ന്യൂഡെൽഹി: വനിതാ സംവരണ നിയമത്തിൽ കേന്ദ്ര സർക്കാരിന്റെ നിർണായക നീക്കം. 2023ൽ പാർലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം (നാരിശക്‌തി വന്ദൻ അധിനിയം) പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിച്ചു.
ഈ നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരിക്കെ ആണ് കേന്ദ്രത്തിന്റെ അസാധാരണ നീക്കം. ബില്ലിൻമേലുള്ള വോട്ടെടുപ്പ് ഇന്ന് പാർലമെന്റിൽ നടക്കും. വൈകീട്ട് നാലുമണിക്കാണ് വോട്ടെടുപ്പ്. ബില്ല് പാസാകാൻ 360 എംപിമാരുടെ പിന്തുണ കിട്ടണം. എന്നാൽ, ഇപ്പോഴത്തെ നിലയ്‌ക്ക് ഇത് സാധ്യമല്ല.
543 സീറ്റിൽ മൂന്നിലൊന്ന് സ്‌ത്രീകൾക്ക് നൽകുന്നതേ അംഗീകരിക്കൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം. കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ തുടങ്ങിയ പ്രധാന പ്രതിപക്ഷ കക്ഷികൾ എതിർക്കുന്ന സാഹചര്യത്തിൽ പാർലമെന്റിൽ ബിൽ പാസാക്കുക എന്നത് സർക്കാരിന് വലിയ വെല്ലുവിളിയാകും.
ഇന്ന് പുലർച്ചെ ഒരുമണിവരെ പാർലമെന്റിൽ വനിതാ സംവരണ ബില്ലിൽ ചർച്ചകളുണ്ടായിരുന്നു. ഇതിനിടെ പുതിയ ഉത്തരവ് പുറത്തിറക്കിയ കേന്ദ്ര സർക്കാർ നടപടി വിചിത്രമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. ഇത് ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയാണെന്നും അദ്ദേഹം പറഞ്ഞു.
2023ൽ പാസാക്കിയ ബിൽ രാഷ്‍ട്രപതി നേരത്തെ ഒപ്പുവെച്ചതോടെ നിയമമായിരുന്നു. എങ്കിലും, അത് നടപ്പിലാക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. സർക്കാരിന്റെ ഈ നീക്കം പ്രതിപക്ഷത്തെ സമ്മർദ്ദത്തിൽ ആക്കാനാണെന്നാണ് വിലയിരുത്തുന്നത്. കേന്ദ്രത്തിന്റെ നീക്കം വിചിത്രമാണെന്ന് കോൺഗ്രസ് വിമർശിച്ചു.
നിയമം പ്രാബല്യത്തിൽ വന്നുവെങ്കിലും ഇത് പ്രായോഗികമായി നടപ്പിലാക്കുന്നതിൽ ചില സാങ്കേതിക തടസങ്ങൾ നിലനിൽക്കുന്നുണ്ട്. നിയമം പൂർണതോതിൽ നടപ്പിലാക്കണമെങ്കിൽ ആദ്യം രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. അതിനുശേഷം ലഭിക്കുന്ന കണക്കുകളുടെ അടിസ്‌ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തിയാൽ മാത്രമേ വനിതാ സംവരണം പ്രായോഗികമാക്കാൻ സാധിക്കൂ.
ഈ പ്രായോഗിക പരിമിതികൾ മറികടക്കാനാണ് കേന്ദ്രം നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത്. എന്നാൽ, പ്രതിപക്ഷം എതിർപ്പിലായതോടെ ബിൽ പാസാക്കുക എന്നത് സർക്കാരിന് വലിയ വെല്ലുവിളിയാകും. ഈ സാഹചര്യത്തിലാണ് 2023ലെ നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്രം വിജ്‌ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഭേദഗതി ബിൽ പാസായില്ലെങ്കിൽ 2023ലെ നിയമം അനുസരിച്ചു സെൻസസ് നടപടികൾക്ക് ശേഷം മണ്ഡല പുനർനിർണയം നടത്തി വനിതാ സംവരണം യാഥാർഥ്യമാക്കുക എന്നതാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യം.
2029ലെ തിരഞ്ഞെടുപ്പിൽ 33 ശതമാനം സംവരണം നടപ്പാക്കാൻ ലോക്‌സഭാ സീറ്റുകൾ 850 ആയി വർധിപ്പിക്കുന്നതാണ് ബിൽ. സംസ്‌ഥാനങ്ങൾക്ക് 815 സീറ്റുകളും കേന്ദ്രഭരണ പ്രദേശങ്ങൾക്ക് 35 സീറ്റുകളും അനുവദിക്കും. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ ബിൽ പാസാവുകയുള്ളൂ. നിലവിൽ ലോക്‌സഭയിൽ 543 അംഗങ്ങളാണ് ഉള്ളത്. ഇതിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 360 പേരുടെ പിന്തുണ വേണം.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം






































