ന്യൂഡെൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വ്യോമപാത വിലക്ക് നീട്ടി പാക്കിസ്‌ഥാൻ. ഒരുമാസത്തേക്ക് കൂടിയാണ് നീട്ടിയത്. പാക്ക് വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മേയ് 24 പുലർച്ചെ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
പാക്കിസ്‌ഥാൻ വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യയും ഉടൻ നീട്ടിയേക്കും. 2025 ഏപ്രിൽ 22ന് കശ്‌മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും വ്യോമപാതകൾ അടച്ചത്.
2024 ഏപ്രിൽ 24 മുതൽ പാക്കിസ്‌ഥാൻ ആണ് ആദ്യമായി ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. തൊട്ടുപിന്നാലെ ഏപ്രിൽ 30 മുതൽ പാക്കിസ്‌ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമപാത ഉപയോഗിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി.ഒരുവർഷം പിന്നിടുമ്പോഴും അയൽരാജ്യങ്ങൾ തമ്മിലുള്ള ഈ നയതന്ത്ര സ്‌തംഭനാവസ്‌ഥ പരിഹാരമില്ലാതെ തുടരുകയാണ്.
അതേസമയം, വിലക്ക് ഇന്ത്യൻ വിമാനക്കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആഴ്‌ചയിൽ 800ഓളം സർവീസുകളെയാണ് വിലക്ക് ബാധിക്കുന്നത്. വടക്കേ ഇന്ത്യയിൽ നിന്ന് പശ്‌ചിമേഷ്യ, യൂറോപ്പ്, യുകെ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് പാക്കിസ്‌ഥാന് മുകളിലൂടെയുള്ള എളുപ്പവഴി നഷ്‌ടമായി.
വിമാനങ്ങൾ ചുറ്റിക്കറങ്ങി പോകേണ്ടി വരുന്നതിനാൽ യാത്രാസമയം 15 മിനിറ്റ് മുതൽ മണിക്കൂറുകൾ വരെ വർധിച്ചു. ഇന്ധനച്ചെലവ് ക്രമാതീതമായി ഉയർന്നത് വിമാനക്കമ്പനികൾക്ക് വലിയ പ്രതിസന്ധിയാണ്. എയർ ഇന്ത്യക്ക് മാത്രം പ്രതിവർഷം ഏകദേശം 4000 കോടി രൂപയുടെ നഷ്‌ടം ഈ വിലക്ക് മൂലം ഉണ്ടാകുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം







































