മലപ്പുറം: വിവാഹ ആവശ്യത്തിനായുള്ള പണം സംഘടിപ്പിക്കാനായി പാലക്കാടേക്ക് പോയതിന് പിന്നാലെ കാണാതായ പ്രതിശ്രുത വരാനായുള്ള തിരച്ചിൽ തുടരുന്നു. മലപ്പുറം പള്ളിപ്പുറം കുറന്തല വീട്ടിൽ ശശീന്ദ്രന്റെ മകൻ വിഷ്‌ണുജിത്തിനെയാണ് (35) അഞ്ചു ദിവസം മുൻപ് കാണാതായത്. ഇന്നലെ ആയിരുന്നു മഞ്ചേരി സ്വദേശിനിയായ യുവതിയുമായി വിഷ്‌ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്.
പാലക്കാടേക്ക് പോയ യുവാവ് അവിടെ നിന്നും കോയമ്പത്തൂരിലേക്ക് പോയതായാണ് പോലീസ് പറയുന്നത്. കോയമ്പത്തൂരിലേക്ക് പോകാൻ ബസിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെ അന്വേഷണം കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ചു. വിവാഹത്തിനായുള്ള ഒരുലക്ഷം രൂപയുമായി മടങ്ങുമ്പോഴാണ് യുവാവിനെ കാണാതായത്.
നാലാം തീയതി രാവിലെ വിഷ്‌ണു വീട്ടിൽ നിന്നും പോയതായി ബന്ധുക്കൾ പറയുന്നു. വീട്ടിൽ പെയിന്റിങ്ങിന്റെ ജോലി നടക്കുന്നതിനാൽ അതിന്റെ ആവശ്യത്തിനായി പോയെന്നാണ് വീട്ടുകാർ കരുതിയത്. വൈകിട്ട് അമ്മ വിളിച്ചപ്പോൾ പാലക്കാടാണെന്നാണ് വിഷ്‌ണു പറഞ്ഞത്. പിന്നീട് രാത്രി എട്ടുമണിക്ക് വിളിച്ച് എത്താൻ വൈകുമെന്നും പറഞ്ഞു.
പിന്നീട് വിളിച്ചപ്പോൾ അമ്മയുടെ സഹോദരന്റെ വീട്ടിൽ കിടക്കാമെന്നാണ് വിഷ്‌ണു അവസാനം വീട്ടുകാരോട് പറഞ്ഞത്. എന്നാൽ, രാവിലെയും എത്താതായതോടെ വിഷ്‌ണുവിന്റെ അമ്മ സഹോദരനെ വിളിച്ച് അന്വേഷിച്ചപ്പോൾ അവിടെ എത്തിയിട്ടില്ലെന്നറിഞ്ഞു. പിന്നീട് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ കുടുംബം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.
എസ്‌പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. കഞ്ചിക്കോട്ടെ ഐസ് കമ്പനിയിലാണ് വിഷ്‌ണുജിത്ത് ജോലി ചെയ്യുന്നത്. ജോലി സ്‌ഥലത്ത് നിന്ന് ഒരുലക്ഷം രൂപ സംഘടിപ്പിച്ച വിഷ്‌ണുജിത്ത്, വീട്ടിലേക്ക് മടങ്ങാനായി രാത്രി എട്ടുമണിയോടെ പാലക്കാട് ബസ് സ്‌റ്റാൻഡിൽ എത്തിയതായി സുഹൃത്തുക്കൾ പറയുന്നു.
എന്നാൽ, വിഷ്‌ണുജിത്തിന്റെ ഫോൺ സിഗ്‌നലിന്റെ അവസാന ലൊക്കേഷൻ കഞ്ചിക്കോട്ടെ പുതുശേരിയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. പാലക്കാട്ടെത്തിയ ശേഷം കഞ്ചിക്കോട്ടേക്ക് തിരിച്ചുപോയിട്ടുണ്ടാകാമെന്നാണ് നിഗമനം. ഇതിനിടെ, ബുധനാഴ്‌ച സഹോദരിയുടെ അക്കൗണ്ടിലേക്ക് 10,000 രൂപ വിഷ്‌ണുജിത്ത് അയച്ചിട്ടുണ്ട്. അതിനാൽ, കാണാതാകുന്ന സമയത്ത് വിഷ്‌ണുജിത്തിന്റെ കൈവശം പണം ഉണ്ടായിരുന്നുവെന്നാണ് പോലീസ് നിഗമനം.
Health| വിവാഹിതരായ പുരുഷൻമാർക്ക് ഉത്തമ വാർധക്യം; പുതിയ പഠനം