നാദാപുരം: കർണാടകയിലെ കുടക് ജില്ലയിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് വടകര നാദാപുരം സ്വദേശി ശരണ്യയെ സുരക്ഷിതയായി കണ്ടെത്തി. നാലുദിവസം നീണ്ട തിരച്ചിലിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരാണ് മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്ന ശരണ്യയെ കണ്ടെത്തിയത്. യാത്രയിൽ ദിശ തെറ്റി പോയതാണെന്ന് ശരണ്യ പ്രതികരിച്ചു.
ശരണ്യക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ഭക്ഷണവും വെള്ളവും ഇല്ലാതെയാണ് ശരണ്യ കൊടും കാടിനെ അതിജീവിച്ചത്. മറ്റു ടീം അംഗങ്ങളിൽ നിന്ന് ആദ്യ ദിവസം തന്നെ ശരണ്യ വേർപെട്ടു പോവുകയായിരുന്നു. നിലവിൽ യുവതിയെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റിയതായും ആവശ്യമായ പ്രാഥമിക ചികിൽസ നൽകിയ ശേഷം നാട്ടിലേക്ക് തിരികെ കൊണ്ടുവരുമെന്നുമാണ് വിവരം.
ഐടി പ്രഫഷണലായ ശരണ്യയെ (36) ഈമാസം രണ്ടാം തീയതി മുതലാണ് കാണാതായത്. എറണാകുളത്ത് സോഫ്റ്റ് വെയർ എൻജിനിയറായ ശരണ്യ ജിഎസ്, ഏപ്രിൽ രണ്ട് വ്യാഴാഴ്‌ച തനിച്ചാണ് കൊച്ചിയിൽ നിന്ന് കുടകിലെത്തിയത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു.
യാവകപടി എന്ന ഗ്രാമത്തിലെ ഹോംസ്‌റ്റേയിലായിരുന്നു താമസം. ഏപ്രിൽ രണ്ടിന് രാവിലെ 8.15ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രക്കിങ് ആരംഭിച്ചത്. പത്തുപേരടങ്ങുന്ന സംഘത്തിനൊപ്പമായിരുന്നു യാത്ര. എന്നാൽ, ആദ്യ ദിവസം തന്നെ ശരണ്യ സംഘവുമായി വേർപെട്ടു. വൈകീട്ട് നാലുമണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല.
തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്‌റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് ഫോൺ സിഗ്‌നൽ നഷ്‌ടമായി. ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്‌തു. ശരണ്യയെ കണ്ടെത്താനായി കർണാടക സർക്കാർ നൂറംഗ പ്രത്യേക സംഘത്തെയാണ് തിരച്ചിലിനായി നിയോഗിച്ചത്. കേരള- കർണാടക സർക്കാരുകൾ സംയുക്‌തമായാണ് ദൗത്യത്തിൽ ഇടപെട്ടത്.
കേരള മുഖ്യമന്ത്രി നേരിട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിക്കുകയും ദൗത്യം ഊർജിതമാക്കാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. കൂടാതെ കോൺഗ്രസ് നേതാവ് കെസി. വേണുഗോപാൽ കർണാടക ആഭ്യന്തര മന്ത്രിയുമായും നിരന്തരമായി ബന്ധപ്പെട്ട് തിരച്ചിലിന് നേതൃത്വം നൽകി. കർണാടക സർക്കാറിന്റെ ഈ വലിയ പരിശ്രമത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ കാർഷിക വികസന ബാങ്കിൽ നിന്ന് വിരമിച്ച വടക്കയിൽ ഗോപിയുടെയും ഷൈലജയുടെയും മകളാണ് ശരണ്യ. ബെംഗളൂരുവിൽ എൻജിനിയറായ സഹോദരൻ ശ്യാം അടക്കമുള്ളവർ തിരച്ചിലിന് സന്നദ്ധമായി കുടകിൽ എത്തിയിരുന്നു.
രണ്ടു മാസത്തിലേറെയായി നാദാപുരത്തെ വീട്ടിൽ പോയിട്ടില്ലാത്ത ശരണ്യ, കുടകിൽ ട്രക്കിങ്ങിന് പോകുന്ന വിവരം ബന്ധുക്കളെ അറിയിച്ചിരുന്നില്ല. മകളെ സുരക്ഷിതയായി കണ്ടെത്തിയതോടെ നാദാപുരത്തെ വീട്ടിൽ ആനന്ദ കണ്ണീരാണ്.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം





































