ശബരിമല: ശബരിമല നട തുറന്നതിന് പിന്നാലെ കെഎസ്ആർടിസിക്ക് കർശന നിർദ്ദേശങ്ങൾ നൽകി പത്തനംതിട്ട ജില്ലാ കലക്‌ടർ. മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നതിന് പിന്നാലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കലക്‌ടറുടെ നിർദ്ദേശം.
പ്രധാന നിർദ്ദേശങ്ങൾ
- വെർച്വൽ ക്യൂ ബുക്ക് ചെയ്‌ത ഭക്‌തരെ മാത്രമേ പമ്പയിലേക്ക് യാത്ര അനുവദിക്കാനും പമ്പയിൽ ഇറക്കാനും പാടുള്ളൂ.
- വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്ത ഭക്‌തരെ സ്‌പോട്ട് ബുക്കിങ്ങിനായി നിലയ്‌ക്കലിൽ ഇറക്കണം. ബുക്കിങ്ങിന് ശേഷം ഇവർക്ക് പമ്പയിലേക്ക് പോകാൻ സൗകര്യം ഉറപ്പാക്കണം.
- ടിക്കറ്റ് നൽകുമ്പോൾ ഭക്‌തരുടെ വെർച്വൽ ക്യൂ ബുക്കിങ് വിവരം പരിശോധിച്ച് അതനുസരിച്ച് വേണം പമ്പയിലേക്കോ നിലയ്‌ക്കലിലേക്കോ ടിക്കറ്റ് നൽകാൻ.
- ഇതുസംബന്ധിച്ച അറിയിപ്പ് ഡിപ്പോകളിലും ബസുകളിലും ഓൺലൈൻ റിസർവേഷൻ സംവിധാനത്തിലും വിവിധ ഭാഷകളിൽ പ്രദർശിപ്പിക്കണം.
ഇത്തവണ പമ്പയിൽ സ്‌പോട്ട് ബുക്കിങ് സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് നടപടി. നിലയ്‌ക്കലിൽ മാത്രമാണ് സ്‌പോട്ട് ബുക്കിങ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്തവർ പമ്പയിൽ എത്തിയാൽ വീണ്ടും നിലയ്‌ക്കലിലേക്ക് പോകേണ്ടിവരും. ഇത് വലിയ തോതിൽ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന വിലയിരുത്തലിലാണ് കലക്‌ടർ ഇടപെട്ട് കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
നാളെ മുതൽ പ്രതിദിനം 80,000 പേർക്കാണ് ദർശനം. വെർച്വൽ ക്യൂ വഴി 60,000, നിലയ്‌ക്കലിൽ സ്‌പോട്ട് ബുക്കിങ് വഴി 10,000, എരുമേലി, പുല്ലുമേട് കാനനപാത വഴി 3000 വീതം ഓൺലൈൻ ടിക്കറ്റ് ലഭിക്കും. വണ്ടിപ്പെരിയാർ സത്രം വഴി ദിവസം 2000 പേർക്കും അനുമതിയുണ്ട്.
എല്ലാ ദിവസവും പുലർച്ചെ മൂന്നിന് നട തുറക്കും. 3.30 മുതൽ 11 വരെയാണ് നെയ്യഭിഷേകം. ഉച്ചപൂജയ്‌ക്ക് ശേഷം ഒന്നിന് നട അടച്ചാൽ വൈകീട്ട് മൂന്നിന് തുറക്കും. രാത്രി 11ന് ഹരിവരാസനം. ഡിസംബർ 27നാണ് മണ്ഡലപൂജ. അന്ന് രാത്രി നട അടക്കുന്നതോടെ മണ്ഡലകാല തീർഥാടനത്തിന് സമാപനമാകും. മകരവിളക്ക് തീർഥാടനത്തിനായി 30ന് വൈകീട്ട് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19 വരെ ഭക്‌തർക്ക് ദർശനം നടത്താം. 20ന് നട അടയ്‌ക്കും.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം






































