ത്യശൂർ: തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ 14 മരണം സ്‌ഥിരീകരിച്ചു. അഞ്ച് മൃതദേഹങ്ങളും മൂന്നുപേരുടെ ശരീരാവശിഷ്‌ടങ്ങളും ലഭിച്ചതായി തൃശൂർ ജില്ലാ കലക്‌ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു.
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 12 പേരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനിടെയും സ്‌ഫോടനം ഉണ്ടായതാണ് അപകടത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചത്.
ഉച്ചയ്‌ക്ക് 3.30നാണ് അദ്യ സ്‌ഫോടനം ഉണ്ടായത്. പിന്നീട് രണ്ടുമണിക്കൂറോളം തുടർച്ചയായ സ്‌ഫോടനങ്ങൾ ഉണ്ടാവുകയും തീ പടരുകയുമായിരുന്നു. വൈകീട്ട് ആറുമണിയോടെ തീ അണച്ചിട്ടുണ്ട്. എങ്കിലും സ്‌ഥലത്ത് നിന്ന് വൻതോതിൽ പുക ഉയരുന്നുണ്ട്. പൊട്ടാതെ കിടക്കുന്ന വെടിമരുന്ന് സാമഗ്രികളും ഭീഷണി ഉയർത്തുന്നുണ്ട്.
തിരുവമ്പാടി ദേവസ്വം ബോർഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോടാണ് സ്‌ഫോടനം നടന്നത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലായിരുന്നു അപകടം. വെടിക്കെട്ടിന്റെ പ്രധാന ചുതലക്കാരനായ സതീഷിനുൾപ്പടെ ഉള്ളവർക്കാണ് പൊള്ളലേറ്റത്.
ഈമാസം 24ന് നടക്കേണ്ട തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കമാണ് ഇവിടെ നിർമിച്ചിരുന്നത്. രണ്ടുവലിയ സ്‌ഫോടനമാണ് ആദ്യം കേട്ടത്. കിലോമീറ്ററുകളോളം അകലേക്ക് സ്‌ഫോടന ശബ്‌ദം കേട്ടുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
പ്രിയപ്പെട്ടവർ നഷ്‌ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നതായും അദ്ദേഹം എക്‌സിൽ കുറിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടുലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ





































