മലപ്പുറം: കേരളീയ സമൂഹം വിദ്യാഭ്യാസ സാംസ്കാരിക സാമൂഹ്യ രംഗങ്ങളിലെ കരുത്തുറ്റ പ്രവർത്തനങ്ങൾകൊണ്ട് നേടിയെടുത്ത അഭിമാനാർഹമായ നേട്ടങ്ങൾ തകർക്കുന്ന സമീപനം ആരിൽനിന്നുണ്ടായാലും അതിനെതിരായി പ്രതികരിക്കാൻ കഴിയേണ്ടതുണ്ടെന്ന് രാജ്യസഭാംഗം പിപി സുനീർ.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) വിദ്യാഭ്യാസ സമിതി പുതുപൊന്നാനി ബിഎഡ് ട്രെയ്നിങ് കോളജിൽ സംഘടിപ്പിച്ച അധ്യാപകദിനാചരണ ചടങ്ങ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുനീർ.
നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് മഹല്ലുകൾക്കും മദ്രസകൾക്കും സമസ്ത കാന്തപുരം വിഭാഗം സർക്കുലർ നൽകിയിരുന്നു. ബന്ധുക്കളല്ലാത്ത പുരുഷൻമാർക്കിടയിൽ സ്ത്രീകളെ പൊതുസ്ഥലങ്ങളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ഇസ്ലാമികമല്ലെന്നും വിശ്വാസികളായ സ്ത്രീകൾ വീടുകളിൽ കഴിയണമെന്നും, അല്ലാത്തപക്ഷം വലിയ നാശമുണ്ടാകുമെന്നും കാന്തപുരം പ്രസ്താവിച്ചിരുന്നു.
കാന്തപുരത്തിന്റെ പരാമർശം സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിഡി സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും വിവിധ യുവജന സംഘടനകളും രംഗത്തെത്തിയിരുന്നു. അതേസമയം, ആരെതിർത്താലും പ്രവാചകൻ കാണിച്ചുതന്ന മതനിയമങ്ങൾ ലോകാവസാനം വരെ തുടർന്നും പറയുമെന്ന് കോഴിക്കോട്ട് നടന്ന പരിപാടിയിൽ കാന്തപുരം ആവർത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യസഭാ എംപി. പിപി സുനീറിന്റെ പ്രതികരണം പൊന്നാനിയിൽ ഉണ്ടായത്.
ശാസ്ത്ര സാങ്കേതിക സാധ്യതകൾ മുഖേന സമസ്ത വിവരങ്ങളും വിരൽ തുമ്പിലാണെങ്കിലും, സ്നേഹം നിറഞ്ഞ മനസുമായി തങ്ങളുടെ വിദ്യാർഥികളെ സമീപിക്കുന്ന അധ്യാപകന്റെ പ്രാധാന്യം മഹനീയമാണെന്ന് അധ്യാപക അവാർഡുകൾ സമർപ്പിച്ചുകൊണ്ട് കെപി നൗഷാദലി എംഎൽഎ പറഞ്ഞു.

PCWF പ്രസിഡണ്ട് സിഎസ് പൊന്നാനി മുഖ്യപ്രഭാഷണം നിർവഹിച്ച ചടങ്ങിൽ വിദ്യാഭ്യാസസമിതി വൈസ് ചെയർമാൻ അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു. അധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ചതിന് ശേഷവും സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമായ പ്രൊഫസർ വികെ ബേബി, പ്രൊഫസർ കെഎം ചന്ദ്രഹാസൻ, വിവി മുഹമ്മദ് അഷറഫ്, കെ ജാനകി ദേവി, പിപി മൊയ്തീൻകുട്ടി എന്നീ അധ്യാപകർക്ക് ചടങ്ങിൽ ആദരവ് സമർപ്പിച്ചു.
കടൽക്ഷോഭ പ്രതിസന്ധി നേരിട്ടവർക്കുള്ള സംഘടനയുടെ ധനസഹായം നഗരസഭ ചെയർപേഴ്സൺ സിവി സുധ, വർക്കിങ് പ്രസിഡണ്ട് പി കോയക്കുട്ടി മാഷിൽ നിന്ന് ഏറ്റുവാങ്ങി. കടവനാട് സ്കൂളിലെ അധ്യാപകനായിരുന്ന ഹാജി ആർസി മൊയ്തുണ്ണികുട്ടി മാസ്റ്റർക്കുളള മരണാനന്തര ബഹുമതി മകൻ ഒസി സലാഹുദ്ധീൻ ഏറ്റുവാങ്ങി. ശ്രീരാമനുണ്ണി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
സ്വാശ്രയ തയ്യൽ പരിശീലനം പൂർത്തിയാക്കിയ പതിനൊന്നാം ബാച്ചിനുളള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ പൂർത്തീകരിച്ചു. സിവി മുഹമ്മദ് നവാസ്, ടി മുനീറ, എഎം അബ്ദുസമദ്, ഡോ. നൗഫൽ, ടിവി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, ഹനീഫ മാളിയേക്കൽ തുടങ്ങിയവർ സംബന്ധിച്ചു. എസ് ലത വിജയൻ സ്വാഗതവും മുജീബ് കിസ്മത്ത് നന്ദിയും പറഞ്ഞു.
Vanitha| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി



































