മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി. ആഗസ്റ്റ് 12ലേക്കാണ് റിലീസ് മാറ്റിയത്. സംസ്ഥാനത്തെ കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. മെയ് 13നാണ് ചിത്രത്തിന്റെ റിലീസ് നേരത്തെ തീരുമാനിച്ചിരുന്നത്. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാർ. 100 കോടി മുതൽമുടക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് .
മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ചിത്രമാണ് ‘മരക്കാർ’. 16ആം നൂറ്റാണ്ട് പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സിദീഖ്, സംവിധായകൻ ഫാസിൽ, കല്യാണി പ്രിയദർശൻ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ആശിർവാദ് സിനിമാസും മൂൺലൈറ്റ് എന്റർടെയ്ൻമെന്റും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Read also:ഓസ്കർ; മികച്ച സംവിധായികയായി ക്ളോയി ഷാവോ, ആന്റണി ഹോപ്കിൻസ് മികച്ച നടൻ