തിരുവനന്തപുരം: കെഎസ്ആർടിസി-പ്രൈവറ്റ് ബസുമായി ബന്ധപ്പെട്ട ഗതാഗത മന്ത്രി കെബി. ഗണേഷ് കുമാറിന്റെ പ്രസ്‌താവനയെ നിയമസഭയിൽ പരസ്യമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രൈവറ്റ് ബസുകളോട് മൽസരിക്കേണ്ടെന്ന് കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകിയെന്ന ഗണേഷ് കുമാറിന്റെ വാക്കുകളാണ് മുഖ്യമന്ത്രി തിരുത്തിയത്.
കെഎസ്ആർടിസി നഷ്‌ടത്തിൽ പോയതിന്റെ ഒരു കാരണം താൻ പരസ്യമാക്കാം എന്ന് പറഞ്ഞായിരുന്നു ഗണേഷ് കുമാറിന്റെ പ്രസംഗം ആരംഭിച്ചത്. പ്രൈവറ്റ് ബസിന്റെ മുന്നിൽ കയറി ഓടുന്ന പതിവ് മുൻപ് കെഎസ്ആർടിസിക്ക് ഉണ്ടായിരുന്നു. എന്നാൽ, പുതിയ ബസ് ഉപയോഗിക്കുന്ന പ്രൈവറ്റുകാർ പലപ്പോഴും മൽസരയോട്ടം നടത്തി. സുരക്ഷ കണക്കിലെടുത്ത് കെഎസ്ആർടിസി ഡ്രൈവർമാർ ഇതിന് തയ്യാറായില്ല.
താൻ മന്ത്രിയായി എത്തിയപ്പോൾ പ്രൈവറ്റ് ബസുമായി മൽസരിക്കേണ്ട എന്ന നയം സ്വീകരിച്ചു. അവർ ഒരു ബിസിനസാണ് നടത്തുന്നത്. അവർ ടാക്‌സ് അടക്കുന്നവരാണ്, അവർ അത് നടത്തട്ടെ. മൽസരയോട്ടം വേണ്ട. പകരം കെഎസ്ആർടിസിക്ക് മാത്രമായുള്ള റൂട്ടുകളിൽ പുതിയ ബസ് ഉപയോഗിച്ച് സർവീസ് ആരംഭിച്ചു. പ്രൈവറ്റ് ബസ് പോകാത്ത റൂട്ടുകളിലേക്ക് മാറി. ലോക്കൽ ബസുകളിൽ ഇതിലൂടെ നല്ല കലക്ഷൻ ഉണ്ടായതായും മന്ത്രി പറഞ്ഞു.
അനാവശ്യമായ മൽസരയോട്ടം വേണ്ടെന്ന് തീരുമാനിച്ചതുകൊണ്ടാണ് ഇത് സാധിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗണേഷ് കുമാർ പ്രസംഗിച്ചതിന് പിന്നാലെ സംസാരിച്ച മുഖ്യമന്ത്രി ഇത് തിരുത്തി. പ്രൈവറ്റ് ബസ് ഓടുന്ന സ്‌ഥലത്ത് കെഎസ്ആർടിസി ഓടാതിരിക്കുക, അതൊരു നയമായി മന്ത്രി പറയുന്നത് പോലെ തോന്നി. അങ്ങനെ വന്നാൽ വലിയ പ്രയാസങ്ങളുണ്ടാക്കും. അതൊഴിവാക്കേണ്ടതാണ്.
കേരളത്തിൽ ധാരാളം പ്രൈവറ്റ് ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഓടുന്നുണ്ട്. ഇവിടെ നിന്നെല്ലാം കെഎസ്ആർടിസിയെ പിൻവലിക്കാൻ ആവില്ലെന്ന് പറഞ്ഞാണ് ഗതാഗത മന്ത്രിയെ തിരുത്തിയത്. പിന്നാലെ, പ്രൈവറ്റ് ബസുമായി അനാവശ്യ മൽസരമില്ലെന്നാണ് താൻ പറഞ്ഞതെന്നും എല്ലാ സ്‌ഥലത്തും മാറിക്കൊടുക്കും എന്നല്ലെന്നും മന്ത്രി വ്യക്‌തമാക്കി.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം






































