കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസിലെ ഒന്നാംപ്രതി ആലുവ അതുലാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അതുലിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ജാമ്യത്തിലിറങ്ങിയ അതുൽ സ്‌റ്റേഷനിലേക്ക് മടങ്ങുകയായിരുന്നു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. തിരക്കുള്ള റോഡിൽ വെച്ചാണ് അതുലിനെ അക്രമികൾ കാറിൽ നിന്ന് വലിച്ചിറക്കി വെട്ടിക്കൊന്നത്.
ഇന്നോവയിലെത്തിയ സംഘം അതുൽ സഞ്ചരിച്ച കാറിലിടിക്കുകയായിരുന്നു. തുടർന്ന് ദേശീയപാതയുടെ പണി നടക്കുന്ന കുഴിയിലേക്ക് അതുലിന്റെ കാറിനെ വീഴ്‌ത്തിയ ശേഷം വടിവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പല കേസുകളിലും മുഖ്യപ്രതിയാണ് കൊല്ലപ്പെട്ട അതുൽ.
2025 മാർച്ച് 27നാണ് പടനായർകുളങ്ങര വടക്ക് കെട്ടിശ്ശേരിൽ കിഴക്കതിൽ വീട്ടിൽ എ. സന്തോഷ് കുമാറെന്ന ജിം സന്തോഷ് കൊല്ലപ്പെട്ടത്. പുലർച്ചെ വടിവാളും കമ്പിപ്പാരയും ഉൾപ്പടെയുള്ള ആയുധങ്ങളുമായി കാറിലെത്തിയ സംഘം ആദ്യം സന്തോഷിന്റെ അമ്മ ഓമന കിടക്കുന്ന മുറിയുടെ കതക് വെട്ടിപ്പൊളിച്ച് ഉള്ളിൽ കടന്നു.
ആ മുറിയിൽ സന്തോഷ് ഇല്ലെന്നറിഞ്ഞതോടെ സംഘം തൊട്ടടുത്ത മുറിയുടെ കതക് തകർത്ത് അകത്തുകയറി സന്തോഷിനെ ആക്രമിക്കുകയായിരുന്നു. അക്രമികൾ സ്‍ഫോടക വസ്‌തുക്കൾ മുറിയിൽ പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌തു. മാതാവിന്റെ മുന്നിൽ വെച്ചായിരുന്നു അക്രമങ്ങളെല്ലാം.
ശരീരത്തിന്റെ പല ഭാഗത്തും വെട്ടേറ്റ സന്തോഷ് മരിച്ചെന്ന് കരുതി സംഘം മടങ്ങി. ഇതിന് ശേഷം സന്തോഷ് തന്നെയാണ് ആംബുലൻസ് വിളിച്ചത്. എന്നാൽ, താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കേസിലെ ഒന്നാം പ്രതിയാണ് ആലുവ അതുൽ. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.
Most Read| ആശ്വാസ വാർത്ത; എൽപിജി വഹിച്ചുള്ള ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു




































