ന്യൂഡെൽഹി: ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് (അവകാശ സംരക്ഷണ) ഭേദഗതി ബിൽ ശബ്‌ദവോട്ടോടെ ലോക്‌സഭ പാസാക്കി. പ്രതിപക്ഷവും സാമൂഹിക പ്രവർത്തകരും ഉയർത്തിയ ആശങ്കകളും എതിർപ്പുകളും വകവെക്കാതെയാണ് കേന്ദ്രം ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് ഭേദഗതി ബിൽ പാസാക്കിയത്.
ജനിതക, ശാരീരിക വ്യത്യാസങ്ങൾ മാത്രമുള്ളവരെ ഉൾപ്പെടുത്തിയാണ് ബിൽ. ട്രാൻസ്‌ജെൻഡർ സമൂഹത്തിന് കൃത്യമായ സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കാനാണ് ഭേദഗതി എന്ന് കേന്ദ്രമന്ത്രി വീരേന്ദ്ര കുമാർ പറഞ്ഞു.
കിന്നർ, ഹിജ്‌ഡ, അരവാണി, ജോഗ്‌ത തുടങ്ങിയ സാമൂഹിക- സാംസ്‌കാരിക സ്വത്വമുള്ളവരെയോ അന്തർലിംഗ വ്യതിയാനങ്ങൾ ഉള്ളവരെയോ മാത്രമേ ഇനി ട്രാൻസ്‌ജെൻഡർ ആയി കണക്കാക്കൂ. വ്യക്‌തിപരമായ താൽപര്യമോ സ്വയം പ്രഖ്യാപിത ലിംഗ സ്വത്വമോ ഇതിനായി അംഗീകരിക്കില്ല.
വ്യക്‌തിത്വം സ്‌ഥിരീകരിക്കുന്നതിന് ചീഫ് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കും. ഇതിന്റെ അടിസ്‌ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റുമാർ തിരിച്ചറിയൽ കാർഡുകൾ നൽകും. ട്രാൻസ്‌ജെൻഡർ വ്യക്‌തികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ തീവ്രത അനുസരിച്ച് കഠിനമായ ശിക്ഷകളും ബില്ലിൽ വ്യവസ്‌ഥ ചെയ്യുന്നുണ്ട്.
കോൺഗ്രസ്, ഡിഎംകെ, സമാജ്‌വാദി പാർട്ടി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ബിളിനെ ശക്‌തമായി എതിർത്തു. സ്വയം ലംഗപദവി നിർണയിക്കാനുള്ള അവകാശം ബില്ല് തകർക്കുന്നുവെന്നും ഇത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ല് കൂടുതൽ ചർച്ചകൾക്കായി പാർലമെന്ററി സ്‌റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
കേന്ദ്ര സാമൂഹ്യനീതി മന്ത്രി ഡോ. വീരേന്ദ്ര കുമാർ ആണ് ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. ബില്ല് പാസായതോടെ, ഇനിമുതൽ സ്വയം ട്രാൻസ്‌ജെൻഡർ ആണെന്ന് അവകാശപ്പെട്ടാൽ അംഗീകരിക്കില്ല. ജൻമനായുള്ള ഹോർമോൺ വ്യതിയാനങ്ങൾ, ലൈംഗിക സ്വഭാവ സവിശേഷതകൾ എന്നിവ നോക്കിയാകും സ്വത്വം തീരുമാനിക്കുക.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ




































