കണ്ണൂർ: പാർട്ടിയെ സമ്മർദ്ദത്തിലാഴ്‌ത്തിയതിന് പിന്നാലെ, നിലപാടിൽ അയവ് വരുത്തി കെ. സുധാകരൻ. കണ്ണൂരിൽ സ്വതന്ത്രനായി മൽസരിക്കാനില്ലെന്നും പാർട്ടിക്ക് വിധേയനായി തുടരുമെന്നും അദ്ദേഹം ഡെൽഹിയിൽ പറഞ്ഞു. എംപിമാർ മൽസരിക്കേണ്ടെന്ന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിന്നതോടെയാണ് സ്‌ഥിതിഗതികൾ മാറിമറിഞ്ഞത്.
”പാർട്ടിയുടെ അംഗീകാരം ലഭിക്കുമെങ്കിൽ മൽസരിക്കും. പുതിയ കാര്യങ്ങളുമായി പാർട്ടിയിൽ പ്രവർത്തിച്ച് മുന്നോട്ടുപോകും. പാർട്ടിയിൽ തുടരാതെ പിന്നെ എങ്ങോട്ടാണ് പോകേണ്ടത്? സ്‌ഥാനാർഥിത്വം നിഷേധിച്ചെന്നല്ലാതെ പാർട്ടിയിൽ നിന്ന് പുറത്താക്കിയോട്ടൊന്നുമില്ലല്ലോ?. പാർട്ടി എത്രയോ വലുതാണ്. ഞാൻ എത്രയോ ചെറുതാണ്.
പാർട്ടിയെ വെല്ലുവിളിക്കാൻ ഞാൻ ആളല്ല. പാർട്ടിക്ക് വിധേയനായി നിൽക്കാനാണ് തീരുമാനം. കേരളത്തിൽ എല്ലായിടത്തും എന്റെ ആളുകളുണ്ട്. അത് കമ്മിറ്റിയുണ്ടാക്കാനും നേതാക്കളെ ഉണ്ടാക്കാനും വേണ്ടിയുള്ളതല്ല. പാർട്ടിക്ക് വേണ്ടിയുള്ള പൊതുപ്രവർത്തനത്തിന് വേണ്ടിയുള്ളതാണ്. പാർട്ടിയെ അനുസരിച്ച് മുന്നോട്ട് പോകും”- കെ. സുധാകരൻ പറഞ്ഞു.
കടുത്ത അതൃപ്‌തിയിൽ തുടരുകയായിരുന്ന സുധാകരൻ അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങിയിരുന്നില്ല. ഡെൽഹിയിൽ നടന്ന ഹൈക്കമാൻഡ് ചർച്ചയിലും സുധാകരൻ നിലപാട് തുടർന്നു. എംപിമാർ മൽസരിക്കേണ്ടെന്ന നിലപാടിൽ ഹൈക്കമാൻഡും ഉറച്ചുനിന്നു. പിന്നാലെ കണ്ണൂരിൽ മുൻ മേയർ ടിഒ. മോഹനൻ സ്‌ഥാനാർഥിയായേക്കുമെന്ന വാർത്തകൾ പുറത്തുവന്നു.
ഇതോടെ സുധാകരൻ നേതൃത്വവുമായി അകലുകയാണെന്ന തരത്തിൽ വാർത്തകൾ പ്രത്യക്ഷപ്പെട്ടു. വാർത്താസമ്മേളനം വിളിക്കുമെന്ന് പ്രഖ്യാപിച്ചതോടെ സുധാകരൻ സ്വതന്ത്രനായി മൽസരിക്കുമെന്ന അഭ്യൂഹവും പരന്നു. അതേസമയം, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിളിച്ചതിന് പിന്നാലെയാണ് സുധാകരൻ നിലപാട് മയപ്പെടുത്തിയത് എന്നാണ് സൂചന.
ഒരാൾക്ക് സീറ്റ് നൽകിയാൽ മറ്റുള്ളവർക്കും കൊടുക്കേണ്ടി വരുമെന്ന് ഖർഗെ സുധാകരനോട് പറഞ്ഞെന്നാണ് റിപ്പോർട്. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ വിധേയനായി തുടരാനുള്ള തീരുമാനം സുധാകരൻ പ്രഖ്യാപിച്ചത്. ഇതോടെ നാലുദിവസത്തോളം കോൺഗ്രസിനെ മുൾമുനയിൽ നിർത്തിയ വിഷയത്തിന് പര്യവസാനമായി.
Most Read| കുട്ടികളിലെ അമിതവണ്ണം; ഇന്ത്യ രണ്ടാം സ്‌ഥാനത്ത്, സർക്കാർ ഇടപെടൽ വേണം






































