റിയാദ്: സൗദിയിൽ മദ്യനിരോധനം പിൻവലിക്കില്ലെന്ന് ടൂറിസം മന്ത്രാലയം. മദ്യ നിരോധന നിയമം നിലനിൽക്കെ ടൂറിസം മേഖലയിൽ വലിയ വളർച്ച കൈവരിച്ചതായും, 2021ൽ സൗദി സന്ദർശിച്ച വിദേശ ടൂറിസ്‌റ്റുകളുടെ എണ്ണം ഉയർന്നതായും ടൂറിസം സഹ മന്ത്രി. ദാവോസിൽ നടക്കുന്ന വേൾഡ് വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു ഹൈഫ ബിൻത് മുഹമ്മദ് അൽ സൗദ്.
60 ദശലക്ഷം ടൂറിസ്‌റ്റുകൾ കഴിഞ്ഞ വർഷം സൗദിയിൽ എത്തിയിരുന്നു. സാമ്പത്തിക ഫോറത്തിന്റെ ടൂറിസം സൂചിക പ്രകാരം 2019 നാൽപ്പത്തി മൂന്നാം സ്‌ഥാനത്തായിരുന്നു സൗദി, ആഗോള തലത്തിൽ മുപ്പത്തി മൂന്നാം സ്‌ഥാനത്തേക്കും ഉയർന്നു. നിലവിലെ സാഹചര്യത്തിൽ മദ്യ നിരോധന നിയമം സൗദിയിൽ തുടരുമെന്നും മന്ത്രി വ്യക്‌തമാക്കി.
മദ്യനിരോധനം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഉണ്ടായിട്ടും, ആഗോളതലത്തിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ സൗദി ഏറെ മുന്നോട്ടു പോയിട്ടുണ്ട്. തൊഴിൽ മേഖലയിലെ വനിതാ പ്രാതിനിധ്യം വിഷൻ 2030 പദ്ധതി ലക്ഷ്യമിട്ടതിനേക്കാൾ വർധിച്ചതായും മന്ത്രി പറഞ്ഞു.
രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങൾ 42 ശതമാനവും വനിതകളുടെതാണ്. തൊഴിലവസരം ശമ്പളം തുടങ്ങിയവയിൽ സ്‌ത്രീ-പുരുഷ വിവേചനം ഇല്ല. രാജ്യത്ത് ബിരുദം നേടുന്ന സ്‌ത്രീകളുടെ എണ്ണം പുരുഷൻമാരേക്കാൾ കൂടുതൽ ആണെന്നും ഹൈഫ അൽ സൗദ് കൂട്ടിച്ചേർത്തു.
Read Also: വിവാദങ്ങൾക്കിടെ അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും