ന്യൂഡെൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അടച്ചിട്ട ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾ ഒന്നാകെ കടത്തിവിടാൻ ഇറാനുമായി ധാരണയുണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ഹോർമുസ് വഴിയുള്ള വ്യാപാരക്കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിന് യുഎസുമായി ഉഭയകക്ഷി ചർച്ചകളിൽ ഇന്ത്യ ഏർപ്പെട്ടിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് തുറക്കാനായി യുദ്ധക്കപ്പലുകൾ അയക്കാൻ ഒട്ടേറെ രാജ്യങ്ങളോട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ, ഈ വിഷയത്തിൽ യുഎസുമായി ഇന്ത്യ ഉഭയകക്ഷി ചർച്ച നടത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഹോർമുസിലേക്ക് യുദ്ധക്കപ്പൽ അയക്കാൻ ഇന്ത്യയോട് ട്രംപ് അഭ്യർഥിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഈ വിഷയത്തിൽ ചർച്ചയുണ്ടായിട്ടില്ലെന്നാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ മറുപടി നൽകിയത്. അതേസമയം, ഹോർമുസ് തുറക്കാനായി എല്ലാ രാജ്യങ്ങളും പശ്ചിമേഷ്യൻ മേഖലയിലെ സൈനിക ഓപ്പറേഷനുകൾ ഉടൻ നിർത്തിവെക്കണമെന്നാണ് ട്രംപിന്റെ ആഹ്വാനത്തോട് ചൈന പ്രതികരിച്ചത്.
‘ശിവാലിക്’ മുന്ദ്രയിലെത്തി, ‘നന്ദാദേവി’ ഇന്നെത്തും
ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എൽപിജി കപ്പലായ ‘ശിവാലിക്’ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് സുരക്ഷിതമായി എത്തിച്ചേർന്നു. ഹോർമുസ് കടലിടുക്ക് പിന്നിട്ടാണ് തിങ്കളാഴ്ച കപ്പൽ ഇന്ത്യൻ തീരത്തെത്തിയത്. ഇറാനുനേരെ യുഎസ്- ഇസ്രയേൽ സംഘർഷം ആരംഭിച്ചശേഷം ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലെത്തുന്ന ആദ്യ എൽപിജി കപ്പലാണ് ശിവാലിക്.
മറ്റൊരു എൽപിജി കപ്പലായ ‘നന്ദാദേവി’ ഹോർമുസ് പിന്നിട്ടതായും ഇന്ന് കണ്ട്ല തുറമുഖത്തെത്തും. ഇരുകപ്പലുകളിലുമായി 92,712 മെട്രിക് ടൺ ഏൽപിജിയാണുള്ളത്. യുഎഇയിൽ നിന്ന് 80,800 മെട്രിക് ടൺ അസംസ്കൃത എണ്ണയുമായി തിരിച്ച ഇന്ത്യൻ പതാക വഹിക്കുന്ന ‘ജാഗ് ലാഡ്കി’ എന്ന കപ്പലും സുരക്ഷിതമായി ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് പരിസരത്ത് ഇന്ത്യയുടെ 28 കപ്പലുകൾ ഉണ്ടായിരുന്നതിൽ 22 എണ്ണവും ഇപ്പോഴും അവിടെ തുടരുകയാണ്.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം






































