ന്യൂഡെൽഹി: ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ സമയത്ത് മൻമോഹൻ സിംഗ് ആയിരുന്നു പ്രധാനമന്ത്രിയെങ്കിൽ അദ്ദേഹം രാജി വെക്കുമായിരുന്നു എന്ന് രാഹുൽ പറഞ്ഞു.
മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെ ആയിരുന്നു ചൈന ഇന്ത്യയുടെ ഭൂമി കയ്യേറിയിരുന്നത് എങ്കിൽ അദ്ദേഹം രാജിവച്ച് ഒഴിയുമായിരുന്നു. പ്രധാനമന്ത്രി മോദിക്കൊപ്പം ചൈന ഇന്ത്യൻ പ്രദേശങ്ങൾ പിടിച്ചെടുത്തെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ത്രിദിന പരിശീലന ക്യാംപിന്റെ സമാപനത്തോടനുബന്ധിച്ച് ജയ്‌പൂരിൽ നടന്ന കോൺഗ്രസ് പ്രവർത്തകരുടെ യോഗത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധി അതിനെ ‘സ്‌നേഹം കൊണ്ട് നേരിടണം’ എന്നും പറഞ്ഞു.
ആർഎസ്എസിന്റെയും ബിജെപിയുടെയും നീക്കങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന ക്യാംപ് സംഘടിപ്പിച്ചത്. കോൺഗ്രസിന്റെ പ്രത്യയശാസ്‌ത്രം ജനങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ പാർട്ടി പ്രവർത്തകരോട് ക്യാംപിൽ ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ ബിജെപിയും ആർഎസ്എസും നടത്തുന്ന “കപട ദേശീയ പ്രചാരണത്തെ” നേരിടാനും അവരോട് ആവശ്യപ്പെട്ടു.
ബിജെപിയും ആർഎസ്എസും മതരാഷ്‌ട്രീയ പ്രചാരണത്തിൽ മുഴുകുന്നത് അവർക്ക് മറ്റൊന്നും എടുത്തുപറയാൻ ഇല്ലാത്തതു കൊണ്ടാണെന്ന് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.
Most Read: 15 ലക്ഷത്തിൽ കുറഞ്ഞ അഴിമതിയിൽ പരാതി വേണ്ട; ബിജെപി എംപി