വാഷിങ്ടൻ: ഇറാനിനെതിരായ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി സൂചിപ്പിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ ലക്ഷ്യത്തിനരികെ എന്നാണ് ട്രംപിന്റെ അവകാശവാദം.
ഇറാനിലെ ഭീകരവാദ ഭരണകൂടം മാറ്റുക, ഇറാന്റെ മിസൈൽ ശേഷി പൂർണമായി തകർക്കുക, പ്രതിരോധ വ്യവസായ അടിത്തറ നശിപ്പിക്കുക, നാവികസേനയെയും വ്യോമസേനയെയും ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്ക് അടുക്കുന്നതായാണ് ട്രംപ് സാമൂഹിക മാദ്ധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കിയത്.
ഹോർമുസ് കടലിടുക്ക് അത് ഉപയോഗിക്കുന്ന രാജ്യങ്ങൾ സംരക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യണമെന്നും, അമേരിക്ക അത് ചെയ്യുന്നില്ലെന്നും ട്രംപ് പറഞ്ഞു. രാജ്യങ്ങൾ ആവശ്യപ്പെട്ടാൽ അവരെ സഹായിക്കും. എന്നാൽ, ഇറാന്റെ ഭീഷണി ഇല്ലാതാക്കി കഴിഞ്ഞാൽ അതിന്റെ ആവശ്യം വരില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി വെടിനിർത്തൽ കരാറിലെത്താൻ സാധ്യതയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാനിൽ നിന്നുള്ള എണ്ണ: ഉപരോധം താൽക്കാലികമായി നീക്കി യുഎസ്
ഇറാനിൽ നിന്നുള്ള എണ്ണയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം യുഎസ് താൽക്കാലികമായി നീക്കി. മാർച്ച് 20ന് മുൻപ് കപ്പലുകളിലേക്ക് മാറ്റിയ ഇറാൻ ക്രൂഡ് ഓയിൽ, മറ്റു പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ വിതരണത്തിനും വിൽപ്പനയ്ക്കും അനുമതിയുണ്ട്. ഏപ്രിൽ 19 വരെ ഈ അനുമതി നിലനിൽക്കുമെന്നും യുഎസ് പ്രസ്താവനയിൽ അറിയിച്ചു.
ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തിവരുന്ന യുദ്ധത്തെ തുടർന്ന് നിലനിൽക്കുന്ന എണ്ണ വിതരണ പ്രതിസന്ധി പരിഹരിക്കുകയും വിപണി സ്ഥിരത ഉറപ്പാക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വിശദീകരിച്ചു. ഈ ഇളവ് ക്യൂബ, ഉത്തര കൊറിയ, യുക്രൈനിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള എണ്ണ വിതരണത്തിന് ബാധകമായിരിക്കില്ല.
വിദേശ ആസ്തി നിയന്ത്രണ ഓഫീസിന്റെ (Office of Foreign Assets Control) ഈ നീക്കം, റഷ്യൻ എണ്ണയുടെ മേലുള്ള ഉപരോധം ഭാഗികമായി നീക്കിയതിന് സമാനമാണ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധവും പശ്ചിമേഷ്യയിലെ ഊർജമേഖല ലക്ഷ്യമാക്കി നടത്തിയ നിരവധി ആക്രമണങ്ങളും കാരണം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നിരുന്നു.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ







































