
പൊന്നാനി: പശ്ചിമേഷ്യയിൽ ഉൾപ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങളെയും യുദ്ധസമാന സാഹചര്യങ്ങളെയും ശക്തമായി അപലപിച്ചും സമാധാനം നിലനിറുത്താൻ മാനവികത ഉയർത്തിപ്പിടിക്കണമെന്ന് ആഹ്വാനം ചെയ്തും ജനകീയ നോമ്പുതുറയുടെ സൗഹൃദ സംഗമം പി നന്ദകുമാർ എംഎൽഎ ഉൽഘാടനം ചെയ്തു.
പൊന്നാനി മാസ് ഓഡിറ്റോറിയത്തിൽ നടത്തിയ നോമ്പുതുറയിൽ (PCWF Iftar Meet) സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം ഉയർത്തിയാണ് സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ള രണ്ടായിരത്തിലധികം പേർ പങ്കെടുത്തത്. ജാതിമത-കക്ഷി രാഷ്ട്രീയ ഭേദമന്യേ പങ്കെടുത്ത എല്ലാവരും ലോകജനതയെ ആശങ്കയിലാഴ്ത്തിയ യുദ്ധസാഹചര്യത്തെ അപലപിച്ചു.

യുദ്ധം അവസാനിച്ച് സമാധാനം പുലരാനുള്ള പ്രത്യേക പ്രാർഥനക്ക് മഖ്ദൂം എംപി മുത്തു കോയ തങ്ങൾ നേതൃത്വം നൽകി. PCWF ഗ്ളോബൽ പ്രസിഡണ്ട് സിഎസ് പൊന്നാനി അധ്യക്ഷത വഹിച്ച ചടങ്ങിൽ സാഹിത്യകാരനും പിസിഡബ്ള്യുഎഫ് ഉപദേശകസമിതി ചെയർമാനുമായ കെപി രാമനുണ്ണിയാണ് മുഖ്യ പ്രഭാഷണം നിർവഹിച്ചത്. ചടങ്ങിൽ വഖഫ് ബോർഡ് ചെയർമാൻ എംകെ സക്കീർ മുഖ്യാതിഥിയായിരുന്നു.
‘കൂടെയുള്ളവർക്ക് കൂടൊരുക്കാം’ എന്ന പേരിൽ PCWF ആരംഭിച്ച ഹോം പ്രൊജക്റ്റ് ഡിസൈൻ പ്രകാശനം അക്ബർ ഗ്രൂപ്പ് സ്ഥാപകനും സിഎംഡിയുമായ ഡോ. കെവി അബ്ദുൽ നാസർ നിർവഹിച്ചു. ട്രോമ കെയർ ടീമിന് യൂണിഫോം വിതരണം, കഅബ് ചികിൽസാ സഹായ സമിതിക്ക് ഫണ്ട് നൽകൽ, വിദ്യാഭ്യാസ സഹായ വിതരണം ‘സ്വാശ്രയ തൊഴിൽ സംരംഭം’ തയ്യൽ മെഷീൻ വിതരണം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു.

പെരുമ്പടപ്പ് ബ്ളോക് പഞ്ചായത്ത് പ്രസിഡണ്ട് റമീന ഇസ്മായിൽ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുബ്സിറ സിറാജ്, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വൽസല കുമാർ, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡണ്ട് ഖദീജ മുത്തേടത്ത്, ആലംകോട് ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡണ്ട് സുബൈർ ഉദിനുപ്പറമ്പിൽ, അജയ് മോഹനൻ, ടിഎം സിദ്ധീഖ്, അജിത് കോളാടി, രവി തേലത്ത്, അഹമദ് ബാഫഖി തങ്ങൾ, കെപി നൗഷാദ് അലി, മുഹമ്മദ് പൊന്നാനി, പിപി സക്കീർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

ടികെ അഷ്റഫ്, ഒസി സലാഹു, സികെ മുഹമ്മദ് ഹാജി, പ്രൊഫ. വികെ ബേബി, റഫിഖ് നഹൽ എന്നിവർ ഉൾപ്പടെ പങ്കെടുത്ത ചടങ്ങിൽ PCWF കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സിവി മുഹമ്മദ് നവാസ് സ്വാഗതവും, സംഘാടക സമിതി കൺവീനർ മുജീബ് കിസ്മത്ത് നന്ദിയും പറഞ്ഞു.
MOST READ | ഇറാൻ ഡ്രോണാക്രമണം; സൗദിയിലെ അരാംകോ റിഫൈനറി അടച്ചു.




































