ജറുസലേം: ഇന്ത്യ- ഇസ്രയേൽ സ്വതന്ത്ര വ്യാപാരക്കരാർ ഉടനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇസ്രയേലിലെത്തിയ നരേന്ദ്രമോദി, ബെന്യാമിൻ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇരു വിഭാഗങ്ങൾക്കും ഗുണം ചെയ്യുന്ന കരാർ അന്തിമഘട്ടത്തിൽ എത്തിക്കാൻ ശ്രമിക്കുമെന്നും മോദി പറഞ്ഞു. അതേസമയം, ഇന്ത്യ- ഇസ്രയേൽ യുപിഐ സംവിധാനങ്ങൾ തമ്മിൽ ബന്ധിപ്പിക്കാനുള്ള കരാറിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചു. പ്രതിരോധം, സുരക്ഷ, തൊഴിൽ, വാണിജ്യം, എഐ, സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ വിവിധ മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട് നേതാക്കൾ വിപുലമായ ചർച്ച നടത്തി.
ഇന്നൊവേഷൻ, കാർഷിക രംഗങ്ങളിലെ സഹകരണത്തിനായി വിവിധ കരാറുകളിലും ഇന്ത്യയും ഇസ്രയേലും ഒപ്പുവെച്ചു. ഗാസ സമാധാന പദ്ധതിയെ ഇന്ത്യ പിന്തുണയ്ക്കുമെന്നും മാനവരാശി സംഘർഷങ്ങളുടെ ഇരയാകരുതെന്നും മോദി പറഞ്ഞു. ഇസ്രയേൽ പ്രസിഡണ്ട് ഐസക് ഹെർസോഗിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. വരുമ്പോൾ ഡെൽഹി മാത്രം സന്ദർശിക്കരുതെന്നും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും കൂടി യാത്ര ചെയ്യണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
2017ലാണ് മോദി ഇസ്രയേൽ ആദ്യമായി സന്ദർശിച്ചത്. ഒമ്പത് വർഷത്തിന് ശേഷം പ്രധാനമന്ത്രി വീണ്ടും ഇസ്രയേൽ സന്ദർശിക്കുമ്പോൾ അതിന് തിരഞ്ഞെടുത്ത സമയം വിമർശനത്തിന് കാരണമായിട്ടുണ്ട്. യുഎസ് ആക്രമണം ഉണ്ടായേക്കുമെന്ന ആശങ്കയിൽ ഇറാനിൽ നിന്ന് ഇന്ത്യക്കാരോട് മടങ്ങാൻ നിർദ്ദേശിക്കുന്ന സമയത്താണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്ററി സമിതി യോഗത്തിൽ ചില അംഗങ്ങൾ വിമർശനം ഉയർത്തിയത്.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ


































