സംസ്‌ഥാനത്ത് 5.17 കോടിയുടെ 12 ആയുഷ് പദ്ധതികൾ; ഉൽഘാടനം നാളെ

By Staff Reporter, Malabar News
Sika virus; Health Minister urges caution
ആരോഗ്യമന്ത്രി വീണാ ജോർജ്
Ajwa Travels

തിരുവനന്തപുരം: സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായി സംസ്‌ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്‌ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ 12 പദ്ധതികളുടെ ഉൽഘാടനം നാളെ നടക്കും. നാളെ ഉച്ചയ്‌ക്ക് 2 മണിക്ക് ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉൽഘാടനം നിർവഹിക്കും. അതത് ജില്ലകളിലെ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്‌ഥ പ്രമുഖര്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുക്കും.

ആയുഷ് സ്‌ഥാപനങ്ങളിലെ 12 പദ്ധതികൾ:

മഗളിര്‍ ജ്യോതി

സ്‍ത്രീകളുടെ അനീമിയയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും തിരിച്ചറിയുന്നതിനും ആവശ്യമായ ചികിൽസ നൽകുന്നതിനും ഉദ്ദേശിച്ച് ആയുഷ് വകുപ്പ് ആവിഷ്‌ക്കരിച്ച പദ്ധതിയാണ് മഗളിര്‍ ജ്യോതി. തിരുവനന്തപുരം വള്ളക്കടവ്, കൊല്ലം തേവലക്കര, ആലപ്പുഴ മണ്ണന്‍ചേരി, ഇടുക്കി പള്ളിവാസല്‍, പാലക്കാട് മങ്കര, മലപ്പുറം ഏലംകുളം എന്നീ 6 സിദ്ധ ക്ളിനിക്കുകള്‍ വഴിയാണ് പദ്ധതി നടത്തപ്പെടുന്നത്. 36 ലക്ഷം രൂപയുടെ പദ്ധതിയാണിത്.

ഇന്‍ഫെര്‍ട്ടിലിറ്റി ക്ളിനിക്

പത്തനംതിട്ട സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയിലാണ് വന്ധ്യതക്കുള്ള ആയുര്‍വേദ ചികിൽസാ പദ്ധതിയായ ഇന്‍ഫെര്‍ട്ടിലിറ്റി ക്ളിനിക് ആരംഭിക്കുന്നത്. 8.5 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. വന്ധ്യതയ്‌ക്ക് കാരണങ്ങളായ രോഗങ്ങള്‍ക്ക് ആയുര്‍വേദ ചികിൽസ വളരെ ഫലപ്രദമാണെന്ന് അനുഭവങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

6 സ്‌ഥാപനങ്ങള്‍ കേരള അക്രഡിറ്റേഷന്‍ നേടിയതിന്റെ പ്രഖ്യാപനം

കേരള അക്രഡിറ്റേഷന്‍ സ്‌റ്റാന്റേര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ത്തിയ ആയുഷ് മേഖലയിലെ 6 സ്‌ഥാപനങ്ങളുടെ ഉൽഘാടനമാണ് നടക്കുന്നത്. സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറികളായ കാസര്‍ഗോഡ് ചിറ്റാരിക്കാല്‍, കൊല്ലം കല്ലുവാതുക്കല്‍, തിരുവനന്തപുരം വിളവൂര്‍ക്കല്‍, ആയുര്‍വേദ ഡിസ്‌പെന്‍സറികളായ കണ്ണൂര്‍ ചെമ്പിലോട്, വയനാട് മീനങ്ങാടി, കോഴിക്കോട് കുര്യവാട്ടൂര്‍ എന്നിവയാണ് ആദ്യഘട്ട കാഷ് അക്രഡിറ്റേഷന്‍ നേടിയിട്ടുള്ളത്.

ആയുഷ് സേവനങ്ങള്‍ ഇനി ഇ-സഞ്‌ജീവനി വഴിയും

ഇന്ത്യയില്‍ ആദ്യമായി ഇ സഞ്‌ജീവനി ടെലി കണ്‍സള്‍ട്ടേഷന്‍ പ്ളാറ്റ്ഫോമിലൂടെ ആയുഷ് സേവനങ്ങള്‍ സംസ്‌ഥാനത്ത് ലഭ്യമാക്കുകയാണ്. കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലാണ് ഈ സേവനത്തിനായി കണ്‍സോളുകള്‍ സജ്‌ജീകരിച്ചിട്ടുള്ളത്.

പത്തനംതിട്ടയില്‍ ജില്ലാ മെഡിക്കല്‍ സ്‌റ്റോര്‍ നിര്‍മാണം

പത്തനംതിട്ട ജില്ലാ മെഡിക്കല്‍ സ്‌റ്റോറിന്റെ നിര്‍മാണോൽഘാടനം നാളെ നടക്കും. ഹോമിയോ വകുപ്പിന്റെ നേതൃത്വത്തില്‍ 35 ലക്ഷം ചിലവഴിച്ചാണ് നിർമാണം.

ഗുണമേൻമയുള്ള ഔഷധ സസ്യ തൈകളുടെ ഉൽപാദനവും വിതരണവും

സ്‌റ്റേറ്റ് മെഡിസിനല്‍ പ്ളാന്റ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 9.75 ലക്ഷം രൂപ വിനിയോഗിച്ച് ഗുണമേൻമയുള്ള ഔഷധ സസ്യങ്ങളുടെ ഉൽപാദനവും വിതരണവും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. കാര്‍ഷിക സര്‍വകലാശാല, തൃശൂര്‍, ഔഷധി, തൃശൂര്‍, ആയുര്‍വേദ ഗവേഷണ കേന്ദ്രം, പൂജപ്പുര എന്നീ സ്‌ഥാപനങ്ങള്‍ മുഖേന ഒരു ലക്ഷത്തോളം തൈകള്‍ ഈ സാമ്പത്തിക വര്‍ഷം കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കുന്ന പദ്ധതിയാണിത്.

ഔഷധ സസ്യങ്ങള്‍ക്കായി മൂന്ന് മോഡല്‍ നേഴ്‌സറികള്‍

കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും മറ്റ് സന്നദ്ധ സംഘടനകള്‍ക്കും ഗുണമേൻമയുള്ള ഔഷധ സസ്യങ്ങള്‍ സൗജന്യമായോ/ കുറഞ്ഞ നിരക്കിലോ ലഭ്യമാക്കാനാണ് ഈ പദ്ധതി. ഇതുവഴി ഓരോ നേഴ്‌സറിയില്‍ നിന്നും 3 ലക്ഷം തൈകൾ പ്രതിവര്‍ഷം നിര്‍മിക്കാനാകും. കണ്ണൂര്‍ പരിയാരത്തെ ഔഷധി സബ്‌സെന്റര്‍, ഇടുക്കി മൂന്നാര്‍ കേരള വന ഗവേഷണ കേന്ദ്രം, കോഴിക്കോട് ഒളവണ്ണ മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവയേയാണ് മോഡല്‍ നഴ്‌സറിയാക്കുന്നത്.

ഔഷധ സസ്യ പ്രദര്‍ശ ഉദ്യാനം

കണ്ണൂര്‍ പരിയാരത്തെ ഔഷധി സബ് സെന്ററിലാണ് ഔഷധ സസ്യ പ്രദര്‍ശ ഉദ്യാനം സ്‌ഥാപിക്കുന്നത്. ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിനായി പശ്‌ചിമഘട്ടത്തിലും കേരളത്തില്‍ പലയിടങ്ങളിലുമായി കാണപ്പെടുന്ന ആയിരത്തിലധികം ഔഷധസസ്യങ്ങളുടെ ഒരു കലവറ ഒരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഔഷധ സസ്യങ്ങള്‍ക്കായി രണ്ട് വിത്ത് കേന്ദ്രങ്ങള്‍

സ്‌റ്റേറ്റ് മെഡിസിനല്‍ പ്ളാന്റ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ തൃശൂര്‍ കേരള കാര്‍ഷിക സര്‍വകലാശാല ഫോറസ്‌ട്രി കോളേജ്, തിരുവനന്തപുരം കേരള സര്‍വകലാശാല ബോട്ടണി വിഭാഗം എന്നീ സര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ ഔഷധ സസ്യങ്ങള്‍ക്കായി വിത്ത് സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു.

ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിനായി ഔഷധ സസ്യ നേഴ്‌സറി

കണ്ണൂരില്‍ സ്‌ഥാപിക്കുന്ന അന്താരാഷ്‍ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിനായി കണ്ടെത്തിയ സ്‌ഥലത്താണ് ഔഷധ സസ്യങ്ങള്‍ നടുന്നതിനുള്ള നേഴ്‌സറി സ്‌ഥാപിക്കുന്നത്.

ഇൻസ്‌റ്റിറ്റ്യൂഷണൽ ഹെല്‍ബല്‍ ഗാര്‍ഡന്‍

ഔഷധ സസ്യങ്ങളുടെ സുസ്‌ഥിര ലഭ്യത ഉറപ്പ് വരുത്തുന്നതിനായി ഔഷധിയുടെ പരിയാരം ഉപകേന്ദ്രത്തിനോട് അനുബന്ധിച്ചുള്ള സ്‌ഥലത്ത് വച്ച് പിടിപ്പിക്കുവാന്‍ ലക്ഷ്യമിടുന്നതാണ് ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ഹെല്‍ബല്‍ ഗാര്‍ഡന്‍.

കരുനാഗപ്പള്ളി ആയുര്‍വേദ ആശുപത്രി പുതിയ ബ്ളോക്ക്

കൊല്ലം കരുനാഗപ്പള്ളി ആയൂര്‍വേദ ആശുപത്രിയില്‍ നിര്‍മിച്ച പുതിയ ബ്ളോക്ക് നാളെ ഉൽഘാടനം ചെയ്യും. നേഴ്‌സിംഗ് റൂം, പഞ്ചകര്‍മ തിയേറ്റര്‍, എക്‌-സ്‌റേ റൂം, ലാബ്, കിടത്തി ചികിൽസക്കുള്ള അടിസ്‌ഥാന സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടത്തിന്റെ പ്രവര്‍ത്തി 2.12 കോടി ചിലവഴിച്ചാണ് പൂര്‍ത്തീകരിച്ചത്.

Most Read: വാക്‌സിൻ ഇടവേളയിലെ ഇളവ്; കോടതി ഇടപെടരുതെന്ന് കേന്ദ്രം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE