പികെ ശ്രീമതിയുടെ ‘വ്യക്‌തിഹത്യ’ പരാതി; കർശന നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

സംഘപരിവാർ അനുകൂല യൂട്യൂബ് ചാനലുകളും ചില ഓൺലൈൻ മാദ്ധ്യമങ്ങളും തനിക്കെതിരെ വ്യാജവും അപകീർത്തികരവുമായ വാർത്തകൾ പ്രചരിപ്പിച്ചെന്നാണ് പികെ ശ്രീമതിയുടെ പരാതി.

By Senior Reporter, Malabar News
PK Sreemathi
പികെ ശ്രീമതി (Image Courtesy: PK Sreemathi Teacher FB Page) Cropped by Team MN

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ആരോഗ്യമന്ത്രിയുമായ പികെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി വിഡി സതീശൻ. സംഘപരിവാർ അനുകൂല യൂട്യൂബ് ചാനലുകളും ചില ഓൺലൈൻ മാദ്ധ്യമങ്ങളും തനിക്കെതിരെ വ്യാജവും അപകീർത്തികരവുമായ വാർത്തകൾ പ്രചരിപ്പിച്ചെന്നാണ് പികെ ശ്രീമതിയുടെ പരാതി.

പരാതി വിശദമായി പരിശോധിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന് കൈമാറിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വനിതാ കമ്മീഷനും ശ്രീമതി പരാതി നൽകിയിട്ടുണ്ട്. മുൻ എംഎൽഎയുടെ ഭാര്യയെന്ന പേരിൽ നിയമസഭാ പെൻഷൻ അനധികൃതമായി കൈപ്പറ്റുന്നുവെന്ന തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിലും ചില യൂട്യൂബ് ചാനലുകളിലും വ്യാജവാർത്തകൾ പ്രചരിപ്പിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം.

ഈ പ്രചാരണങ്ങൾ മനഃപൂർവ്വം വ്യക്‌തിഹത്യ ലക്ഷ്യമിട്ടുള്ളതാണെന്നും അവർ ആരോപിച്ചു. 50 വർഷത്തിലേറെയായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന തനിക്കെതിരെ യാതൊരു വസ്‌തുതയും പരിശോധിക്കാതെയാണ് ചില മാദ്ധ്യമങ്ങൾ വാർത്തകൾ പ്രസിദ്ധീകരിച്ചതെന്ന് പികെ ശ്രീമതി പ്രതികരിച്ചു. ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞ് കഴിഞ്ഞദിവസം പികെ ശ്രീമതി മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞിരുന്നു.

വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുൻപ് വിശദീകരണം തേടാൻ പോലും ആരും തയ്യാറായില്ലെന്നും മാദ്ധ്യമ ധർമത്തിന് വിരുദ്ധമായ നടപടിയാണ് നടന്നതെന്നും അവർ പറഞ്ഞു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച ചാനലുകൾക്കും അതിന് പിന്നിലുള്ളവർക്കും എതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്‌തമാക്കിയിരുന്നു.

അതേസമയം, വ്യാജ വാർത്തകളും വ്യക്‌തിഹത്യ ലക്ഷ്യമിട്ടുള്ള ഓൺലൈൻ പ്രചാരണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം വിവിധ രാഷ്‌ട്രീയ- സാമൂഹിക മേഖലകളിൽ നിന്ന് ഉയരുന്നുണ്ട്. പികെ ശ്രീമതിയുടെ പരാതിയിൽ സർക്കാർ സ്വീകരിക്കുന്ന തുടർ നടപടികളിലേക്കാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE