ലോകാരോഗ്യ ദിനം; നീതിയുക്‌തവും ആരോഗ്യ പൂര്‍ണവുമായ ലോകം ലക്ഷ്യം

By Syndicated , Malabar News
world-health-day
Ajwa Travels

തിരുവനന്തപുരം: കോവിഡ് മഹാമാരി കാലത്തുള്ള ലോകാരോഗ്യ ദിനത്തിന് ഏറെ പ്രസക്‌തിയുണ്ടെന്ന് ആരോഗ്യ വകുപ്പ്. എല്ലാ വര്‍ഷവും ഏപ്രില്‍ 7ന് ലോകാരോഗ്യ ദിനാചരണം ആഘോഷിച്ചു വരുന്നു. കോവിഡ് രോഗ വ്യാപനം ആഗോള ആരോഗ്യ വ്യവസ്‌ഥയില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തിയതിനാല്‍ ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണത്തിന് ഏറെ പ്രാധാന്യമുണ്ട്. ‘നീതിയുക്‌തവും ആരോഗ്യ പൂര്‍ണമായ ഒരു ലോകം പടുത്തുയര്‍ത്താം’ എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം.

മികച്ചതും ആരോഗ്യകരവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് ജനങ്ങളെ ഒരുമിച്ച് കൊണ്ടു വരുന്നതിനുമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഗോള പ്രചാരണമാണ് ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി ലോകാരോഗ്യ സംഘടന നടപ്പിലാക്കുന്നത്. ‘വംശം, മതം, രാഷ്‌ട്രീയ വിശ്വാസം, സാമ്പത്തിക, സാമൂഹിക അവസ്‌ഥ എന്നിവയില്‍ വ്യത്യാസമില്ലാതെ ഓരോ മനുഷ്യന്റെയും മൗലികാവകാശങ്ങളില്‍ ഒന്നാണ് ഏറ്റവും ഉയര്‍ന്ന ആരോഗ്യ നിലവാരം ആസ്വദിക്കുക’ എന്ന ലോകാരോഗ്യ സംഘടനയുടെ ഭരണഘടനാ തത്വം പ്രാവര്‍ത്തികമാക്കുക എന്നതാണ് ഈ ക്യാംപയിന്റെ ലക്ഷ്യം.

കോവിഡ് വ്യാപനം ലോകത്ത് പലയിടത്തും ആളുകളെ ദാരിദ്ര്യത്തിലേക്കും ഭക്ഷ്യ അരക്ഷിതാവസ്‌ഥയിലേക്കും തള്ളിവിടുകയും വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്‌തിട്ടുണ്ട്.

എന്നാല്‍ കേരളത്തിലെ ശക്‌തമായ ആരോഗ്യ അടിത്തറ കാരണം കോവിഡിനെ പ്രതിരോധിക്കുന്നതിന് ഒപ്പം നിലവിലുള്ള ഇതര പകര്‍ച്ചവ്യാധികളേയും നിയന്ത്രിക്കാന്‍ സാധിച്ചു. ഇതോടൊപ്പം ജലജന്യ, പ്രാണിജന്യ, ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ എപ്പോഴും മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുമാണ്. പരിസര ശുചീകരണത്തിനും കൊതുക് നിയന്ത്രണത്തിനും എന്ന പോലെ ഭക്ഷണ ശുചിത്വത്തിനും വ്യക്‌തി ശുചിത്വത്തിനും ഏറെ പ്രാധാന്യം നല്‍കേണ്ടതുണ്ട്.

ജീവിതശൈലി രോഗങ്ങള്‍ ഒരു വെല്ലുവിളിയായി സംസ്‌ഥാനത്ത് വര്‍ധിച്ചു വരികയാണ്. ചിട്ടയായ ജീവിതശൈലിയും പോഷകാഹാരപ്രദമായ ഭക്ഷണക്രമവും കൃത്യമായ വ്യായാമവും ശീലമാക്കുന്നതിലൂടെ പ്രമേഹം, രക്‌താതിമര്‍ദ്ദം, ക്യാന്‍സര്‍, അമിതവണ്ണം, ഹൃദ്രോഗങ്ങള്‍, വൃക്കരോഗം, കരള്‍ രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ ഒരു പരിധിവരെ തടയുവാന്‍ കഴിയുന്നതാണ്.

ഇതോടൊപ്പം ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണവും സമൂഹത്തില്‍ വര്‍ധിച്ചു വരികയാണ്. ഇത്തരം ജീവിതശൈലി രോഗങ്ങളും, മാനസിക രോഗങ്ങളും നിയന്ത്രിക്കുന്നതിനായി ആരോഗ്യവകുപ്പ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. എന്‍സിഡി ക്ളിനിക്കുകള്‍, ശ്വാസ്, ആശ്വാസ് ക്ളിനിക്കുകള്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ താഴെത്തട്ടില്‍ നിന്നുതന്നെ ആരംഭിച്ചിട്ടുണ്ട്.

ലോകത്തിനു തന്നെ മാതൃകയാകുന്ന രീതിയില്‍ നമ്മുടെ ആരോഗ്യ കേന്ദ്രങ്ങള്‍ മാറുകയാണ്. ആരോഗ്യ വകുപ്പിന് കീഴിലുള്ള എല്ലാ ആരോഗ്യ സ്‌ഥാപനങ്ങളിലും പകര്‍ച്ച വ്യാധികളുടെയും ജീവിതശൈലി രോഗങ്ങളെയും പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. സാധാരണക്കാരനു ലഭ്യമാകുന്ന രീതിയില്‍ മികച്ച ചികിൽസ തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

Read also: വാളയാർ പെൺകുട്ടികളുടെ മാതാവിനെ വിമർശിച്ച് ഹരീഷ് വാസുദേവന്‍; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE