ഹരീഷ് റാണെയുടെ ദയാവധം; വാദിച്ച് ജയിച്ച് മലയാളി അഭിഭാഷക, പ്രശംസിച്ച് കോടതി

രാജ്യത്ത് ആദ്യമായി നിഷ്‌ക്രിയ ദയാവധത്തിന് അനുമതി നൽകുന്നതിലേക്ക് നയിച്ച ഹരീഷ് റാണെയുടെ കേസ് മികവോടെ അവതരിപ്പിച്ചത് മലയാളി അഭിഭാഷകയായ രശ്‌മി നന്ദകുമാറാണ്. ഹരീഷ് റാണെയുടെ പിതാവിന് വേണ്ടി ഹാജരായ രശ്‌മി നടത്തിയ ഇടപെടലുകൾ, വിധിയിൽ സുപ്രീം കോടതി പ്രശംസിക്കുകയും ചെയ്‌തു.

By Senior Reporter, Malabar News
Malayali lawyer Rashmi Nandakumar
രശ്‌മി നന്ദകുമാർ (Image Courtesy: Mathrubhumi English Online)
Ajwa Travels

ന്യൂഡെൽഹി: 13 വർഷമായി കോമയിൽ കഴിയുന്ന നോയിഡ സ്വദേശിയായ 32-കാരൻ ഹരീഷ് റാണെയുടെ ദയാവധത്തിനാണ് സുപ്രീം കോടതി ഇന്നലെ അനുമതി നൽകിയത്. മകന്റെ ദുരിതാവസ്‌ഥ കണ്ടുമടുത്ത മാതാപിതാക്കളാണ് ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

രാജ്യത്ത് ആദ്യമായി നിഷ്‌ക്രിയ ദയാവധത്തിന് അനുമതി നൽകുന്നതിലേക്ക് നയിച്ച ഹരീഷ് റാണെയുടെ കേസ് മികവോടെ അവതരിപ്പിച്ചത് മലയാളി അഭിഭാഷകയായ രശ്‌മി നന്ദകുമാറാണ്. ഹരീഷിന്റെ കുടുംബത്തിന്റെ നിസഹായവസ്‌ഥയും വേദനയുമെല്ലാം കോടതിയെ ബോധ്യപ്പെടുത്താൻ രശ്‌മിക്കായി. ഹരീഷ് റാണെയുടെ പിതാവിന് വേണ്ടി ഹാജരായ രശ്‌മി നടത്തിയ ഇടപെടലുകൾ, വിധിയിൽ സുപ്രീം കോടതി പ്രശംസിക്കുകയും ചെയ്‌തു.

വിവിധ രാജ്യങ്ങളിലേത് ഉൾപ്പടെ ഒട്ടേറെ കോടതിവിധികൾ ഹരജിയിൽ ഉൾപ്പെടുത്താൻ രശ്‌മിക്ക് സാധിച്ചതായി ജസ്‌റ്റിസ്‌ കെവി. വിശ്വനാഥിന്റെ വിധിന്യായത്തിൽ പറഞ്ഞു. അഭിഭാഷകയെന്ന നിലയിൽ വാദങ്ങൾ അവതരിപ്പിച്ചതിനപ്പുറം, അവരുടെ വീട്ടിൽ പലകുറി പോയി, ഹരീഷിനെ നേരിൽക്കണ്ടും രക്ഷിതാക്കളുടെ പ്രയാസങ്ങൾ മനസിലാക്കിയും ദയാമരണം നടപ്പാക്കുന്നതിനുള്ള തടസങ്ങൾ മറികടക്കാൻ രശ്‌മി ഒപ്പംനിന്നു.

ദയാവധം നിയമവിധേയമാക്കിയ കോമൺ കോസ് വേഴ്‌സസ്‌ യൂണിയൻ ഓഫ് ഇന്ത്യ കേസിലെ ഉത്തരവ് കൂടുതൽ ലളിതമാക്കാൻ 2023ൽ മുന്നിൽ നിന്നയാളാണ് രശ്‌മി. ദയാവധത്തിന് നടപടിക്രമം ലളിതമാക്കണം എന്നായിരുന്നു അന്ന് രശ്‌മി വാദിച്ചത്. ഈ പശ്‌ചാത്തലത്തിലാണ്‌ ഹരീഷിന്റെ രക്ഷിതാക്കളെ രശ്‌മിയുടെ അടുത്തേക്ക് എത്തിച്ചത്.

ഹരീഷിന്റെ ദയാവധ ആവശ്യവുമായി അവർ നേരത്തെ ഡെൽഹി ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നതാണ്. ഹരീഷിന്റെ സാഹചര്യം വിവരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിക്കൊപ്പം സംയുക്‌തമായി റിപ്പോർട് നൽകാൻ രശ്‌മിയോട് നിർദ്ദേശിച്ച ബെഞ്ച്, ഒരുഘട്ടത്തിൽ രക്ഷിതാക്കളെ നേരിട്ടുകണ്ട് സംസാരിച്ചു.

ഇന്നലെ കോടതിവിധി പറഞ്ഞ ശേഷവും രശ്‌മി ഹരീഷിന്റെ അമ്മയോടും അച്ഛനോടും സംസാരിച്ചു. കൊല്ലം സ്വദേശിനിയായ രശ്‌മി, മുൻ സിവിൽ സർവീസ് ഉദ്യോഗസ്‌ഥനും നാഷണൽ ഡയറി ഡെവലപ്പ്മെന്റ് ബോർഡ് മുൻ ചെയർമാനുമായിരുന്ന ടി. നന്ദകുമാറിന്റെയും രമയുടെയും മകളാണ്. കൊൽക്കത്ത എൻയുജെഎസിൽ നിന്ന് നിയമ ബിരുദം നേടിയ രശ്‌മി, 2018 മുതൽ സുപ്രീം കോടതിയിൽ അഭിഭാഷകയാണ്.

എന്താണ് കേസ്?

2013 ഓഗസ്‌റ്റിൽ സർവകലാശാലയിൽ എൻജിനിയറിങ്ങിന് പഠിക്കുമ്പോൾ, താമസിച്ചിരുന്ന വാടക കെട്ടിടത്തിൽ നിന്ന് വീണാണ് ഹരീഷ് റാണെയ്‌ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്നുമുതൽ കിടപ്പിലാണ്. ശരീരം അനക്കാൻ പോലും കഴിയാത്തവിധം 100% വൈകല്യം ബാധിച്ചു. ശുശ്രൂഷയ്‌ക്ക് ഒരാളെ പോലും വയ്‌ക്കാതെ അച്ഛനും അമ്മയും സഹോദരനും സഹോദരിയും അടങ്ങുന്ന കുടുംബം ഹരീഷിനെ പരിപാലിച്ചു. എന്നാൽ, സാമ്പത്തിക പരാധീനതയും മകൻ അനുഭവിക്കുന്ന ദൈന്യതയുമാണ് ദയാമരണം തേടാൻ കുടുംബത്തെ പ്രേരിപ്പിച്ചത്.

എന്താണ് ദയാവധം (ദയാമരണം)

അതീവ ഗുരുതര രോഗങ്ങളുള്ളവരെ മറ്റു ചികിൽസാ മാർഗങ്ങളൊന്നുമില്ലാത്ത അവസ്‌ഥയിൽ മരിക്കാൻ അനുവദിക്കുന്നതാണ് ദയാവധം (ദയാമരണം).

‘യുത്തനേസ്യ’ എന്ന ഗ്രീക്ക് പദത്തിന്റെ അർഥം ‘നല്ല മരണം’ എന്നാണ്. ജീവച്‌ഛവമായ രോഗികളെ ചികിൽസയും മരുന്നും ജീവൻരക്ഷാ ഉപകരണങ്ങളും പിൻവലിച്ച് മരണത്തിലേക്ക് വിടുക (Passive Euthanasia), ഡോക്‌ടറുടെ മേൽനോട്ടത്തിൽ മരുന്നും ഇൻജക്ഷനും മറ്റും ഉപയോഗിച്ചുള്ള മരണം നടപ്പാക്കുക (Active Euthanasia), ഡോക്‌ടറുടെ സഹായത്തോടെ സ്വയം മരണം വരിക്കുക (Physician Aided Suicide) തുടങ്ങിയവയാണ് വിവിധ ദയാമരണ രീതികൾ.

Related News| നോയിഡ സ്വദേശിക്ക് ദയാവധം അനുവദിച്ച് സുപ്രീം കോടതി; രാജ്യത്ത് ആദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE