വാഷിങ്ടൻ: ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ സൈനികരെ വിന്യസിക്കാൻ തീരുമാനിച്ച് ട്രംപ് ഭരണകൂടം. ഇറാന്റെ ആക്രമണം ശക്‌തമാകുന്ന സാഹചര്യത്തിലാണ് ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ പ്രതിരോധ സംവിധാനം ഒരുക്കാൻ തീരുമാനിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ആയിരക്കണക്കിന് സൈനികരെ വിന്യസിക്കുമെന്നാണ് വിവരം. ഹോർമുസിലൂടെ എണ്ണ ടാങ്കറുകളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കാനും സൈനികരെ നിയോഗിച്ചേക്കുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്യുന്നത്. ഇറാന്റെ തീരങ്ങളിലും സേനകൾ വിന്യസിച്ചേക്കും.
സംഘർഷം തുടരുന്നതിനിടെ, സൗദിയിലെ റിയാദ് നഗരത്തിലെ ജനവാസ മേഖലയിൽ ബാലിസ്‌റ്റിക് മിസൈലിന്റെ അവശിഷ്‌ടങ്ങൾ പതിച്ച് നാല് പ്രവാസികൾക്ക് പരിക്കേറ്റു. പ്രതിരോധ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. റിയാദിൽ ഇസ്‌ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തിര യോഗം നടക്കവെയായിരുന്നു ഇറാന്റെ ആക്രമണം.
അതേസമയം, മേഖലയിലെ സമാധാനം തകർക്കുന്ന രീതിയിൽ സായുധ സംഘങ്ങൾക്ക് ആയുധവും ഫണ്ടും നൽകുന്നത് ഇറാൻ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് 12 ഗൾഫ്- അറബ്-ഇസ്‌ലാമിക് രാജ്യങ്ങൾ സംയുക്‌ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ആഗോള വിപണിയുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിന് നേരെയുള്ള ഭീഷണികൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് സഖ്യം വ്യക്‌തമാക്കി.
ബാബ് അൽ മന്ദബ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ ഏത് നീക്കവും ആഗോള വ്യാപാരത്തിന് ഭീഷണിയാണെന്നും ഇത്തരം പ്രകോപനങ്ങൾ തടയുമെന്നും രാജ്യങ്ങൾ പറയുന്നു. ഇറാൻ ഇനിയും പ്രകോപനം തുടരുകയാണെങ്കിൽ ഒന്നിച്ചുനിന്ന് കനത്ത തിരിച്ചടി നൽകാൻ തങ്ങൾ സജ്‌ജമാണെന്ന കർശന താക്കീതാണ് ഈ രാജ്യങ്ങൾ നൽകുന്നത്.
റിഫൈനറികൾക്കും എണ്ണപ്പാടങ്ങൾക്കും നേരെ ആക്രമണം നടത്തിയാൽ അത് ആഗോള ഇന്ധനവിപണിയെ ബാധിക്കുമെന്നും ഇതിന് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സൗദി മുന്നറിയിപ്പ് നൽകി. മേഖലയിലെ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ നേരിടാൻ സംയുക്‌ത സൈനിക സഹകരണം ശക്‌തിപ്പെടുത്താനും റിയാദിൽ നടന്ന യോഗത്തിൽ തീരുമാനമായി.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ






































