സമാധാനം പുലരുമോ? യുഎസ്- ഇറാൻ ചർച്ച ഇന്ന് ഇസ്‌ലാമാബാദിൽ

ഇറാൻ മുന്നോട്ടുവെച്ച പത്തിന പദ്ധതിയുടെ അടിസ്‌ഥാനത്തിലാണ്‌ ചർച്ച നടക്കുക.

By Senior Reporter, Malabar News
JD Vance
Ajwa Travels

വാഷിങ്ടൻ: പശ്‌ചിമേഷ്യയിൽ സമാധാനം പുലരുമെന്ന പ്രതീക്ഷയോടെ, ലോകം ഉറ്റുനോക്കുന്ന യുഎസ്- ഇറാൻ സമാധാന ചർച്ച ഇന്ന്. ഇസ്‌ലാമാബാദ് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടൽ സെറീനയാണ് ചർച്ചാ വേദി. ഹോട്ടലിലെ മുഴുവൻ താമസക്കാരെയും ഞായറാഴ്‌ച വരെ ഒഴിപ്പിച്ചു. ഹോട്ടലിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവ് അതീവ സുരക്ഷാ മേഖലയായി തിരിച്ച് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

യുഎസ് വൈസ് പ്രസിഡണ്ട് ജെഡി. വാൻസ്‌ ഇസ്‌ലാമാബാദിൽ എത്തിയിട്ടുണ്ട്. ട്രംപിന്റെ മരുമകൻ ജറീദ് കഷ്‌ണറും പ്രത്യേക പ്രതിനിധി സ്‌റ്റീവ്‌ വിറ്റ്‌കോഫും സംഘത്തിലുണ്ട്. 2011നുശേഷം ആദ്യമായാണ് ഒരു യുഎസ് വൈസ് പ്രസിഡണ്ട് പാക്കിസ്‌ഥാൻ സന്ദർശിക്കുന്നത്.

ഇറാൻ പ്രതിനിധി സംഘവും ഇസ്‌ലാമാബാദിൽ എത്തിയിട്ടുണ്ട്. പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഖിർ ബാലിബാഫാണ് ഇറാൻ സംഘത്തെ പ്രതിനിധീകരിക്കുക. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും സംഘത്തിലുണ്ട്. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ ഇരുപക്ഷത്തെയും പ്രതിനിധികളുമായുള്ള പ്രാഥമിക ചർച്ചകൾ ഇന്നലെ മുതൽ ആരംഭിച്ചിരുന്നു.

പാക്ക് വിദേശകാര്യമന്ത്രി ഇഷാഖ് ദർ ആയിരിക്കും ഇന്നത്തെ ചർച്ച നിയന്ത്രിക്കുക. ഇറാൻ മുന്നോട്ടുവെച്ച പത്തിന പദ്ധതിയുടെ അടിസ്‌ഥാനത്തിലാണ്‌ ചർച്ച നടക്കുക. ഇറാനെ ഇനി ആക്രമിക്കില്ലെന്ന ഉറപ്പ്, ഉപരോധം നീക്കുക, ഹോർമുസ് കടലിടുക്കിനുമേലുള്ള നിയന്ത്രണാവകാശം, പശ്‌ചിമേഷ്യയിൽ നിന്നുള്ള യുഎസ് സേനാ പിൻമാറ്റം തുടങ്ങിയ ആവശ്യങ്ങളാണ് ഇറാന്റെ പത്തിന പദ്ധതിയിലുള്ളത്.

ഇതെല്ലാം യുഎസ് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും ചർച്ച ചെയ്‌ത്‌ നടപ്പിലാക്കാവുന്നതാണെന്ന സൂചന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നൽകിയിട്ടുണ്ട്. സമ്പുഷ്‌ടീകരിച്ച യുറേനിയം ശേഖരം യുഎസിന് കൈമാറാൻ ഇറാൻ സമ്മതിച്ചെന്നാണ് യുഎസിന്റെ അവകാശവാദം. എന്നാൽ, ഇതിനോട് ഇറാൻ പ്രതികരിച്ചിട്ടില്ല.

ചർച്ചകൾക്കായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നിർണായകമായ മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ചർച്ചകൾ ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും വാഷിങ്‌ടണിൽ നിന്ന് പുറപ്പെടുമ്പോൾ വാൻസ്‌ പ്രതികരിച്ചു. അമേരിക്കയുടെ താൽപര്യങ്ങൾ മുൻനിർത്തിയുള്ള കരാറുകൾ മാത്രമേ ട്രംപ് അംഗീകാരിക്കുകയുള്ളൂ എന്ന് വൈറ്റ് ഹൗസ് വക്‌താവ്‌ അന്ന കെല്ലിയും അറിയിച്ചു.

Most Read| ചരിത്രം കുറിച്ച് ആർട്ടെമിസ്-II ദൗത്യ സംഘം; സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE