മൂന്നാം തരംഗ പ്രതിരോധം; പ്രതിദിനം 2-2.5 ലക്ഷം പേർക്ക് വാക്‌സിൻ നൽകണം

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രതിദിനം 2-2.5 ലക്ഷം ആളുകൾക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്യണമെന്ന് നിർദ്ദേശിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ആശുപത്രി സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് ഒപ്പമാണ് ഇത്തരത്തിൽ വാക്‌സിനേഷനിലൂടെ പ്രതിരോധം തീർക്കാൻ സർക്കാർ തീരുമാനിച്ചത്.

ഓൺലൈനിൽ വാക്‌സിന് വേണ്ടി രജിസ്‌റ്റർ ചെയ്യാൻ അറിയാത്ത ആളുകൾക്ക് രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. കോവിഡ് മൂന്നാം തരംഗത്തിന്റെ കർമ്മപദ്ധതി ആസൂത്രണ യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്‌. സംസ്‌ഥാനത്ത് വാക്‌സിനേഷൻ നടപടി ഞായറാഴ്‌ചകളിലും, മറ്റ് അവധി ദിവസങ്ങളിലും സുഗമമായി നടക്കണമെന്നും മന്ത്രി അറിയിച്ചു.

ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ കോവിഡ് മൂന്നാം തരംഗ സാധ്യത ഏറെക്കുറെ ഉറപ്പായികഴിഞ്ഞു. പലരും പല തീയതികളാണ് പ്രവചിക്കുന്നതെങ്കിലും കൂടുതൽ വിശ്വാസ യോഗ്യമായത് ഓഗസ്‌റ്റ് അവസാനവാരം എന്ന തീയതിയാണ്. ഓഗസ്‌റ്റ് അവസാന ആഴ്‌ചയോടെ പ്രതീക്ഷിച്ചു തുടങ്ങാവുന്ന മൂന്നാം തരംഗം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയും ശാസ്‌ത്രലോകം പ്രവചിക്കുന്നുണ്ട്.

ഓക്‌സിജൻ സിലിണ്ടറുകളുടെ വിനിയോഗം, വാക്‌സിനേഷൻ പ്രക്രിയയുടെ വിപുലീകരണം, സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കല്‍, അതിശക്‌തമായ പ്രതിരോധ നടപടികൾ, സമൂഹവ്യാപനം തടയാൻ ആവശ്യമായ ഇടപെടലുകൾ തുടങ്ങിപലതിലും സർക്കാർ ഇടപെടൽ കൂടുതൽ മെച്ചപ്പെടുത്തണം എന്നാണ് വിദഗ്‌ധർ ചൂണ്ടികാണിക്കുന്നത്.

നിലവിൽ സംസ്‌ഥാനത്ത് രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്നുണ്ട്. രണ്ടാം വ്യാപനത്തിൽ കോവിഡ് രോഗികൾക്കായി നീക്കിവച്ച 47 ശതമാനം കിടക്കകളിലാണ് ഇപ്പോൾ രോഗികളുള്ളത്. അതേസമയം മൂന്നാം തരംഗം മുന്നിൽ കണ്ട് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്‌ജമാക്കും. കൂടാതെ ഓക്‌സിജൻ കിടക്കകൾ, ഐസിയു, വെന്റിലേറ്റർ എന്നിവയുടെ എണ്ണം കൂട്ടുമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also : കനത്ത മഴ തുടരാൻ സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE