കൊല്ലം: നടനും സംവിധായകനുമായ ഇഎ. രാജേന്ദ്രൻ അന്തരിച്ചു. 71 വയസായിരുന്നു. കൊല്ലം പട്ടത്താനത്തെ വസതിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെനാളായി ചികിൽസയിൽ ആയിരുന്നു. തൃശൂർ സ്വദേശിയാണ്. സംസ്‌കാരം നാളെ തൃശൂരിലെ തൃത്തല്ലൂരിൽ നടക്കും.
ഒട്ടേറെ ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയമായ വേഷം ചെയ്‌തിട്ടുള്ള ഇഎ. രാജേന്ദ്രൻ, നാടകങ്ങളും സംവിധാനം ചെയ്‌തിട്ടുണ്ട്. ഡെൽഹിയിലെ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ, പൂനെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം.
ഭാര്യാ പിതാവ് ഒ. മാധവന്റെ ഉടമസ്‌ഥതയിലുള്ള കൊല്ലത്തെ കാളിദാസ കലാകേന്ദ്രത്തിന്റെ മുഖ്യ പ്രവർത്തകനായിരുന്നു. 1981ൽ ‘ഗ്രീഷ്‌മം’ എന്ന ചിത്രത്തിലായിരുന്നു ആദ്യം അഭിനയിച്ചത്. തുടർന്ന് നീണ്ട ഇടവേളയ്‌ക്ക് ശേഷം ജയരാജ് സംവിധാനം ചെയ്‌ത ‘കളിയാട്ട’ത്തിലൂടെയാണ് രാജേന്ദ്രൻ സിനിമയിൽ സജീവമാകുന്നത്.
പ്രണയവർണങ്ങൾ, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവൻ എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ രാജേന്ദ്രൻ സ്വഭാവ നടനായും, വില്ലൻ റോളുകളിലും അഭിനയിച്ചു. സന്ധ്യയാണ് ഭാര്യ. മകൻ: ദിവ്യദർശൻ. നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരീ ഭർത്താവ് കൂടിയാണ്.
Most Read| ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ; ആദ്യ കപ്പൽ മംഗളൂരു തുറമുഖത്ത് ഉടനെത്തും



































