മലപ്പുറം: അത്യാധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തിയാക്കിയ കൊണ്ടോട്ടി വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം എന്ന നേട്ടവുമായി പ്രവർത്തനം തുടങ്ങുന്ന കേന്ദ്രം ഇന്നലെ വീഡിയോ കോൺഫറൻസിലൂടെ ആയിരുന്നു മുഖ്യമന്ത്രി ഉൽഘാടനം ചെയ്തത്.
ഡെന്റൽ ക്ളിനിക് ആരോഗ്യമന്ത്രി വീണാ ജോർജും ഫാർമസി മന്ത്രി എംവി ഗോവിന്ദനും ഉൽഘാടനം ചെയ്തു. ചടങ്ങിൽ നേരിട്ട് പങ്കെടുത്ത പ്രതിപക്ഷനേതാവ് വിഡി സതീശൻ ആംബുലൻസ് സമർപ്പണം നിർവഹിച്ചു. ടിവി ഇബ്രാഹിം എംഎൽഎ ഓപ്പൺ ജിം തുറന്നുകൊടുത്തു.
10 കോടി രൂപ ചിലവിൽ വിപിഎസ്-റീ ബിൽഡ് കേരളയാണ് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രം പുനർനിർമിച്ചിട്ടുള്ളത്. ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യസേവന ദാതാക്കളിൽ പ്രമുഖരായ ‘വിപിഎസ് ഹെൽത്ത് കെയറാ’ണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. അടുത്ത രണ്ടുവർഷം കുടുംബാരോഗ്യകേന്ദ്രം ഇതേനിലവാരത്തിൽ സൂക്ഷിക്കുന്ന ചുമതലയും വിപിഎസ് ഗ്രൂപ്പ് ഏറ്റെടുത്തു. ഇതിനായി അഞ്ചു ജീവനക്കാരെ നിയമിക്കും. ഇവരുടെ ശമ്പളവും ആനുകൂല്യങ്ങളും വിപിഎസ് നൽകുമെന്നും അധികൃതർ അറിയിച്ചു.
2018ലെ പ്രളയത്തിൽ തകർന്ന വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം സമകാലിക ആശുപത്രികളോട് കിടപിടിക്കുന്ന സംവിധാനങ്ങളോടെയാണ് പുതിയ കുടുംബാരോഗ്യ കേന്ദ്രമായി ഉയർന്നിരിക്കുന്നത്.
അത്യാധുനിക ലബോറട്ടറിയും ഇമേജിങ് വിഭാഗവുമടക്കമുള്ള സംവിധാനങ്ങളാണ് വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്. മിനി ഓപ്പറേഷൻ തിയേറ്ററുമുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളുള്ള 10 നിരീക്ഷണ കിടക്കകളും ഓക്സിജൻ സാച്ചുറേഷൻ കുറവുള്ള രോഗികൾക്ക് ഉപയോഗപ്രദമാകുന്ന സ്റ്റെബിലൈസേഷൻ യൂണിറ്റും ഇവിടെ പ്രവർത്തന സജ്ജമാണ്.
ഓപ്പൺ ജിം, ഫാർമസി, കാത്തിരിപ്പുകേന്ദ്രം, ക്ളിനിക്കുകൾ, പ്രീ-ചെക്കപ്പ് റൂമുകൾ, അത്യാഹിത റൂം, കഫറ്റീരിയ, കുട്ടികൾക്കുള്ള കളിസ്ഥലം, ഔട്ട് പേഷ്യന്റ് മുറികൾ, ദന്ത ക്ളിനിക്, ലബോറട്ടറി, സമ്മേളന ഹാൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസ്, വാക്സിനേഷൻ സെന്റർ, മെഡിസിൻ സ്റ്റോർ, വാക്സിൻ സ്റ്റോർ, മാതൃ-ശിശു പരിചരണ മുറി തുടങ്ങിയ വിവിധ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
മന്ത്രി വി അബ്ദുറഹ്മാൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി, ഡോ. ഷംഷീർ വയലിൽ, അബ്ദുസമദ് സമദാനി എംപി, എളമരം കരീം എംപി, ഇടി മുഹമ്മദ് ബഷീർ എംപി, കളക്ടർ ഇൻചാർജ് എസ് പ്രേം കൃഷ്ണൻ, ഡിഎംഒ ഡോ. കെ സക്കീന, ഡിപിഎം ഡോ. ഷിബുലാൽ, പഞ്ചായത്ത് പ്രസിഡണ്ട് മലയിൽ അബ്ദുറഹ്മാൻ എന്നിവരും ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു.
Most Read: കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തി; വീട്ടുടമക്കെതിരെ കേസ്