ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) വക്‌താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു. പുലർച്ചെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. യുഎസിനും ഇസ്രയേലിനും എതിരെയുള്ള നൈനിയുടെ പരാമർശങ്ങൾ മാദ്ധ്യമങ്ങളിൽ വന്ന് മണിക്കൂറുകൾക്ക് പിന്നാലെയാണ് നൈനിയുടെ മരണം.
ഇറാന് ഇനി യുറേനിയം സമ്പുഷ്‌ടീകരണം സാധ്യമാകില്ലെന്നും ബാലിസ്‌റ്റിക് മിസൈലുകൾ നിർമിക്കാൻ സാധിക്കില്ലെന്നുമുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രതികരണത്തെ മരണത്തിന് തൊട്ടുമുൻപ് നൈനി പരിഹസിച്ചിരുന്നു. ഇസ്രയേലും യുഎസുമായുള്ള യുദ്ധത്തിനിടയിലും ഇറാന്റെ മിസൈൽ വ്യവസായം ഏറ്റവും മികച്ച നിലയിൽ എത്തുമെന്നായിരുന്നു നൈനിയുടെ വാദം.
ഒറ്റ ആഴ്‌ചയ്‌ക്കിടെ ഇറാന് നഷ്‌ടമാകുന്ന നാലാമത്തെ ഉദ്യോഗസ്‌ഥനാണ് അലി മുഹമ്മദ് നൈനി. ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി, ഇറാനിലെ ബാസിജ് മിലീഷ്യ സേനയുടെ കമാൻഡർ ഘോലംരേസ സുലൈമാൻ, മന്ത്രി ഇസ്‌മായിൽ ഖാത്തിബ് എന്നിവരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ട മറ്റു ഉദ്യോഗസ്‌ഥർ. അതിനിടെ, ഇസ്‌മായിൽ ഖാത്തിബിന്റെ മരണത്തിൽ ഇറാൻ പരമോന്നത നേതാവ് മൊജ്‌തബ ഖമനയി അനുശോചിച്ചു.
ശത്രുക്കൾ അനുഭവിക്കുന്ന സുരക്ഷിതത്വം ഇല്ലാതാക്കണമെന്നും ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാന് അയച്ച സന്ദേശത്തിൽ മൊജ്‌തബ ഖമനയി ആവശ്യപ്പെട്ടു. യുദ്ധം 21ആം ദിവസത്തിലേക്ക് കടന്നിരിക്കെ, ആക്രമണം ശക്‌തമാക്കുകയാണ് ഇറാൻ. പശ്‌ചിമേഷ്യയുടെ പല ഭാഗങ്ങളിലും ബഹ്‌റൈനിലും ഇസ്രയേലിലും വ്യോമാക്രമണ മുന്നറിയിപ്പ് നൽകി.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ






































