ന്യൂഡെൽഹി: മാദ്ധ്യമങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഡെൽഹി തീസ് ഹസാരി കോടതി. ഓൺലൈൻ മാദ്ധ്യമ സ്‌ഥാപനമായ ‘ദി വയറു’മായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിരീക്ഷണം. മാദ്ധ്യമപ്രവർത്തനം എന്നത് ജനാധിപത്യത്തിന്റെ അടിസ്‌ഥാനങ്ങളിൽ ഒന്നാണെന്നും, അതിനാൽ മാദ്ധ്യമങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും കോടതി അറിയിച്ചു.
മാദ്ധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ലെങ്കിൽ ജനാധിപത്യത്തിന് ഗുരുതര ആഘാതം സൃഷ്‌ടിക്കുമെന്നും തീസ് ഹസാരി അഡീഷണൽ സെഷൻസ് ജഡ്‌ജി പാസ്വാൻ സിങ് റെജാവത്ത് വ്യക്‌തമാക്കി. കഴിഞ്ഞ ഒക്‌ടോബറിൽ ബിജെപി നേതാവ് അമിത് മാളവ്യ നൽകിയ പരാതിയിലാണ് ‘ദി വയറി’നെതിരെ പോലീസ് കേസെടുത്തത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വയറിന്റെ ഓഫീസിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ അടക്കം പിടിച്ചെടുത്തിരുന്നു.
ഇതിനെതിരെ മാദ്ധ്യമസ്‌ഥാപനത്തിന്റെ എഡിറ്റർമാർ നൽകിയ ഹരജിയിൽ ഉപകരണങ്ങൾ വിട്ടുനൽകാൻ ഡെൽഹി സിഎംഎം കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്‌ത് ഡെൽഹി പോലീസ് നൽകിയ ഹരജി തള്ളിക്കൊണ്ടാണ് തീസ് ഹസാരി കോടതിയുടെ ഉത്തരവ്. വ്യാജരേഖ ചമയ്‌ക്കൽ, അപകർത്തിപ്പെടുത്തൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഡെൽഹി പോലീസ് ദി വയറിനെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്.
സോഷ്യൽ മീഡിയ ഭീമൻമാരായ വാട്‌സ് ആപ്, ഫേസ്‌ബുക്ക്, ഇൻസ്‌റ്റഗ്രാം എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ അമിത് മാളവ്യക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകിയെന്ന് അവകാശപ്പെടുന്ന അന്വേഷണ റിപ്പോർട്ടുകളുടെ ഒരു പരമ്പര ‘ദി വയർ’ നേരത്തെ പ്രസിദ്ധീകരിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്‌തിരുന്നു. ‘ദി വയർ’ സ്‌ഥാപകൻ സിദ്ധാര്‍ത്ഥ് ഭാട്ടിയ, എഡിറ്റർ എംകെ വേണു, ഡെപ്യൂട്ടി എഡിറ്ററും എക്‌സിക്യൂട്ടീവ് ന്യൂസ് പ്രൊഡ്യൂസറുമായ ജാഹ്‌നവി സെൻ, ഫൗണ്ടേഷൻ ഫോർ ഇൻഡിപെൻഡന്റ് ജേർണലിസം എന്നിവർക്കെതിരെയാണ് ബിജെപി നേതാവ് കേസ് നൽകിയത്.
Most Read| ‘പ്രസിഡണ്ടുമായി ഫോണിൽ സംസാരിച്ചു, പലസ്‌തീനുള്ള മാനുഷിക സഹായം തുടരും’; പ്രധാനമന്ത്രി