ന്യൂഡെൽഹി: ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് വനിതാ സംവരണ നിയമ ഭേദഗതി ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടു. 278 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്‌തപ്പോൾ 211 പേർ ബില്ലിനെ എതിർത്തു. ആകെ 489 പേരാണ് വോട്ട് ചെയ്‌തത്.
പ്രതിപക്ഷം ബില്ലിനെതിരെ കടുത്ത എതിർപ്പാണ് തുടക്കം മുതൽ പ്രകടിപ്പിച്ചത്. മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് ബിൽ പാസാകാൻ വേണ്ടത്. എന്നാൽ, ഭൂരിപക്ഷത്തിന് 48 വോട്ടിന്റെ കുറവ് വന്നു. ശനിയാഴ്‌ച 11 മണിവരെ ലോക്‌സഭ പിരിഞ്ഞു. ലോക്‌സഭയിൽ മണിക്കൂറുകളോളം നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് വനിതാ സംവരണ നിയമ ഭേദഗതി ബിൽ വോട്ടിനിട്ടത്.
ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം 850 ആക്കി ഉയർത്താനുള്ള ഭരണഘടനാ ഭേദഗതിയിലായിരുന്നു വോട്ടെടുപ്പ് നടന്നത്. ബില്ലിനെ എതിർത്ത ഇന്ത്യാ സഖ്യത്തെ ആഭ്യന്തര മന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതിപക്ഷം എതിർക്കുന്നത് സംവരണത്തെയല്ല, മറിച്ച് അത് നടപ്പിലാക്കുന്നതിനെ ആണെന്നും അമിത് ഷാ പറഞ്ഞു.
2029 മുതൽ വനിതാ സംവരണം നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. മണ്ഡല പുനർനിർണയത്തെ എതിർക്കുന്നവർ പട്ടികജാതി പട്ടികവർഗ സീറ്റുകൾ വർധിപ്പിക്കുന്നതിനെയും എതിർക്കുകയാണ്. ലോക്‌സഭാ സീറ്റുകൾ കൂടുമ്പോൾ സംവരണ സീറ്റുകൾ കൂടും.
വനിതാ ശാക്‌തീകരണത്തിനും ഭരണഘടനാ പരിഷ്‌കരണത്തിനുമുള്ള സർക്കാരിന്റെയും നമ്മുടെ നേതാവ് നരേന്ദ്ര മോദിയുടെയും പ്രഥമ ലക്ഷ്യം ഇത് കൃത്യ സമയത്ത് നടപ്പാക്കുക എന്നതാണ്. 2029ലെ തിരഞ്ഞെടുപ്പ് വനിതാ സംവരണത്തോടെ തന്നെ നടത്തുമെന്നും അമിത് ഷാ പറഞ്ഞു.
Most Read| ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുമെന്ന് ഇറാൻ







































