ന്യൂഡെൽഹി: കോൺഗ്രസ് വിട്ടത് വിദ്വേഷമില്ലാതെയെന്ന് കപിൽ സിബൽ. സോണിയാ ഗാന്ധിയുമായി സംസാരിച്ചാണ് പാർട്ടി വിട്ടത്. കോൺഗ്രസിനെതിരെ പറഞ്ഞകാര്യങ്ങൾ ആവർത്തിക്കില്ലെന്നും കപിൽ സിബൽ പറഞ്ഞു. സ്വതന്ത്ര നിലപാട് സ്വീകരിക്കാനാണ് കോൺഗ്രസ് വിട്ടതെന്ന് കപിൽ സിബൽ പറഞ്ഞു. പാർലമെന്റിലും പുറത്തും പറയാനുള്ളത് പറയാനുള്ള സ്വാതന്ത്ര്യം ഇനി കിട്ടുമെന്നും ഇദ്ദേഹം പറഞ്ഞു.
പ്രാദേശിക പാർട്ടികളുടെ കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാട് ഇദ്ദേഹം തള്ളി. പ്രാദേശിക പാർട്ടികൾക്കും ബിജെപിയെ നേരിടാനുള്ള ആശയ അടിത്തറയുണ്ട്. എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കാനാവും തന്റെ ശ്രമം. ഫെഡറൽ മുന്നണി എന്ന ചർച്ച പ്രതിപക്ഷ ഐക്യത്തിന് എതിരാണ്. പ്രതിപക്ഷത്ത് ഒരു നേതാവുണ്ടാകും.
അത് രാഹുൽ ഗാന്ധിയാവുമോ എന്ന് ഇപ്പോൾ ചർച്ചചെയ്യേണ്ടതില്ലെന്നും സിബൽ വ്യക്‌തമാക്കി. ഗ്യാൻവാപി മസ്‌ജിദ് കേസ് പോലുള്ള വിഷയങ്ങളിൽ സ്വതന്ത്ര നിലപാട് പറയും. ഒരു പാർട്ടിയുടെയും ചട്ടക്കൂട് തനിക്ക് ബാധകമല്ലെന്നും കപിൽ സിബൽ പറഞ്ഞു.
Read Also: രാജ്യത്ത് മദ്യനിരോധനം പിൻവലിക്കില്ല; സൗദി ടൂറിസം മന്ത്രാലയം