ന്യൂഡെല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല പുറത്തിറക്കിയ ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെയുള്ള സര്‍ക്കുലര്‍ സ്‍ത്രീ വിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നും ദേശീയ വനിതാ കമ്മീഷന്‍. ആണ്‍സുഹൃത്തുക്കളുമായുള്ള സൗഹൃദത്തിന് എവിടെയാണ് അതിര്‍വരമ്പ് വേണ്ടതെന്ന് പെണ്‍കുട്ടികള്‍ മനസിലാക്കണം എന്ന് ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ സ്‍ത്രീവിരുദ്ധമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ആരോപിച്ചു.
എന്തുകൊണ്ടാണ് ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഉപദേശം സ്‍ത്രീകളോട് മാത്രമായി ഒതുങ്ങുന്നതെന്ന് ചോദിച്ച രേഖ ശര്‍മ, ഇരയെ അല്ല അതിക്രമം കാണിക്കുന്നവരെയാണ് ബോധവല്‍ക്കരിക്കേണ്ടത് എന്നും വ്യക്‌തമാക്കി. ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ജനുവരി 17ന് കൗണ്‍സലിംഗ് നടത്തുമെന്ന് അറിയിച്ച് യൂണിവേഴ്‌സിറ്റി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലറിലാണ് വിവാദ പരാമര്‍ശമുള്ളത്.
‘അടുത്ത സുഹൃത്തുക്കള്‍ ലൈംഗികാതിക്രമം നടത്തുന്നതായ ഒട്ടേറെ പരാതികള്‍ സമിതിക്ക് ലഭിക്കാറുണ്ട്. ആണ്‍കുട്ടികള്‍ പലപ്പോഴും സൗഹൃദത്തിന്റെ അതിര്‍വരമ്പ് ലംഘിക്കാറുള്ളതായി കാണുന്നു. അതുകൊണ്ട് ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകാതിരിക്കാന്‍ ആണ്‍സൗഹൃദങ്ങള്‍ക്കിടയില്‍ വ്യക്‌തമായ അതിര്‍വരമ്പ് വരക്കേണ്ടത് എവിടെയാണെന്ന് പെണ്‍കുട്ടികള്‍ മനസിലാക്കേണ്ടതുണ്ട്’ – സർക്കുലറിൽ പറയുന്നു.
Read also: മൻമോഹൻ സിംഗ് ആയിരുന്നെങ്കിൽ രാജി വച്ചേനെ; മോദിക്കെതിരെ രാഹുൽ ഗാന്ധി