തിരുവനന്തപുരം: രണ്ടുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ആവേശം. ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയും ന്യൂസിലൻഡും ഇന്ന് രാത്രി ഏഴിന് ഇവിടെ ഏറ്റുമുട്ടും. സഞ്‌ജു സാംസൺ സ്വന്തംനാട്ടിൽ ആദ്യമായി അന്താരാഷ്‌ട്ര മൽസരത്തിന് ഇറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഒറ്റദിവസംകൊണ്ട് ടിക്കറ്റ് മുഴുവൻ വിറ്റുതീർന്നതിന്റെ റെക്കോർഡുമായാണ് ഇത്തവണ കാര്യവട്ടത്ത് മൽസരമെത്തുന്നത്. വെള്ളിയാഴ്‌ച വൈകീട്ട് ഇന്ത്യൻ ടീം സ്‌റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങി. സ്‌റ്റേഡിയത്തിൽ എത്തിയ സഞ്‌ജു ഗംഭീര വെടിക്കെട്ട് പ്രകടനത്തോടെയാണ് പരിശീലനം പൂർത്തിയാക്കിയത്.
സൂര്യകുമാറും ഇഷാൻ കിഷനും ശ്രേയസ് അയ്യരും നെറ്റ്സിൽ പരിശീലനം നടത്തി. അക്ഷർ പട്ടേൽ, ബുംറ, കുൽദീപ്, വരുൺ ചക്രവർത്തി എന്നിവരും പരിശീലനത്തിനെത്തി. ന്യൂസിലൻഡ് ടീമും ക്യാപ്റ്റൻ സാന്റ്നറുടെ നേതൃത്വത്തിൽ ഉച്ചയ്‌ക്ക് പരിശീലനത്തിനെത്തി. ലോകകപ്പിന് മുൻപുള്ള അവസാന മൽസരമാണ് ഇന്നത്തേത് എന്ന പ്രത്യേകതയുമുണ്ട്.
ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമുതൽ കാണികൾക്ക് സ്‌റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ട്. കനത്ത പോലീസ് സംരക്ഷണയിലാണ് മൽസരം നടക്കുക. പാർക്കിങ്ങിന് നേരത്തെ തന്നെ സ്‌ഥലങ്ങൾ നിശ്‌ചയിച്ചിട്ടുണ്ട്. മൽസരത്തിന് മുന്നോടിയായി ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമുതൽ അർധരാത്രി 12 മണിവരെ തലസ്‌ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം








































