കണ്ണൂർ: യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച ആരംഭിച്ചിട്ടില്ല. എംഎൽഎമാരുടെ വോട്ടെടുപ്പ് നടത്തിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും സണ്ണി ജോസഫ് പറഞ്ഞു. വൻ ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം വരട്ടെ. വേവുവോളം ഇരുന്നാൽ ആറുവോളം ഇരിക്കാമല്ലോ. കാത്തിരിക്കാം. മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസിന് നടപടിക്രമങ്ങളുണ്ട്. ജയിച്ച എംഎൽഎമാരുടെ യോഗം ഹൈക്കമാൻഡ് പ്രതിനിധികൾ വിളിക്കും. എഐസിസി പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചേർന്ന് ആലോചിച്ചു പ്രമുഖരായ ആളുകളെ കേരളത്തിലേക്ക് അയക്കും.
യുഡിഎഫിന് ഉപമുഖ്യമന്ത്രി സ്‌ഥാനം ഉണ്ടാകില്ലെന്നും സണ്ണി ജോസഫ് വ്യക്‌തമാക്കി. കെ. സുധാകരനെ മൽസരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് എഐസിസിക്ക് നൽകിയ കത്ത് എഴുതിയത് താനല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. താനാണ് എഴുതിയതെന്ന തെളിവുമായി ആരെങ്കിലും രംഗത്ത് വരട്ടെ എന്ന് വെല്ലുവിളിക്കുകയാണെന്ന് പറഞ്ഞ സണ്ണി ജോസഫ്, ഇക്കാര്യത്തിൽ ഡിജിപിക്ക് പരാതി കൊടുത്തിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
Most Read| ചരിത്രം കുറിച്ച് ആർട്ടെമിസ്-II ദൗത്യ സംഘം; സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി







































