പാലക്കാട്: മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാർഥിയുടെ സസ്‌പെൻഷൻ പിൻവലിച്ചേക്കും. വിദ്യാർഥി പ്രിൻസിപ്പലിനോട് മാപ്പ് ചോദിച്ചു. വിദ്യാർഥിയോട് ക്ഷമിച്ചുവെന്ന് സ്‌കൂൾ അധികൃതരും അറിയിച്ചു.
വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചത് ഉൾപ്പടെ അന്വേഷിച്ച് ഉടൻ റിപ്പോർട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് മന്ത്രി വി ശിവൻകുട്ടി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, അധ്യാപകർ പകർത്തിയ ദൃശ്യം വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് കൈമാറിയിരുന്നുവെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അധ്യാപകരല്ലെന്നും പ്രിൻസിപ്പൽ അനിൽ കുമാർ പറഞ്ഞു.
താൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്‌തതെന്നും അപ്പോഴത്തെ ആവേശം കൊണ്ട് പറഞ്ഞു പോയതാണെന്നും വിദ്യാർഥി പറഞ്ഞതായി പ്രിൻസിപ്പൽ പറഞ്ഞു. രക്ഷിതാക്കൾ എന്ത് പറയുമെന്ന ആശങ്ക ഉള്ളതുകൊണ്ടാണ് അങ്ങനെ സംസാരിക്കേണ്ടി വന്നതെന്നാണ് വിദ്യാർഥിയുടെ വിശദീകരണം. സംഭവത്തിൽ വിദ്യാർഥി മാപ്പ് പറഞ്ഞതോടെ ക്ഷമിക്കുന്നതായി അധ്യാപകനും വ്യക്‌തമാക്കി.
ഇതോടെ കുട്ടിക്കെതിരെ സസ്‌പെൻഷൻ അടക്കമുള്ള നടപടിയിലേക്ക് കടക്കില്ലെന്നും കുട്ടിക്ക് തുടർന്നും സ്‌കൂളിൽ പഠിക്കാൻ സാധിച്ചേക്കുമെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു. വീഡിയോ എടുത്ത അധ്യാപകരുടെ നടപടിയിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം കടുത്ത വിമർശനം ഉയർന്നിരുന്നു. വിദ്യാർഥിയുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അധ്യാപകർ പ്രചരിപ്പിച്ചത് ശരിയായില്ലെന്നാണ് വിമർശനം.
വെള്ളിയാഴ്‌ചയാണ് സംഭവം ഉണ്ടായതെങ്കിലും ചൊവ്വാഴ്‌ച വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. പിന്നാലെ വിദ്യാർഥിയെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. മൊബൈൽ ഫോൺ വാങ്ങിവെച്ചതിന്റെ പേരിലായിരുന്നു പാലക്കാട്ടെ ഒരു ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പലിന് നേരെ പ്ളസ് വൺ വിദ്യാർഥിയുടെ വധഭീഷണി.
Most Read| ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടു; രാജി പ്രഖ്യാപിച്ച് ഇസ്രയേലി സൈനിക മേധാവി





































