ്പെടുത്തിയ ലിങ്കിൽ https://www.aramco.com/ എന്നാണ് ആദ്യംവരേണ്ടിയിരുന്നത്. മറ്റൊരു ഡൊമൈൻ നെയിം വേറെ ഇതിൽ കാണാനും പാടില്ല. എങ്കിൽ കുറച്ചൊക്കെ വിശ്വസിക്കാമായിരുന്നു.

ഓർക്കുക, നമ്മുടെ ഡാറ്റകൾ ആണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ‘സാധങ്ങളിൽ’ ഒന്ന്. ഇവയുണ്ടങ്കിൽ മാത്രമേ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അഥവാ നിർമിത ബുദ്ധിശേഷിക്ക് വികാസം പ്രാപിക്കാൻ സാധിക്കുകയുള്ളു എന്നത് ഓർത്തുവെക്കുക. ആയതുകൊണ്ട് എത്രയൊക്കെ ശ്രദ്ധിച്ചാലും തട്ടിപ്പിൽ കുരുങ്ങാനുള്ള സാധ്യത ആധുനിക കാലത്ത് വളരെ കൂടുതലാണ്. എല്ലായ്‌പ്പോഴും നമ്മുടെ വിവേകം ഉപയോഗിക്കുക എന്നതാണ് ഏറ്റവും ‘നല്ല’ സുരക്ഷാ / പ്രതിരോധ മാർഗം.

Most Read: മോദി തരംഗം കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ജയിക്കാനാവില്ല; യെദിയൂരപ്പ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE