കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ് മരിച്ച ഷഹബാസിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. മകനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുതിർന്നവരുടെ പങ്ക് കൂടി അന്വേഷിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. മുഖ്യമന്ത്രി ഇന്ന് കോഴിക്കോട് എത്തുമ്പോഴാണ് കൂടിക്കാഴ്‌ച.
സംഭവത്തിൽ മുതിർന്നവർക്ക് പങ്കുണ്ടെന്നും ഇത് അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഷഹബാസിന്റെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. എളേറ്റിൽ വട്ടോളി സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥിയായിരുന്നു മുഹമ്മദ് ഷഹബാസ്.
താമരശ്ശേരിയിൽ ഷഹബാസ് പഠിക്കുന്ന സ്‌കൂളിലെ വിദ്യാർഥികളും താമരശ്ശേരി കൊരങ്ങാട് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളും തമ്മിൽ ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലി സംഘർഷം ഉണ്ടായിരുന്നു. സംഘർഷത്തെ തുടർന്ന് വിദ്യാർഥികൾ ഷഹബാസിനെ ക്രൂരമായി മർദ്ദിച്ചു. ഫെബ്രുവരി 27നായിരുന്നു സംഭവം.
നഞ്ചക്ക് കൊണ്ട് തലയ്‌ക്ക് അടിയേറ്റ ഷഹബാസ് ആദ്യം താമരശ്ശേരിയിൽ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിൽസ തേടി. മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ സഹായത്തോടെ ചികിൽസയിലിരിക്കെ മാർച്ച് ഒന്നിന് പുലർച്ചെ ഷഹബാസ് മരണത്തിന് കീഴടങ്ങി. താമരശേരി സ്‌കൂളിലെ പത്താം വിദ്യാർഥികളായ അഞ്ചുപേർക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ