150 കോടി മുതൽ മുടക്കില്‍ നിർമിക്കുന്ന ‘ബാഹുബലി’ വെബ് സീരീസ് വേണ്ടെന്ന് വെച്ച് നെറ്റ്ഫ്ളിക്സ്. ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്കും ശേഷമാണ് നെറ്റ്ഫ്ളിക്സ് ടീം സീരീസ് പൂർണമായും ഉപേക്ഷിച്ചത്. ബാഹുബലി ചിത്രങ്ങളിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവകാമി ദേവിയെ കേന്ദ്രീകരിച്ചായിരുന്നു സീരിസിന്റെ കഥ എഴുതിയിരുന്നത്.
മൃണാള്‍ ഠാക്കൂറായിരുന്നു ശിവകാമി ദേവിയുടെ യൗവനകാലം അവതരിപ്പിച്ചത്. ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധായകന്. ബാഹുബലി ചിത്രങ്ങളുടെ സംവിധായകൻ രാജമൗലിയും പ്രസാദ് ദേവനിനിയും നെറ്റ്ഫ്ളിക്സിനൊപ്പം സീരിസിന്റെ നിർമാണത്തിൽ പങ്കാളികളാകുന്നതായും പ്രഖ്യാപിച്ചിരുന്നു.
ദേവ കട്ടയുടെ സംവിധാനത്തിൽ പുരോഗമിച്ച സീരിസിൽ നെറ്റ്ഫ്ളിക്സ് തൃപ്തരായിരുന്നില്ലെന്നും, സംവിധായകന്റെ അനുവാദമില്ലാതെ പുതുതായി മറ്റ് അഭിനേതാക്കളെ കാസ്റ്റ് ചെയ്തിരുന്നെന്നും വാർത്തകൾ പുറത്തു വന്നിരുന്നു. ഇത് പിന്നീട് വലിയ പ്രശ്നങ്ങൾക്ക് വഴിവെച്ചു എന്നാണ് റിപ്പോർട്ടുകൾ.
പിന്നീട് ചിത്രീകരണം തുടരാൻ കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് വെച്ച് മൃണാൽ ഠാക്കൂറും സീരീസിൽ നിന്ന് പിൻമാറി. തുടർന്ന് മറ്റ് അഭിനേതാക്കളെയും പുതിയ സംവിധായകനെയും വെച്ച് ചിത്രീകരണം തുടരാനായിരുന്നു നെറ്റ്ഫ്ളിക്സിന്റെ തീരുമാനം. ഒടുവിൽ ഇനിയും ചിത്രത്തിന് വേണ്ടി പണം മുടക്കുന്നത് നഷ്ടം വരുത്തുമെന്ന കണക്കുകൂട്ടലിൽ സീരീസ് ഉപേക്ഷിക്കാൻ നെറ്റ്ഫ്ളിക്സ് തീരുമാനം എടുക്കുകയായിരുന്നു.
Read Also: രോഗവ്യാപനം കൂടുതല്‍ 20-30 വയസിന് ഇടയില്‍; ആരോഗ്യമന്ത്രി