തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന് അഞ്ച് ഉറപ്പുകൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. കേരളത്തിലെ ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും സ്‌ത്രീകളെയും യുവാക്കളെയും ശാക്‌തീകരിക്കുന്നതിനുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഉൽഘാടനം ചെയ്യവെയാണ് രാഹുലിന്റെ പ്രഖ്യാപനങ്ങൾ.
പ്രധാന പ്രഖ്യാപനങ്ങൾ
- കെഎസ്ആർടിസി ബസിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര, കോളേജ് വിദ്യാർഥിനികൾക്ക് മാസം 1000 രൂപ.
- ക്ഷേമ പെൻഷൻ മാസം 3000 രൂപയാക്കും
- ഒരു കുടുംബത്തിന് 25 ലക്ഷം വരെയുള്ള ആരോഗ്യ ഇൻഷുറൻസ്
- ചെറുപ്പക്കാർക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് അഞ്ചുലക്ഷം രൂപവരെ പലിശരഹിത വായ്‌പ
- മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് ആരംഭിക്കും
കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക, സ്‌ത്രീകളെയും യുവാക്കളെയും ശാക്‌തീകരിക്കുക, എല്ലാ പൗരൻമാർക്കും സമഗ്രമായ സാമൂഹിക സുരക്ഷ ഒരുക്കുക എന്നിവയാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് യുഡിഎഫ് പറയുന്നു.
ജനക്ഷേമം, പുതിയ തൊഴിൽ അവസരങ്ങൾ, അന്തസുള്ള ജീവിതം എന്നിവയിൽ അധിഷ്‌ഠിതമായ ഗ്യാരണ്ടികളാണ് കോൺഗ്രസ് നേതൃത്വം ഈ വാഗ്‌ദാനങ്ങളിലൂടെ മുന്നോട്ട് വയ്‌ക്കുന്നത്. വിശദമായ പ്രകടന പത്രിക വരും ദിവസങ്ങളിൽ പുറത്തിറക്കുമെന്നും യുഡിഎഫ് വ്യക്‌തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാഹുൽ ഗാന്ധി കടന്നാക്രമിച്ചു. യുഎസുമായി വ്യാപാര കരാർ ഒപ്പിട്ടതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്ക പറയുന്നവരിൽ നിന്ന് മാത്രമേ എണ്ണ വാങ്ങൂ എന്ന് പ്രധാനമന്ത്രി ധാരണയിലെത്തി. ജനങ്ങളുടെ ഡേറ്റ ഇന്ത്യൻ സർക്കാർ യുഎസിന് അടിയറവുവെച്ചു.
എപ്‌സ്‌റ്റീൻ ഫയലുകൾ ഇനിയും പുറത്തുവരാനുണ്ട്. ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരുമുണ്ട്. പരിഭ്രമിച്ചാണ് അമേരിക്കയുമായുള്ള കരാറിൽ പ്രധാനമന്ത്രി ഒപ്പിട്ടത്. ട്രംപാണ് പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത്. അതുപോലെയാണ് പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
Most Read| ആലപ്പുഴയുടെ സ്വപ്‌ന പദ്ധതി; പെരുമ്പളം പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി





































