തീവ്രവാദികളും ചാവേറുകളും കേരളം കീഴടക്കുന്നു

By Desk Reporter, Malabar News
Terrorists atack
Representational Image
Ajwa Travels

2008 സെപ്‌തംബർ 26ന്‌ കേരളീയം മാസികയുടെ എഡിറ്റോറിയൽ ഓഫീസിലേക്ക്‌ രണ്ടു യുവാക്കൾ കടന്നുവന്നു. 35 വയസ്സിന്‌ താഴെ പ്രായമുള്ളവർ. മുസ്ലീങ്ങൾ പൊതുവായി ഉപയോഗിക്കുന്ന തൊപ്പി ഇരുവരും ധരിച്ചിട്ടുണ്ടായിരുന്നു. മീശ ഒഴിവാക്കിക്കൊണ്ടുള്ള താടി വച്ചിട്ടുണ്ട്‌. ഒരാൾ നീളമുള്ള കുർത്തയും പാന്റ്‌സും മറ്റേയാൾ ഷർട്ടും പാന്റ്‌സും ധരിച്ചിരുന്നു.

ഇതിലൊരാളെ കഴിഞ്ഞ ആറുമാസത്തോളമായി പരിചയമുണ്ട്‌. കോഴിക്കോട്‌ സ്വദേശി. എറണാകുളം ഇടപ്പള്ളിയിൽ നിന്ന്‌ കുറച്ചുമാറി പഴയ വാഹന ഇടപാട്‌ സ്ഥാപനം നടത്തുന്നു. ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ നിന്ന്‌ അഞ്ച്‌ മാസങ്ങൾക്ക്‌ മുമ്പ്‌ എന്റെ സ്വകാര്യ ആവശ്യത്തിനു വേണ്ടി ഒരു റോയൽ എൻഫീൽഡ്‌ വാങ്ങിച്ചിരുന്നു. വളരെ മാന്യമായ കച്ചവട സംസ്‌ക്കാരമാണ്‌ അദ്ദേഹത്തിൽ നിന്ന്‌ എനിക്ക്‌ ലഭിച്ചത്‌. ചില സാങ്കേതിക കാരണങ്ങളാൽ ഈ വാഹനം വിൽക്കേണ്ട ആവശ്യം വന്നപ്പോൾ ഞാൻ അദ്ദേഹത്തോട്‌ തന്നെ ഫോൺ ചെയ്‌ത്‌ പറഞ്ഞു. അതനുസരിച്ച്‌ എൻഫീൽഡ്‌ വാങ്ങാനാഗ്രഹിക്കുന്ന ഒരാളെയും കൂട്ടി ഇദ്ദേഹം ഓഫീസിലെത്തിയ രംഗമാണ്‌ മുകളിൽ പറഞ്ഞത്‌.

ഇവർ വരുന്ന സമയത്ത്‌ എഡിറ്റോറിയൽ റൂമിൽ മീറ്റിംഗ്‌ നടക്കുന്നുണ്ട്‌. തൃശ്ശൂർ സ്വദേശിയായ ഒരു മുതിർന്ന പത്രപ്രവർത്തകനുൾപ്പെടെ ഞങ്ങൾ ഏഴു പേർ മുറിയിലുണ്ടായിരുന്നു. വാഹനത്തിന്റെ വില സംബന്ധമായ വിഷയങ്ങൾ സംസാരിച്ച ശേഷം അവർ പുറത്തേക്ക്‌ പോയി. അവർ ഇറങ്ങിയ ഉടനെ മുതിർന്ന പത്രപ്രവർത്തകൻ “അതേതാണാ തീവ്രവാദികൾ, മൊത്തത്തിലൊരു പിശക്‌ ലുക്കുണ്ടല്ലോ” എന്ന്‌ പറഞ്ഞു. അതിനുശേഷം, അവരുടെ ശരീരഭാഷയെക്കുറിച്ചും സംസാരരീതിയെക്കുറിച്ചും വസ്‌ത്രധാരണത്തെക്കുറിച്ചും കുറെ സമയം ഞങ്ങൾ ചർച്ച ചെയ്‌തു. ഈ ചർച്ച അവസാനിച്ചപ്പോൾ ചില ചോദ്യങ്ങൾക്ക്‌ ഉത്തരമില്ലാത്ത അവസ്ഥയുണ്ടായി.

ഇതേ വ്യക്തിയുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം : ഇദ്ദേഹത്തിന്‌ സാമ്പത്തികമായി ചില ബുദ്ധിമുട്ടുകൾ വന്നപ്പോൾ ഒരു ചെറിയ തുക കടമായി നൽകേണ്ടി വന്നു. മനുഷ്യസഹജമായ പ്രവർത്തികൾ മാത്രമാണിത്‌. പണത്തിനായി വഴിയിൽ എന്നെ കാത്തുനിന്ന ഇദ്ദേഹത്തിന്‌ സമീപം എന്റെ വാഹനം നിർത്തി, ഞാൻ തുക കൈമാറി. സമയക്കുറവു കാരണം എനിക്ക്‌ പെട്ടെന്ന്‌ പോരേണ്ടതായും വന്നു. ഈ സമയം ചുറ്റിനുമുള്ള എല്ലാവരും പ്രത്യേക കണ്ണോടെ ഞങ്ങളെ ശ്രദ്ധിക്കുന്നത്‌ വാഹനത്തിന്റെ കണ്ണാടിയിലൂടെ ഞാൻ കാണുന്നുണ്ടായിരുന്നു. അന്നേദിവസം വൈകുന്നേരം എന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവർ എന്നോട്‌ ചോദിക്കുന്നു “രാവിലെ ഇടപ്പള്ളിയ്‌ക്കടുത്ത്‌ വച്ച്‌ ഒരാൾക്ക്‌ പൈസ എണ്ണി കൊടുക്കുന്നത്‌ കണ്ടല്ലോ, ആരാണയാൾ, തൊപ്പിയും താടിയുമൊക്കെ വച്ച ഒരു മുസ്ലീമാണല്ലോ, അയാളെ നിങ്ങൾക്കെങ്ങനെയാണ്‌ പരിചയം?”. ഞാൻ ഉത്തരം നൽകി “അവൻ എന്റെ സുഹൃത്താണ്‌”. ഈ ഉത്തരം അയാളെ തൃപ്‌തിപ്പെടുത്തിയിട്ടില്ലെന്ന്‌ എനിക്ക്‌ മനസ്സിലായി. പക്ഷേ ഞാൻ ആ സംഭാഷണം തുടരാനാഗ്രഹിച്ചില്ല.

ഇത്തരത്തിലുള്ള യുവാക്കളെ കാണുമ്പോൾ തന്നെ ‘അവർക്കൊരു പിശക്‌ ലുക്കുണ്ടെന്ന’ നിഗമനത്തിൽ എത്താൻ നമ്മെ പ്രേരിപ്പിച്ച ഘടകങ്ങളെന്താണ്‌ ? വസ്‌ത്രവും ശരീരഭാഷയുമാണെങ്കിൽ, മുസ്ലീം സമൂഹത്തിന്റെ പരമ്പരാഗത രീതി അതാണല്ലോ, അതിലെന്താണ്‌ തെറ്റ്‌? ഇസ്ലാമിക സമൂഹത്തിൽ പെട്ടവരെ തിരിച്ചറിയാനുള്ള, ഇത്തരം പരമ്പരാഗത വേഷങ്ങൾ ധരിക്കാൻ പാടില്ലായെന്ന അലിഖിത നിയമം രൂപപ്പെട്ടുവരുന്നുണ്ടോ? ഇത്തരം വേഷങ്ങൾ ധരിച്ച എല്ലാവരെയും സംശയത്തിന്റെ കണ്ണോടെ കാണുന്ന പത്രപ്രവർത്തകർ വരെയുണ്ടെങ്കിൽ, അന്വേഷണ ഉദ്യോഗസ്ഥരുടെ അവസ്ഥയെന്തായിരിക്കും? എൻ.ഡി.എഫ്‌., സിമി, ഇന്ത്യൻ മുജാഹിദ്ദീൻ തുടങ്ങിയ കുറച്ച്‌ തീവ്രവാദി സംഘടനകളുള്ളതുകൊണ്ട്‌ മുസ്ലീങ്ങൾക്ക്‌ അവരുടെ വിശ്വാസപരമായ വേഷങ്ങൾ ധരിക്കാൻ സ്വാതന്ത്ര്യമില്ലേ?… ഇത്തരത്തിൽ പല ചോദ്യങ്ങളുടെയും ഉത്തരം ചങ്കൂറ്റത്തോടെ പറയാൻ കഴിയാത്ത ഒരു സാഹചര്യം ഇന്ത്യയിൽ ആരാണ്‌ രൂപപ്പെടുത്തിയത്‌? ഹൈന്ദവ ഫാഷിസ്റ്റുകളാണോ? അതോ രാഷ്‌ട്രീയക്കാരാണോ? അന്താരാഷ്‌ട്ര സംഘടനകളാണോ? സാമ്രാജ്യത്വ ശക്തികളാണോ? മറ്റാരെങ്കിലുമാണോ?

ഇതിനോടൊപ്പം മറ്റൊരു വശം കാണേണ്ടതുണ്ട്‌. വി.എച്ച്‌.പി., ശിവസേന, ആർ.എസ്‌.എസ്‌., ബജ്‌രംഗ്‌ദൾ തുടങ്ങിയ സംഘടനാ പ്രവർത്തകർ കുറി തൊടാറുണ്ട്‌, കാവി വേഷം ധരിക്കാറുണ്ട്‌, ക്ഷേത്രങ്ങളിൽ പോകാറുണ്ട്‌… ഇത്തരം മതപരമായ ആചാരങ്ങൾ അനുഷ്‌ഠിക്കുന്ന അവർ, താഴികക്കുടങ്ങൾക്ക്‌ മുകളിൽ കയറിനിന്ന്‌ മസ്‌ജിദ്‌ തകർത്തിട്ടുണ്ട്‌, വർഗ്ഗീയ ലഹളകളിൽ ഒരുപാട്‌ പേരെ കൊന്നൊടുക്കിയിട്ടുണ്ട്‌, ക്രിസ്‌ത്യൻ പുരോഹിതന്മാരെ തിരഞ്ഞുപിടിച്ച്‌ അരിഞ്ഞുവീഴ്‌ത്തിയിട്ടുണ്ട്‌, ചുട്ടു കരിച്ചിട്ടുണ്ട്‌.. അങ്ങനെയെത്രയോ ഹൈന്ദവസംസ്‌ക്കാരത്തിനെതിരായ ദാരുണസംഭവങ്ങൾ… ഇത്രയൊക്കെ സംഭവിച്ചിട്ടും ഒരു ഹൈന്ദവ വിശ്വാസി അമ്പലത്തിൽ പോയതുകൊണ്ടോ, അയാൾ കുറി തൊട്ടതുകൊണ്ടോ, കാവിമുണ്ട്‌ ഉടുത്തതുകൊണ്ടോ, ഉപയോഗിക്കുന്ന വാഹനത്തിൽ വിഗ്രഹങ്ങൾ പ്രദർശിപ്പിച്ചതുകൊണ്ടോ മുസ്ലീങ്ങളുൾപ്പെടെ സമൂഹത്തിലാരും അവരെ തീവ്രവാദികളാണോയെന്ന സംശയത്തോടെ നോക്കുന്നില്ല. എന്താണിതിനു കാരണം?

കാരണങ്ങളിൽ ചിലത്‌

ഇസ്ലാമിക വിശ്വാസത്തിന്റെ സംരക്ഷണമേറ്റെടുത്തിട്ടുണ്ടെന്ന്‌ സ്വയം അവകാശപ്പെടുന്ന മതതീവ്രവാദ സംഘടനകൾ രാജ്യത്തിന്റെ പരമാധികാരത്തെയും ജനാധിപത്യത്തെയും ഭരണഘടനയെയും നിയമസംഹിതകളെയും വെല്ലുവിളിക്കുന്നു. ഇസ്ലാമിക വിശ്വാസികൾക്ക്‌ മാത്രമായി മതേതര രാജ്യത്ത്‌ നിയമങ്ങൾ സൃഷ്ടിക്കാൻ ആവശ്യപ്പെടുകയും, ശരിഅത്ത്‌ പോലുള്ള നിയമങ്ങൾ ശക്തമായി നടപ്പിലാക്കുകയും ചെയ്യുന്നു. ഈ സംഘടനകൾ സ്വദേശ ദേശീയ പ്രശ്‌നമെന്നതിനപ്പുറം അന്താരാഷ്‌ട്ര പ്രശ്‌നം തന്നെയാണ്‌. ഇസ്ലാമിന്‌ നേരെയുള്ള അന്താരാഷ്‌ട്ര പ്രശ്‌നങ്ങളുടെ പ്രതികരണങ്ങളെന്ന പേരിൽ സ്വരാജ്യത്തെ നിരപരാധികളെ കൊന്നൊടുക്കുകയും രാജ്യത്തിനെ തന്നെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം ഭീകരതകളെ സാമ്രാജ്യത്വ-ജൂത-ഇസ്ലാമിക വിരുദ്ധ കോക്കസിന്റെ കീഴിലുള്ള അന്താരാഷ്‌ട്ര വാർത്താ ഏജൻസികൾ, ഏതെങ്കിലുമൊരു സംഘടനയുടെ തീവ്രവാദ പ്രവർത്തനങ്ങളെന്നതിനു പകരം ഇസ്ലാമിക ഭീകരത, പച്ചശാപം, മുസ്ലീം തീവ്രവാദം എന്നിങ്ങനെ അവതരിപ്പിക്കുകയും ലോകമെമ്പാടുമുള്ള മാദ്ധ്യമങ്ങൾ അത്‌ പിന്തുടരുകയും ചെയ്‌തതോടെ പ്രാദേശികമായുളള സാധാരണ മുസ്ലീം വിശ്വാസികളെ പോലും, പൊതുജനവും, ഫാഷിസമേൽക്കോയ്‌മയുള്ള ബ്യൂറോക്രസിയും സംശയത്തിന്റെ കണ്ണോടെ വീക്ഷിക്കാൻ തുടങ്ങി.

ഉന്നത മുസ്ലീം കുടുംബാംഗവും സമൂഹത്തിൽ വളരെ മാന്യമായി ജീവിക്കുകയും, ചെയ്‌തിരുന്ന യുവാക്കളാണ്‌ രഹസ്യമായി തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയതിന്‌ തെളിവുസഹിതവും അല്ലാതെയും പിടികൂടപ്പെടുന്നവരിൽ അധികവും. ഡോക്ടർമാർ മുതൽ ഐ.ടി.വിദ്യാർത്ഥികൾ വരെ ഇതിൽപെടും. ഇതും മേൽപ്പറഞ്ഞ സംശയത്തിന്‌ ആക്കം കൂട്ടി. മാത്രവുമല്ല, ഇത്തരം സംഘടനകളെ പരസ്യമായി തള്ളിപ്പറയാനും, അവർക്കെതിരെ ശക്തവും വ്യാപകവുമായ പ്രചാരണങ്ങൾ നടത്താനും ഇന്ത്യയിലെ യഥാർത്ഥ മുസ്ലീം സംഘടനകളും പണ്ഡിതന്മാരും തയ്യാറായില്ല (ചില ഒറ്റപ്പെട്ട സ്വരങ്ങളുണ്ടായിട്ടുണ്ട്‌). സാൽവേഷൻ, ഹുബ്ബ്‌ റസൂൽ തുടങ്ങിയ ഇസ്ലാമിക പ്രചാരണപദ്ധതികൾ കേരളത്തിലെ കൊച്ചുകുട്ടികൾക്ക്‌ പോലും സുപരിചിതമാകുന്ന തരത്തിൽ കോടികൾ വാരി വിതറി നടത്തുകയും, ഇസ്ലാമിന്റെ പേരിലുള്ള തീവ്രവാദ പ്രവർത്തനം ഇസ്ലാമിക സമൂഹം അംഗീകരിക്കുന്നില്ല എന്നത്‌ പ്രചരിപ്പിക്കാൻ കാര്യമായ പ്രചാരണ പരിപാടികളോ, ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളോ നടത്താതിരിക്കുകയും ചെയ്‌തപ്പോൾ സംശയം വീണ്ടും വർദ്ധിച്ചു. ഇതെല്ലാം, മുസ്ലീം ജനത മുഴുവനും രഹസ്യമായി ഈ സംഘടനകളെ അംഗീകരിക്കുന്നുണ്ടെന്ന തോന്നൽ ഇതര മതസ്ഥരിൽ ഉളവാക്കി.

ഹൈന്ദവ സംസ്‌കാരത്തിന്റെ സംരക്ഷകരെന്ന്‌ അവകാശപ്പെടുന്ന തീവ്രവാദ സംഘടനകളുടെ അഥവാ ഫാഷിസ്റ്റുകളുടെ ആവശ്യങ്ങൾ ദേശീയ അതിരുകൾക്കുള്ളിൽ നിൽക്കുന്നു. മാത്രവുമല്ല, ഇവർ പറയുന്ന ആശയങ്ങൾ ഭാരതീയ സാംസ്‌കാരിക ചരിത്ര പാരമ്പര്യത്തിന്റെ തുടർച്ചയാണെന്ന തോന്നൽ പ്രവർത്തകരിൽ സൃഷ്ടിക്കുകയും അതാണ്‌ ഹൈന്ദവ സമൂഹത്തിന്റെ സ്വത്വമെന്ന്‌ ഹിന്ദു സമൂഹത്തെ, പ്രവർത്തകരിലൂടെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയുമാണ്‌ ഇവർ ചെയ്യുന്നത്‌. ശ്രീരാമ ജന്മഭൂമി, രാമസേതു തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. ഹജ്ജ്‌ സബ്‌സിഡി, മുസ്ലീം സമൂഹത്തിന്‌ മാത്രമായുള്ള സിവിൽ നിയമങ്ങൾ, ഇസ്ലാമിക വിദ്യാഭ്യാസത്തിന്‌ വേണ്ടിയുള്ള പ്രത്യേക സംരക്ഷണങ്ങൾ, സാമ്പത്തിക നിലവാരം നോക്കാതെ നൽകുന്ന സംവരണങ്ങൾ തുടങ്ങിയവ ഫാഷിസ്റ്റുകളെ പ്രകോപിപ്പിക്കുന്നവയാണ്‌. വോട്ട്‌ ബാങ്ക്‌ ലക്ഷ്യമാക്കിയും, ഇസ്ലാമിക രാഷ്‌ട്രങ്ങളുമായുള്ള കച്ചവടബന്ധങ്ങളും സൗഹൃദവും നിലനിർത്തുന്നതിന്‌ വേണ്ടിയും ഭരണാധികാരികൾ ഇന്ത്യയിലെ മുസ്ലീം സമൂഹത്തിനെ പ്രീണിപ്പിച്ചുകൊണ്ടിരിക്കുന്നതും ഫാഷിസ്റ്റുകളെ ചൊടിപ്പിക്കുന്നു. ഗവൺമെന്റുകളുടെ ന്യൂനപക്ഷസംരക്ഷണം മുതലാക്കി സാമൂഹ്യസേവനത്തിന്റെ മറപിടിച്ച്‌ നടത്തുന്ന മതപരിവർത്തനം പോലുള്ള നിരവധി കാരണങ്ങളാൽ ഹൈന്ദവസമൂഹത്തിന്റെ വളർച്ചാനിരക്ക്‌ ദിനംപ്രതി കുറഞ്ഞുവരുന്നതും ഇവരിൽ അമർഷം വളർത്തുന്നു. ഇനിയുമുണ്ട്‌ ഫാഷിസ്റ്റ്‌ സംഘടനകളിൽ അമർഷം വളർത്തുന്ന ഘടകങ്ങൾ. അത്‌ ജനാധിപത്യ ഭരണകൂടത്തിൽ നിന്നും ന്യൂനപക്ഷങ്ങളിൽ നിന്നും അറിഞ്ഞും അറിയാതെയും തുടർന്നുകൊണ്ടേയിരിക്കുന്നു. ഫാഷിസ്റ്റ്‌ സംഘടനാമേധാവികളും ഫാഷിസ്റ്റ്‌ ചായ്‌വുള്ള രാഷ്‌ട്രീയനേതാക്കളും ഇതിനെയെല്ലാം ബുദ്ധിപൂർവ്വം ഉപയോഗപ്പെടുത്തി, വോട്ടുകളാക്കി മാറ്റുന്നു. അതിനുവേണ്ടി, പ്രവർത്തകരെക്കൊണ്ട്‌ മസ്‌ജിദുകളും, പള്ളികളും തകർത്തും ഗർഭിണികളുടെ വയറ്റിൽ ശൂലം കുത്തിക്കയറ്റിയും നിരപരാധികളെ ചുട്ടെരിച്ചും…. ക്രൂരമായി ഭാരതത്തിന്റെ മതേതരത്വത്തിന്റെ നെഞ്ചിൽ തന്നെ കത്തിയാഴ്‌ത്തുന്നു.

ഈ രണ്ട്‌ തീവ്രവാദ വിഭാഗങ്ങളെയും ബുദ്ധിപൂർവ്വം കൂട്ടിയിടിപ്പിച്ച്‌ അതിൽ നിന്ന്‌ ചോര കുടിക്കുന്ന സാമ്രാജ്യത്വ ചെന്നായ, സാമ്പത്തികമായും സാങ്കേതികമായും ഇരുവിഭാഗത്തെയും പിന്തുണയ്‌ക്കുന്നു. ഇസ്ലാമിക സംരക്ഷണത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന സംഘടനകളെ പാക്കിസ്ഥാൻ പോലുള്ള രാഷ്‌ട്രങ്ങളും പിന്തുണയ്‌ക്കുന്നുണ്ട്‌. ഇതെല്ലാമറിയാവുന്ന ഭരണകൂടങ്ങൾ വോട്ട്‌ ബാങ്കിലെ നഷ്ടങ്ങളെയും ചില രാഷ്‌ട്രീയ-രാഷ്‌ട്ര ബന്ധങ്ങളുടെ നിലനിൽപ്പിനെയും ഭയന്ന്‌ ഉപരിപ്ലവമായ കാട്ടിക്കൂട്ടലുകളിലൂടെ മുഖം രക്ഷിച്ച്‌ മുന്നേറുന്നു (എത്രകാലം?!). വിപണന വിജയത്തിന്‌ വേണ്ടി തയ്യാർ ചെയ്‌ത തന്ത്രങ്ങളുടെ ഭാഗമായി മാദ്ധ്യമങ്ങൾ വാർത്തകളിലെ യാഥാർത്ഥ്യങ്ങളെ മനഃപൂർവ്വം വളച്ചൊടിച്ച്‌ വായനക്കാരിലെത്തിക്കുന്നു. ഇതിൽ മത മേൽവിലാസത്തിൽ പ്രവർത്തിക്കുന്ന മാദ്ധ്യമങ്ങളും സ്വതന്ത്രരെന്ന്‌ നടിക്കുന്ന മാദ്ധ്യമങ്ങളും ഒരേ നിലപാടാണ്‌ സ്വീകരിക്കുന്നത്‌.

ഇരു കൂട്ടരും ചേർന്ന്‌ – ഇസ്ലാമിക വിശ്വാസ സംരക്ഷകരെന്ന്‌ നടിക്കുന്ന തീവ്രവാദികൾ രക്തസാക്ഷിത്വത്തിലൂടെ ലഭിക്കുമെന്ന്‌ കരുതുന്ന സ്വർഗ്ഗലോകത്തിലെ സുന്ദരമായ അനശ്വരജീവിതത്തിനു വേണ്ടിയും, ഹൈന്ദവ സംരക്ഷണമേറ്റെടുത്തെന്ന്‌ നടിക്കുന്ന സംഘടനകൾ ഭരണം, സാമ്പത്തിക സൗകര്യങ്ങൾ, രാഷ്‌ട്രീയ മേധാവിത്വം തുടങ്ങിയ ഭൗതീക നേട്ടങ്ങൾക്കായും – ദൈവസൃഷ്ടിയായ നിരപരാധികളെയും പ്രകൃതിയെയും അതിക്രൂരമായി നശിപ്പിക്കുന്നു. വേശ്യ ചാരിത്ര്യം പ്രസംഗിക്കുന്നതുപോലെ ഇരു വിഭാഗവും ഇതെല്ലാം ദൈവത്തിന്‌ വേണ്ടിയാണെന്ന്‌ പറഞ്ഞുകൊണ്ടേയിരിക്കുന്നു!! ഇതിൽ ഏറ്റവും അപകടകാരി ഇസ്ലാമിന്റെ പേരിലുള്ള തീവ്രവാദി തന്നെയാണ്‌. കാരണം, അവർ കൊല്ലാനും ചാകാനും മടിക്കുന്നില്ല. രക്തസാക്ഷിത്വം ഇവരെ സംബന്ധിച്ചിടത്തോളം അള്ളാഹുവിന്‌ വേണ്ടിയുള്ള ശരീരബലിയാണ്‌. അതിലൂടെ ലഭ്യമാകുന്നതോ അനശ്വരമായ സ്വർഗ്ഗജീവിതവും!!?. എന്നാൽ ഹൈന്ദവതയുടെ പേരിലുള്ള തീവ്രവാദികൾ കൊല്ലാൻ തയ്യാറാകും (സംരക്ഷണം ലഭിക്കുമെന്ന്‌ ഉന്നതങ്ങളിൽ നിന്ന്‌ ഉറപ്പ്‌ ലഭിച്ചാൽ മാത്രം), പക്ഷേ മരിക്കാൻ അവർ തയ്യാറാകില്ല. ഈ വ്യത്യാസങ്ങൾക്കിടയിൽ മറഞ്ഞ്‌ കിടക്കുന്ന ഒരു വലിയ അപകടമുണ്ട്‌. ഇസ്ലാമിന്റെ പേരിലുള്ള തീവ്രവാദിയെ ഉപദേശങ്ങളിലൂടെയോ നിർദ്ദേശങ്ങളിലൂടെയോ ചർച്ചകളിലൂടെയോ സംവാദങ്ങളിലൂടെയോ മാറ്റിയെടുക്കൽ ബുദ്ധിമുട്ടാണ്‌. മറ്റ്‌ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടിവരും. പക്ഷേ ഹൈന്ദവതയുടെ പേരിലുള്ള തീവ്രവാദികളെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധ്യമാണ്‌ (ഇത്‌ ഇന്ത്യൻ രാഷ്‌ട്രീയം വിശകലനം ചെയ്‌താൽ മനസ്സിലാക്കാൻ സാധിക്കും).

പരിഹാരങ്ങൾ രൂപപ്പെടുത്തേണ്ട അടിത്തറ

പരിഹാരമായി വരേണ്ടത്‌ രാജ്യത്തിന്റെ ജനാധിപത്യ ചട്ടക്കൂടിനെയും രാജ്യപുരോഗതിയെയും മനുഷ്യവംശത്തിന്റെ നന്മയേയും കാംക്ഷിക്കുന്ന മത-സാമുദായിക-മാദ്ധ്യമ-രാഷ്‌ട്രീയ-സാംസ്‌കാരിക-സാമൂഹിക വ്യക്തിത്വങ്ങളേയും ഭരണഘടനാ വിദഗ്‌ധരേയും ഒരേ വേദിയിൽ അണിനിരത്തി നാം നേരിടുന്ന ഇത്തരം പ്രശ്‌നങ്ങളെ സൂക്ഷ്‌മമായി അപഗ്രഥിക്കണം. ശേഷം ചർച്ചയിലൂടെയും സംവാദങ്ങളിലൂടെയും സ്വതന്ത്രവും സൂക്ഷ്‌മവും ദീർഘവീക്ഷണത്തോടെയുമുള്ള തീരുമാനങ്ങളെടുക്കുകയും അവ നടപ്പിലാക്കുകയും ചെയ്യണം. ഇക്കാര്യത്തിനെങ്കിലും രാജ്യത്തിന്റെ നന്മ കാംക്ഷിക്കുന്ന രാഷ്‌ട്രീയ കക്ഷികൾ ഒറ്റക്കെട്ടായി നിൽക്കണം. അത്രയും സങ്കീർണ്ണമാണിത്‌.

ആണവ കരാർ നടത്തിയെടുക്കുന്നതിനു വേണ്ടി നൂറുകണക്കിന്‌ മീറ്റിംഗുകളും, നിരവധി ചർച്ചകളും, പ്രചാരണ പരിപാടികളും, പൊതുജന അഭിപ്രായ ക്രോഡീകരണവും നടത്താൻ കേന്ദ്രസർക്കാർ ഒട്ടൊന്നുമല്ല ബുദ്ധിമുട്ടിയിട്ടുള്ളത്‌. കഴിഞ്ഞ ഒരു വർഷം കൊണ്ട്‌ കോടികളാണ്‌ ഇതിനുവേണ്ടി പൊതു ഖജനാവിൽ നിന്ന്‌ ചിലവഴിച്ചത്‌. ഈ രാജ്യത്തിന്റെ മതേതര കെട്ടുറപ്പ്‌ തകരുന്നത്‌ കണ്ടിട്ടും അനുഭവിച്ചിട്ടും അതിനെ നിലനിർത്താനും തീവ്രവാദത്തെ ഉന്മൂലനം ചെയ്യാനും ഇതുപോലുള്ള പരിശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിൽ അതിനെ ഇന്ത്യയിലെ ഓരോ കൊച്ചുകുട്ടിയും സ്വാഗതം ചെയ്യുമായിരുന്നു. അല്ലാതെ രാജ്യം കത്തിയെരിയുമ്പോൾ വീണ വായിക്കുകയും ശേഷം ദേശീയോദ്‌ഗ്രഥനം എന്ന വാക്കിനെ വ്യഭിചരിക്കുന്ന നാടകവും വാർത്തകളും സൃഷ്ടിക്കുകയുമല്ല ചെയ്യേണ്ടത്‌.

തീവ്രവാദം കേരളത്തിന്റെ പ്രാദേശിക തലങ്ങളിലേക്ക്‌

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിൽ, ചില പ്രത്യേക പ്രദേശങ്ങളിൽ മാത്രമേ മതതീവ്രവാദ രോഗാതുരമായ മനസ്സുകൾ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇന്ന്‌ സ്ഥിതി മാറിയിരിക്കുന്നു. കേരളത്തിലെ ഓരോ ഗ്രാമങ്ങളിലേക്കും ഈ `വൈറസ്‌’ പടർന്നു കഴിഞ്ഞു. ലക്ഷക്കണക്കിന്‌ മനസ്സുകളെയും ശരീരങ്ങളെയും കീഴടക്കിക്കൊണ്ട്‌ ഈ വൈറസിന്റെ വ്യാപനം തുടരുന്നു. മെട്രോ നഗരങ്ങളിലെ സ്ഥിതിയും വിഭിന്നമല്ല. ഗവൺമെന്റ്‌ ഇന്റലിജൻസ്‌ സംവിധാനങ്ങളും, സാമൂഹിക സംഘടനകളും രാഷ്‌ട്രീയക്കാരും മാദ്ധ്യമങ്ങളും ഒന്നുപോലെ അംഗീകരിക്കുന്ന ഈ അവസ്ഥ എങ്ങനെ സംജാതമായി എന്നതിന്‌ മാത്രം ആരും ഇതുവരെ ഉത്തരം നൽകിയിട്ടില്ല. പ്രൊഫഷണൽ കോളേജുകളിലും, എഞ്ചിനീയറിംഗ്‌ കോളേജുകളിലും ആശുപത്രി ജീവനക്കാർക്കിടയിൽ പോലും തീവ്രവാദ സംഘടനകൾ പ്രവർത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. പോലീസിലും രഹസ്യാന്വോഷണ ഏജൻസികളിലും വരെ ഇവർ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ്‌ സൂചനകൾ. നിരവധി ഐ.ടി. വിദ്യാർത്ഥികളും, ഐ.ടി. വിദഗ്‌ധരും ഇത്തരം സംഘടനകളിൽ അംഗമാണെന്ന സത്യം പലപ്പോഴായി നാം തിരിച്ചറിഞ്ഞു കഴിഞ്ഞു.

അടുത്തയിടെ, ഇൻഡോറിലെ അട്ടിമറി ശ്രമത്തിനിടയിൽ പിടിയിലായ മലയാളികൾ ഷിബിൻ ഷാദുലും, അൻസാർ മൗലവിയും നൽകിയ വിവരങ്ങൾ സർക്കാർ ഏജൻസികളെ ഞെട്ടിച്ചുകളഞ്ഞതായാണ്‌ അറിയാൻ കഴിയുന്നത്‌. എറണാകുളം ജില്ലയിലെ ആലുവയിലും കോട്ടയത്തെ വാഗമണിലും നടന്ന `സിമി’ ക്യാമ്പിനെ സംബന്ധിച്ച വാർത്തകൾക്ക്‌ ശേഷം രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ പഠനത്തിൽ കാസർഗോഡ്‌, കോഴിക്കോട്‌, മലപ്പുറം, വയനാട്‌, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ സിമിയുടെയും, എൻ.ഡി.എഫിന്റെയും പ്രവർത്തനം സജീവമായിട്ടുണ്ടെന്നും യൂണീറ്റുകൾ തിരിച്ച്‌ രഹസ്യ പരിശീലനക്ലാസ്സുകൾ വരെ നടക്കുന്നുണ്ടെന്നുമാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.

മുസ്ലീം ഭൂരിപക്ഷ പഞ്ചായത്തുകളിൽ കുറഞ്ഞത്‌ മൂന്ന്‌ ശാഖകളുമായി ആർ.എസ്‌.എസും 2010 ആകുന്നതോടെ 999 പഞ്ചായത്തുകളിൽ യൂണീറ്റുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ വി.എച്ച്‌.പി., ബജ്‌രംഗദൾ സഖ്യങ്ങളും സമാന്തരമായി മുന്നേറുന്നുണ്ട്‌. ക്രിസ്‌തീയ സമൂഹത്തിലും തീവ്രചിന്താഗതിക്കാർ വർദ്ധിച്ചുവരുന്നുണ്ട്‌. ഇതിന്‌ ആക്കം കൂട്ടുന്ന സംഭവങ്ങളാണ്‌ ഒറീസ്സയിലും കർണ്ണാടകയിലും മംഗലാപുരത്തും അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌. എൻ.ഡി.എഫ്‌ പോലെ, ആർ.എസ്‌.എസ്സ്‌ പോലെ തീവ്രവാദ സംഘടനകൾ ക്രിസ്‌ത്യൻ സമൂഹത്തിൽ നിന്ന്‌ വളർന്നുവരാനുള്ള സാധ്യതകളിലേക്കാണ്‌ `ഒറീസ്സ’കൾ വിരൽ ചൂണ്ടുന്നത്‌. വളർന്നും വികസിച്ചും നമ്മുടെ മാനുഷിക മൂല്യം പരിപൂർണ്ണമായും നഷ്ടപ്പെടുകയാണോ? മതാശയങ്ങളിലുള്ള മൂല്യബോധം വളരുകയും മാനുഷിക മൂല്യബോധം തകരുകയും ചെയ്യുന്ന ഈ യാത്ര എങ്ങോട്ടാണ്‌?

മുൻകാലങ്ങളിൽ ദിശാബോധമില്ലാത്ത, മൂല്യബോധമില്ലാത്ത, തൊഴിൽരഹിതരായ യുവാക്കളാണ്‌ കേരളത്തിൽ ഈ രംഗത്തുണ്ടായിരുന്നത്‌. പക്ഷേ, ഇന്ന്‌, നല്ല വിദ്യാഭ്യാസമുള്ളവരും ഉയർന്ന വരുമാനം ലഭിക്കുന്ന ജോലിയുള്ളവരുമാണ്‌ മതതീവ്രവാദത്തിന്റെ പ്രചാരകരും ചാവേർ സംഘങ്ങളായി പ്രവർത്തിക്കുന്നവരിലധികവും. ഇവർ മതത്തിലും രാഷ്ര്‌ട്രീയത്തിലും അദ്ധ്യാപന മേഖലയിലും പിടിമുറുക്കിക്കഴിഞ്ഞിട്ടും നാം ഉപരിപ്ലവമായ കുറേ അന്വേഷണങ്ങളുമായി മുന്നോട്ടുപോകുന്നു. നമ്മുടെ നിഴലായി മതതീവ്രവാദികൾ ജനിയ്‌ക്കുന്നതും വളരുന്നതും അറിഞ്ഞില്ലെന്ന്‌ നടിക്കുന്നു. മതതീവ്രവാദ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്ന ഇവർക്ക്‌ എവിടെനിന്നാണ്‌ പണം ലഭ്യമാകുന്നത്‌? എന്തുകൊണ്ടാണ്‌ ഇവർ മതതീവ്രവാദികളാകുന്നത്‌? ആശയസംഹിതകൾ തെറ്റിദ്ധരിക്കപ്പെടുന്നതിന്റെ പേരിൽ വിശ്വാസികൾ തീവ്രവാദികളാകുന്നതിന്റെ ഉത്തരവാദിത്വം ആർക്കാണ്‌? തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാതെ, പരിഹാരം നിർദ്ദേശിക്കാതെ, സർക്കാരും രാഷ്ര്‌ട്രീയ-സാംസ്‌കാരിക-സാമൂഹിക-സാമുദായിക-മത നേതാക്കളും ജനങ്ങളെ തീവ്രഭീകരതയുടെ അഗാധഗർത്തത്തിലേക്ക്‌ വഴിനടത്തുന്നു.

ഏറ്റക്കുറച്ചിലുകളോടെ, ഇന്ത്യയിൽ മറ്റെല്ലായിടത്തും വ്യാപകമായിരുന്ന മതതീവ്രവാദം കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്‌ കേരളത്തിൽ വേരുറപ്പിച്ചു തുടങ്ങിയത്‌. ഇന്ത്യയിൽ ഏറ്റവും ശക്തമായി മതസൗഹാർദ്ദം നിലനിൽക്കുന്ന നമ്മുടെ സംസ്ഥാനത്തെ തകർക്കുന്നതിലൂടെ, രാജ്യാന്തര തീവ്രവാദ സംഘടനകളെ സഹായിക്കുന്ന ശക്തികൾക്കു മുന്നിൽ തല ഉയർത്തി നിന്ന്‌ ഫണ്ട്‌ വാങ്ങാമെന്നും ഒരു പ്രത്യേക മതവിശ്വാസികളുടെ ലോകത്തിനു മുന്നിൽ നെഞ്ചു വിരിച്ച്‌ നിൽക്കാമെന്നും ഈ മനോരോഗികൾ ആശിക്കുന്നുണ്ടാവണം. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത സുരക്ഷിതത്വം എല്ലാ മതങ്ങൾക്കും ലഭിക്കുന്ന നമ്മുടെ സംസ്ഥാനത്താണ്‌ മതതീവ്രവാദസംഘടനകൾക്ക്‌ അംഗബലം കൂടുതലുള്ളത്‌. സംസ്ഥാനത്തിന്റെ വിസ്‌തൃതി, ജനസംഖ്യ, വിദ്യാഭ്യാസം, സാംസ്‌കാരിക ഘടന, സാമൂഹിക പ്രവർത്തകരുടെ എണ്ണം, രാഷ്‌ട്രീയ പാർട്ടികളുടെ സ്വാധീനം, ചിന്താശേഷിയുള്ളവരുടെ എണ്ണം എന്നിങ്ങനെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ, ശതമാനക്കണക്ക്‌ വച്ച്‌ നോക്കിയാൽ മതതീവ്രവാദികൾ നമ്മുടെ സംസ്ഥാനത്താണ്‌ ഏറ്റവും കുറവുണ്ടാകേണ്ടിയിരുന്നത്‌. പക്ഷേ, സ്ഥിതി നേരെ വിപരീതമാണ്‌. അതെ, ഹൈന്ദവതയുടെയും ഇസ്ലാമിന്റെയും പേരു പറഞ്ഞ്‌, കേരളത്തിലെ ശുദ്ധഹൃദയമുള്ള ഗ്രാമീണരെപ്പോലും വരിഞ്ഞുമുറുക്കിക്കൊണ്ട്‌ ഫാഷിസ്റ്റുകളും മതതീവ്രവാദികളും വിജയം ആഘോഷിക്കുകയാണ്‌.

ഇതെങ്ങനെ സംഭവിച്ചു? ഒരു അന്വേഷണം

കേരളീയം മനസ്സിലാക്കിയിടത്തോളം നമ്മുടെ സംസ്ഥാനത്ത്‌ രണ്ടായിരത്തോളം ചാവേർ പടയാളികൾ എന്തിനും തയ്യാറായി നിൽക്കുന്നുണ്ട്‌. ഇതിൽ 99 ശതമാനവും മുസ്ലീം സമൂഹത്തിൽ ജനിച്ചതുകൊണ്ട്‌ മാത്രം മുസ്ലീമായി അറിയപ്പെടുന്നവരാണ്‌. ഇസ്ലാമിക കാവലാളുകളായി സ്വയം വിശ്വസിച്ച്‌, ഒരു മനഃശ്ശാസ്‌ത്രജ്ഞന്‌ പോലും മാറ്റിയെടുക്കാൻ പറ്റാത്ത രീതിയിൽ ഭ്രാന്തമായി എന്നാൽ പുറമേക്ക്‌ ശാന്തമായി, രക്തസാക്ഷിത്വത്തിലൂടെ ദൈവസന്നിധിയിലെത്താൻ ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുന്നവരാണിവർ. ഇത്രയും ഭ്രാന്തമായ വിശ്വാസത്തിലേക്ക്‌ ഇവർ എത്തിച്ചേരുന്നതിന്റെ വഴി വളരെ നിഗൂഢവും ആസൂത്രിതവും ശക്തവും നീളമേറിയതുമാണ്‌.

ഇസ്ലാമിക ആശയങ്ങളെ വിവിധ രീതിയിൽ വീക്ഷിക്കുന്ന, 1973 ഏപ്രിൽ 29ന്‌ തുടങ്ങിയ എസ്‌.എസ്‌.എഫ്‌. പിന്നീട്‌ വന്ന (2) എസ്‌.കെ.എസ്‌.എസ്‌.എഫ്‌., (3) ഐ.എസ്‌.എം., (4) എസ്‌.ഐ.ഒ., (5) എസ്‌.വൈ.എസ്‌. തുടങ്ങിയ സംഘടനകളിൽ എല്ലാം തന്നെ രണ്ട്‌ ലക്ഷത്തിന്‌ മുകളിൽ അംഗസംഖ്യയുണ്ട്‌. ഇവരെല്ലാം ദശകങ്ങളായി കേരളത്തിലും മലയാളികളായ മുസ്ലീങ്ങളുള്ള ലോകത്തെല്ലായിടത്തും പ്രവർത്തിക്കുന്നുണ്ട്‌. ഒട്ടനവധി സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും ആശയപ്രചരണ പ്രവർത്തനങ്ങളിലും ഇവർ ഏർപ്പെടുന്നുണ്ട്‌. ഇവരെയൊന്നും മതതീവ്രവാദ സംഘടനയായി ലോകത്തിലാരും പറഞ്ഞതായി കേട്ടിട്ടില്ല. എന്നാൽ 1993ൽ രൂപം കൊള്ളുകയും രണ്ടായിരത്തിന്‌ ശേഷം പ്രവർത്തനം ശക്തമാക്കുകയും ചെയ്‌ത ഒരു സംഘടനയെ മാത്രം മതതീവ്രവാദ സംഘടനയായി ഭൂരിപക്ഷ മുസ്ലീം സമൂഹമുൾപ്പെടെയുള്ള എല്ലാവരും വിലയിരുത്തുന്നു. അതിന്റെ പേരാണ്‌ എൻ.ഡി.എഫ്‌. (നാഷണൽ ഡെവലപ്‌മെന്റ്‌ ഫ്രണ്ട്‌). ഇവർ സാധാരണ പ്രവർത്തകരെ സൃഷ്ടിക്കുന്ന രീതി ഒന്നു പരിശോധിക്കാം.

സംഘടനയുടെ കേന്ദ്രനേതൃത്വം ചുമതലപ്പെടുത്തുന്ന, പ്രത്യേകം പരിശീലനം ലഭിച്ച വ്യക്തി ഒരു പ്രദേശത്തു നിന്നും മതവിശ്വാസത്തിൽ തൽപരനായ, തലമുറകളായി മതവിശ്വാസ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും തുടരുന്ന കുടുംബത്തിൽ നിന്ന്‌ ഒരു ഇരയെ കണ്ടെത്തുന്നു. പിന്നീട്‌, ഇരയിലേക്ക്‌ നിരന്തരമുള്ള ഇടപെടലിലൂടെ താഴെപ്പറയുന്ന കാര്യങ്ങൾ കുത്തിവയ്‌ക്കുന്നു.

(1) ഇന്ത്യയിലെ മുസ്ലീങ്ങൾ ജീവിക്കുന്നത്‌ യഥാർത്ഥ ഇസ്ലാം / മുസ്ലീം ആയിട്ടല്ല. യഥാർത്ഥ ഇസ്ലാം / മുസ്ലീം ആകണമെങ്കിൽ അതിശക്തമായ വിശ്വാസവും ഇസ്ലാമിക നിയമങ്ങൾ അനുസരിച്ചുള്ള ജീവിതവും ആവശ്യമാണ്‌.

(2) നാം ഈ ഭൂമിയിൽ കൂടിയാൽ 120 വർഷമാണ്‌ ജീവിക്കുന്നത്‌. എന്നാൽ, സ്വർഗ്ഗത്തിൽ മരണമില്ലാത്ത ജീവിതമാണ്‌. അതും ഭൂമിയിൽ ലഭ്യമാകുന്നതിന്റെ എത്രയോ ഇരട്ടി സുഖസൗഭാഗ്യങ്ങൾ സൗജന്യമായി അവിടെ ലഭിക്കും. അതിന്‌ ഇവിടെ ജീവിച്ചിരിക്കുന്ന സമയം അള്ളാഹുവും അവന്റെ പ്രവാചകനും പടുത്തുയർത്തിയ മതത്തിന്റെ നിയമങ്ങളനുസരിച്ച്‌ ഈ മതത്തിന്‌ കാവലായി ജീവിച്ചാൽ മാത്രം മതി. 120 വർഷം ഇവിടെ ജീവിക്കണോ അതോ അന്ത്യമില്ലാത്ത വർഷങ്ങൾ എല്ലാ സുഖങ്ങളോടെയും സ്വർഗ്ഗത്തിൽ ജീവിക്കണോ? തീരുമാനം നിങ്ങളുടേതാണ്‌.

(3) ഇന്ത്യയിലെ മുസ്ലീങ്ങൾ ഒട്ടും സുരക്ഷിതരല്ല. നാളെ നിങ്ങളുടെ സഹോദരി ബലാൽസംഗം ചെയ്യപ്പെടാം. നിങ്ങളുടെ പുത്രനെ ശൂലത്തിൽ തറച്ച്‌ തീയിലിട്ട്‌ വേവിച്ചെടുത്തേക്കാം. നിങ്ങളുടെ കുടുംബത്തെ തന്നെ ചുട്ടെരിച്ച്‌ കളയാം. ഗോധ്രയിലും മുംബൈയിലും കർണ്ണാടകത്തിലും അയോധ്യയിലും നാം അത്‌ കണ്ടതാണ്‌. ഇനിയും നാം നിശ്ശബ്‌ദരായാൽ നരകത്തിലെ അന്തേവാസികളായി, പ്രവാചകന്റെ ശത്രുക്കളുടെ കൂട്ടത്തിൽ ഒരാളായി അധഃപതിക്കാം. ചിന്തിക്കുക.

(4) ഇസ്ലാമിന്റെ വളർച്ചയ്‌ക്കും ഇസ്ലാമിന്റെ പ്രചരണത്തിനും തടസ്സം നിൽക്കുന്ന എല്ലാ പ്രതിബന്ധങ്ങളെയും നമുക്ക്‌ തുടച്ചുനീക്കേണ്ടതുണ്ട്‌. ഒരു മുസ്ലീമായി ജീവിക്കാൻ അതനിവാര്യമാണ്‌. ഒരു നല്ല മുസ്ലീം ആകണമെങ്കിൽ അവൻ പ്രവാചകൻ നയിച്ച യുദ്ധങ്ങൾ എന്താണെന്നും എന്തിനാണെന്നും അറിയണം (പ്രവാചകൻ നയിച്ച യുദ്ധങ്ങളെ തങ്ങളുടെ ഉദ്ദേശലക്ഷ്യത്തിനനുയോജ്യമായി ഇവർ ഇരയുടെ അടുത്ത്‌ വിദഗ്‌ധമായി അവതരിപ്പിക്കുന്നു). പ്രവാചകന്റെ യുദ്ധങ്ങൾ അനിവാര്യമായിരുന്നുവെങ്കിൽ നമുക്കും അതിന്‌ ബാധ്യതയുണ്ട്‌. (മതേതര രാജ്യത്ത്‌ പ്രസ്‌തുത രാജ്യത്തിന്റെ ചട്ടക്കൂടിനനുസരിച്ച്‌ മാത്രമേ ജീവിക്കാവൂ എന്ന്‌ ഖുർ ആൻ നിഷ്‌കർഷിക്കുന്നത്‌ അവസരോചിതമായി ഇവർ മറച്ചുവയ്‌ക്കും)

(5) രക്തസാക്ഷിത്വം ഖുർ ആനിലും ബന്ധപ്പെട്ട ഇതര ഗ്രന്ഥങ്ങളിലും നിരവധി സ്ഥലത്ത്‌ പ്രതിപാദിച്ചിട്ടുണ്ട്‌. (ഇവയെ ദുർവ്യാഖ്യാനം ചെയ്‌ത്‌ ഇരയുടെ മസ്‌തിഷ്‌കത്തെ സംഘടനയുടെ ലക്ഷ്യങ്ങൾക്കനുയോജ്യമായി മാറ്റിയെടുക്കും). രക്തസാക്ഷിത്വം മഹനീയമായതും ദൈവസന്നിധിയിലെത്താനുള്ള വഴിയുമായും അവതരിപ്പിക്കും. ഒരാൾ രക്തസാക്ഷിയാകുമ്പോൾ അയാളുടെ മാതാവിനും പിതാവിനും അള്ളാഹുവിന്റെ അനുഗ്രഹം ലഭ്യമാകും.

ഇത്തരത്തിൽ മസ്‌തിഷ്‌ക മാറ്റം ചെയ്യപ്പെട്ട വിവിധ പ്രദേശങ്ങളിലുള്ള വ്യക്തികളെ രഹസ്യ ക്ലാസ്സിലേക്ക്‌ ഒന്നിച്ച്‌ ക്ഷണിക്കുന്നു. ആദ്യ ക്ലാസ്സിൽ മുകളിൽ പറഞ്ഞ വിഷയങ്ങൾ ദീർഘമായും ശക്തമായും അവതരിപ്പിക്കുന്നു. രണ്ട്‌ തവണ ക്ലാസ്സിലെത്തിച്ചേർന്ന വ്യക്തികളെ മൂന്നാം തവണ നടക്കുന്ന പ്രത്യേക രഹസ്യ ക്ലാസ്സിലേക്ക്‌ എത്തിക്കുന്നു. ഇവിടെ വച്ച്‌ ഇരകളോട്‌ പറയുന്നു “ഇന്ന്‌ നടക്കാൻ പോകുന്നത്‌ അള്ളാഹുവിന്റെ മാർഗ്ഗത്തിലേക്കുള്ള സത്യപ്രതിജ്ഞ ചടങ്ങാണ്‌. ഈ സത്യപ്രതിജ്ഞ ചൊല്ലിക്കഴിഞ്ഞാൽ നിങ്ങൾ ഇസ്ലാമിന്റെ കാവലാളായിക്കഴിയും. പിന്നീട്‌ ഏതു സമയത്ത്‌ വിളിച്ചാലും നിങ്ങളെത്തിച്ചേരണം. എന്ത്‌ ഉത്തരവാദിത്വം ഏൽപ്പിച്ചാലും അത്‌ നടത്തിയെടുക്കണം. ഈ സമയത്ത്‌ പിതാവോ, മാതാവോ, സഹോദരങ്ങളോ തടസ്സമാകാൻ പാടില്ല. അതിന്‌ കഴിയുന്നവർ മാത്രമേ സത്യപ്രതിജ്ഞ ഏറ്റ്‌ ചൊല്ലാവൂ. കഴിയാത്തവർക്ക്‌ പുറത്തുപോകാം”. ഇത്‌ പറയുമ്പോൾ നിരവധി ഖുർ ആൻ പദങ്ങളുടെയും ഇസ്ലാമിക കഥകളുടെയും ദുർവ്യാഖ്യാനങ്ങൾ മേമ്പൊടി ചേർത്തിട്ടുണ്ടാകും. ശേഷം ആരെങ്കിലും പുറത്തേക്ക്‌ പോയാൽ “അയാൾ ഇസ്ലാമല്ല, മുസ്ലീമല്ല, മുസ്ലീം പേരു മാത്രമുള്ള ഭീരുവാണ്‌”. തുടങ്ങിയ നിരവധി പരിഹാസങ്ങൾ ഖുർആൻ വാക്യങ്ങളുടെ ദുർവ്യാഖ്യാനങ്ങളിലൂടെ അവതരിപ്പിക്കും. ഇത്‌ കേൾക്കുന്ന ബാക്കിയുള്ള എല്ലാവരും ഏതോ മഹാദൗത്യം ദൈവത്തിനു വേണ്ടി ഏറ്റെടുത്ത ചാരിതാർത്ഥ്യത്തോടെ, നിശ്ചയദാർഢ്യത്തോടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രവേശിക്കും. അതി ഭീകരമായ മതാന്ധത കുത്തിവയ്‌ക്കുന്ന ഈ സത്യപ്രതിജ്ഞ കഴിഞ്ഞാൽ പിന്നീടാരും ഇതിൽ നിന്ന്‌ പുറത്തു കടക്കാറില്ല. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം പി.ടി. എന്നറിയപ്പെടുന്ന ഫിസിക്കൽ ട്രെയിനിംഗ്‌ ഇരകൾക്ക്‌ ലഭിക്കും. രണ്ടു ദിവസം നീണ്ട്‌ നിൽക്കുന്ന ഈ കായിക അഭ്യാസത്തിൽ ലോകത്തിലെവിടെയും ലഭ്യമല്ലാത്ത പ്രത്യേക പരിശീലനങ്ങളാണ്‌ നൽകുന്നത്‌. പി.ടി. തീരുന്നതോടെ 10 പേരെ കായികമായി നേരിടാൻ കഴിവുള്ള നിശ്ശബ്‌ദരായ ചാവേർ പടയാളികളായി ഇവർ രൂപം കൊണ്ടു കഴിഞ്ഞു.

അടുത്ത ഘട്ടമായി ഇരയുടെ പ്രദേശത്തോ, സമീപ പ്രദേശത്തോ പരസ്യമായ യോഗം നടത്തും. ലളിതവും പൊതുവായതുമായ വിഷയങ്ങളായിരിക്കും ഇത്തരം യോഗങ്ങളുടെ കാതൽ. പരിസരപ്രദേശത്തുള്ള എൻ.ഡി.എഫ്‌. പ്രവർത്തകരെ തദ്ദേശവാസികൾക്കും നിരീക്ഷകർക്കും പരിചയപ്പെടുത്തുക എന്ന രഹസ്യ അജണ്ടയുടെ ഭാഗമാണ്‌ ഇത്തരം യോഗങ്ങൾ. സംഘടനയിൽ നിന്ന്‌ പ്രവർത്തകർ വിട്ടുപോകാതിരിക്കാൻ, തന്ത്രപരമായി ബ്ലാക്‌മെയിലിംഗിന്‌ വേണ്ടി ആദ്യമൊരുക്കുന്ന കെണിയാണിത്‌. സത്യപ്രതിജ്ഞയ്‌ക്ക്‌ ശേഷം സംഘടനയിൽ നിന്ന്‌ പുറത്തു പോയാൽ, ഹൈന്ദവ ഫാഷിസ്റ്റുകളുടെ വേഷവിധാനത്തിൽ രഹസ്യമായി ആക്രമിക്കും. അതുമല്ലെങ്കിൽ എതിർ സംഘടനയുടെ നോട്ടപ്പുള്ളിയാണെന്ന്‌ വരുത്തിത്തീർക്കാവുന്ന രീതിയിൽ, തന്ത്രപരമായി, നാടകീയമായി ഭയപ്പെടുത്തും. ഇങ്ങനെ സംഭവിച്ചാൽ, നിവർത്തിയില്ലാതെ സ്വയരക്ഷയ്‌ക്കായി തിരികെ അയാൾ സംഘടനയിലെത്തും.

സംഘടനയിലെത്തിച്ചേർന്ന വ്യക്തികളിൽ നിന്ന്‌ നിരവധി പഠനങ്ങൾക്ക്‌ ശേഷം ഇന്റലിജൻസ്‌ വിഭാഗത്തെയുണ്ടാക്കും. ഓരോ ഗ്രാമങ്ങളിലും ഇവരുണ്ട്‌. ഇന്റലിജൻസിലേക്ക്‌ തിരഞ്ഞെടുക്കുന്ന വ്യക്തികൾ കൃത്യമായി മതാചാരങ്ങൾ പാലിക്കുന്നുണ്ടെന്ന്‌ സമൂഹത്തിന്‌ ബോധ്യമാകുന്ന രീതിയിൽ ജീവിക്കാൻ പാടില്ല. ഒരു സാധാരണ വിശ്വാസിയുടെ മേൽവിലാസമേ അയാൾക്കുണ്ടാകാൻ പാടുള്ളൂ. സംഘടനാ അംഗങ്ങളുമായി പുറത്തു വച്ച്‌ സംസാരിക്കാനോ, പരിചയം കാണിക്കാനോ പാടില്ല. മാത്രമല്ല, പരസ്യമായി സംഘടനയെ എതിർക്കുകയും വേണം. ഉദാഹരണത്തിന്‌, ഒരു മസ്‌ജിദിന്റെ മുമ്പിലോ പരിസരത്തോ സംഘടനാ അനുഭാവികൾ പതിക്കുന്ന പോസ്റ്റർ, ജനമദ്ധ്യത്തിൽ വലിച്ചുകീറുന്നതും ഇതൊക്കെ നിരോധിക്കേണ്ടതാണെന്ന്‌ ഉറക്കെ പ്രഖ്യാപിക്കുന്നതും ഈ ഇന്റലിജൻസ്‌ അംഗമായിരിക്കും. നാടകീയമായ ഇത്തരം നിരവധി പ്രവർത്തനങ്ങൾ സംഘടനയുടെ നിർദ്ദേശപ്രകാരം നടക്കുന്നുണ്ട്‌. നിരവധി ഉത്തരവാദിത്വങ്ങളും അത്യാവശ്യ സാമ്പത്തിക സഹായങ്ങളും ലഭ്യമാകുന്ന ഷെർലക്‌ ഹോംസ്‌ കഥകളെ വെല്ലുന്ന (സർ ആർതർ കോനൻ ഡോയൽ) ഈ ഇന്റലിജൻസ്‌ ജോലി എന്തെന്നില്ലാത്ത ആവേശത്തോടെയാണ്‌ യുവാക്കൾ ഏറ്റെടുത്തിട്ടുള്ളത്‌.

1996ന്‌ ശേഷമാണ്‌ കേരളത്തിലെ മത തീവ്രവാദവളർച്ച ദ്രുതഗതിയിലായത്‌. സർവ്വവിധ സന്നാഹങ്ങളോടും കൂടിയാണ്‌ മതതീവ്രവാദികൾ കേരളത്തിൽ പ്രവർത്തിക്കുന്നത്‌. പെട്ടെന്ന്‌ ജനശ്രദ്ധയെത്താതെ കിടക്കുന്ന കിണറുകളും, കുളങ്ങളും, തോട്ടങ്ങളും, തോടുകളും, കാടുകളും, ബോംബുകൾക്കും ഇതര സ്‌ഫോടകവസ്‌തുക്കൾക്കും ആവശ്യമായ രാസവസ്‌തുക്കളും സൂക്ഷിക്കാനുള്ള ഇടമായിട്ടുണ്ടെന്നാണ്‌ അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്‌. വിദേശങ്ങളിൽ നിന്ന്‌ കപ്പൽ മാർഗ്ഗം കേരളത്തിലെത്തുന്ന വൻ മരങ്ങൾക്കുള്ളിൽ സ്‌ഫോടകവസ്‌തുക്കളും അത്യന്താധുനിക ആയുധങ്ങളും കടൽ കടന്നെത്തുന്നുണ്ട്‌. വിമാനമാർഗ്ഗങ്ങളിലൂടെയും മറ്റുമെത്തുന്ന കളിപ്പാട്ടങ്ങൾ എത്തേണ്ടിടത്തെത്തിക്കഴിഞ്ഞാൽ നിമിഷങ്ങൾക്കുള്ളിൽ അത്യന്തം അപകടകാരികളായ തോക്കുകളായി മാറുന്നു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്‌ട്രമെന്ന ഖ്യാതി ഇല്ലാതാക്കാനും, ഇസ്ലാമിക ഭരണം നടപ്പിലാക്കാനും ദുഷ്ടചിന്തകളുള്ള, ഇസ്ലാമെന്ന പേരിന്‌ പോലും കളങ്കമാകുന്ന കുറേ വിദേശശക്തികളുടെ പണവും പിൻബലവുമാണിവരുടെ തണൽ. സ്വദേശികളായ മതാന്ധരും ഇവരുടെ സഹായത്തിനുണ്ട്‌. വിശാല ചിന്തകളില്ലാത്ത, സ്വന്തം മതം പോലും `സ്വയം’ പഠിക്കാൻ ശ്രമിക്കാതെ, മറ്റാരോ പഠിപ്പിച്ചത്‌ അതുപോലെ വിഴുങ്ങിയ ഈ മൂഢ വർഗ്ഗത്തിന്‌ ദൈവത്തിന്റെ നിർവ്വചനം പോലും പറയാൻ കഴിയില്ല. ആകാശത്തു നിന്ന്‌ താഴോട്ട്‌ ദൈവം നേരിട്ട്‌ ഇറക്കിയ ആശയങ്ങളായതുകൊണ്ട്‌ മനുഷ്യ ബുദ്ധിക്ക്‌ ഇതു മനസ്സിലാകില്ല എന്നാണ്‌ ഒരു മതാന്ധൻ എന്റെ യുക്തിപരമായ ചോദ്യത്തിന്‌ ഉത്തരമായി പറഞ്ഞത്‌.

ഈയിടെ നടന്ന അഹമ്മദാബാദ്‌, ജയ്‌പൂർ, ഡൽഹി, ബാംഗ്ലൂർ തുടങ്ങിയ സ്‌ഫോടനങ്ങളും ഒറീസ്സ, കർണ്ണാടക എന്നിങ്ങനെയുള്ള പ്രദേശങ്ങളിൽ മതന്യൂനപക്ഷങ്ങളുടെ നേർക്ക്‌ നടക്കുന്ന ഭീകര, പൈശാചിക അക്രമങ്ങൾക്ക്‌ നേതൃത്വം കൊടുക്കുന്നവരും അത്‌ ചെയ്യുന്നവരും ഒരേ വർഗ്ഗത്തിൽ പെട്ട രോഗികൾ തന്നെയാണ്‌. പേരുകൊണ്ട്‌ വിവിധ മതങ്ങളെ പ്രതിനിധീകരിക്കുന്നവരായി തോന്നാം. പക്ഷേ, ഇവരെല്ലാം അതീവ അപകടകാരികളായ മാനസിക രോഗികളാണ്‌. എല്ലാം തിരിച്ചറിയേണ്ട സംസ്ഥാന ഭരണപക്ഷവും പ്രതിപക്ഷങ്ങളും വോട്ട്‌ ബാങ്കിലേക്ക്‌ കണ്ണ്‌ നട്ടുള്ള പ്രവർത്തനങ്ങളിലാണ്‌. തികച്ചും ദുഷ്‌കരമായ ഒരവസ്ഥയിൽ നാമെത്തിച്ചേർന്നത്‌ അറിയേണ്ടവർ തിരിച്ചറിയാതെ പോകുന്നു. ഈ അവസ്ഥയുടെ വളർച്ചയെ പ്രതിരോധിക്കാനും ഉന്മൂലനം ചെയ്യാനും സംസ്ഥാനത്തെ രാഷ്ട്രീയ സാമൂഹിക മത സംവിധാനങ്ങൾക്കുള്ളിൽ നിന്ന്‌ ശക്തമായ നടപടികൾ ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്പോൾ തന്നെ ചികിത്സ ദുഷ്‌കരമാണ്‌… ജാഗ്രത.

വാൽക്കഷണം : അമേരിക്കയിലെ തിരക്കുള്ള ഒരു റോഡിലൂടെ നിയമം അനുസരിച്ചുകൊണ്ട്‌ ഒരു യഥാർത്ഥ അമേരിക്കക്കാരൻ അഥവാ ഒരു റെഡ്‌ ഇന്ത്യൻ വംശജൻ കാറോടിച്ചുപോകുകയായിരുന്നു. പുറകെ വന്ന കാറിലെ, അധിനിവേശ വംശജരുടെ പിൻഗാമിയായ മറ്റൊരു അമേരിക്കൻ ഡ്രൈവർ തുടർച്ചയായി ഹോണടിച്ചു. തിരക്കേറിയ റോഡായതിനാൽ മുന്നിലെ കാറിന്‌ എത്ര ശ്രമിച്ചിട്ടും പുറകേയുള്ള കാറിന്‌ വഴി നൽകാൻ സാധ്യമായില്ല. മുന്നിലെ കാറുകാരൻ കൈകൊണ്ടും സിഗ്നൽ കൊണ്ടും തന്റെ മുന്നിലെ തിരക്ക്‌ പുറകേയുള്ള കാറുകാരനെ വളരെ ആത്മാർത്ഥമായിത്തന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നിട്ടും അയാൾ തുടർച്ചയായി ഹോണടിച്ചുകൊണ്ടേയിരുന്നു. തന്റെ കുഞ്ഞുങ്ങളുടെ അരികിലേയ്‌ക്ക്‌ അത്യാവശ്യമായി എത്തിച്ചേരേണ്ട മുന്നിലെ കാറുകാരൻ പിൻവശത്തു നിന്നുള്ള അകാരണമായ ഹോണടിയിൽ അക്ഷമനായി. അയാളുടെ മാനസിക നില തെറ്റി. കാറു നിർത്തി പുറത്തിറങ്ങിയ അയാൾ തൊട്ടു പിന്നിൽ ബ്രേക്ക്‌ ചെയ്‌ത കാറുകാരനെ വെടിവെച്ചു കൊന്നു. അമേരിക്കൻ പോലീസ്‌ സംഭവസ്ഥലത്തുനിന്ന്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക്‌ ആദ്യഘട്ടം ജാമ്യമനുവദിച്ചു. പിന്നീട്‌ കേസ്‌ തുടർന്നെങ്കിലും ഇയാളെ കോടതി കുറ്റവിമുക്തനാക്കി. കോടതി കണ്ടെത്തിയ ന്യായം ഇതായിരുന്നു, പ്രകോപനപരമായി, കൊല്ലപ്പെട്ട ഡ്രൈവർ പതിമൂന്ന്‌ മിനിറ്റിലധികം പിന്നിൽ നിന്ന്‌ അകാരണമായി ഹോണടിക്കുന്നതിലൂടെ ഇയാളുടെ മാനസികനില തെറ്റിയെന്നും മനസ്സിനെ ഭ്രാന്തമായ അവസ്ഥയിലേയ്‌ക്ക്‌ നയിച്ചതുകൊണ്ട്‌ മാത്രമാണ്‌ ഈ കൊലപാതകം നടന്നതെന്നും അത്‌ കരുതിക്കൂട്ടിയല്ല എന്നും കോടതി വിധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE