വാഷിങ്ടൻ: വിദേശ രാജ്യങ്ങൾക്ക് കനത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. കോടതി വിധിയുടെ മറവിൽ കളിക്കാൻ നിൽക്കുന്ന രാജ്യങ്ങൾക്ക് ഇതിലും വലിയ തീരുവയും പ്രത്യാഘാതങ്ങളും നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി.
ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെയാണ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്. സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
”വർഷങ്ങളായി യുഎസിനെ കൊള്ളയടിക്കുന്ന രാജ്യങ്ങൾ കോടതി വിധിയെ കൂട്ടുപിടിച്ചു കളിക്കാൻ ശ്രമിച്ചാൽ, അവർക്ക് മുൻപ് ഉള്ളതിനേക്കാൾ ഉയർന്ന തീരുവയും പ്രത്യാഘാതങ്ങളും നേരിടേണ്ടി വരും. ജാഗ്രത പാലിക്കുക”- ട്രംപ് കുറിച്ചു.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവയും പകരച്ചുങ്കവുമാണ് 6-3 ഭൂരിപക്ഷത്തിൽ യുഎസ് സുപ്രീം കോടതി റദ്ദാക്കിയത്. ട്രംപിന്റെ നടപടി നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ വിധി.
വ്യാപകമായ രീതിയിൽ താരിഫുകൾ ഏർപ്പെടുത്തിയ ട്രംപ്, തന്റെ അധികാര പരിധി ലംഘിച്ചു. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്നും കോടതി വിധിയിൽ പറയുന്നു.
1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക്ക് പവേഴ്സ് ആക്ട് (IEEPA) ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികൾ അടിച്ചേൽപ്പിക്കാൻ പ്രസിഡണ്ടിന് അധികാരമില്ലെന്നും, യുഎസ് കോൺഗ്രസിനാണ് നികുതികളും താരിഫുകളും പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ, തന്റെ വ്യാപാര പദ്ധതികൾ സംരക്ഷിക്കുന്നതിനായി വിദേശ ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം ഇറക്കുമതി തീരുവ ചുമത്തിക്കൊണ്ടുള്ള പുതിയ ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചിരുന്നു. തൊട്ടടുത്ത ദിവസം ഇത് 15 ശതമാനമായി ഉയർത്തുകയും ചെയ്തു. 1974ലെ വ്യാപാര നിയമപ്രകാരമാണ് ഉത്തരവെന്നാണ് ട്രംപിന്റെ വിശദീകരണം.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല







































