തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്ന് മുതൽ. വൈകീട്ട് ആറുമണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്തിനുള്ളിൽ, വിവിധ പ്രദേശങ്ങളിൽ മാറി മാറി അരമണിക്കൂർ വീതമാകും പവർ കട്ട് ഏർപ്പെടുത്തുക. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
പീക്ക് അവറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു. പ്രതീക്ഷകൾക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്‌ഥാനത്ത് നിലവിലുള്ളതെന്ന് കെഎസ്ഇബി പറയുന്നു.
നിലവിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി കേന്ദ്ര വിഹിതത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ഇന്ന് മുതൽ ലഭ്യമായി തുടങ്ങും. ഇത് സംസ്‌ഥാനത്തെ നിലവിലെ പ്രതിസന്ധിക്ക് നേരിയ ആശ്വാസം നൽകുമെന്നാണ് കരുതുന്നത്. എങ്കിലും ആവശ്യകതയും വിതരണവും തമ്മിലുള്ള വലിയ വ്യത്യാസം നിലനിൽക്കുന്നതിനാലാണ് നിയന്ത്രണം അനിവാര്യമായി വന്നതെന്ന് കെഎസ്ഇബി അധികൃതർ വ്യക്‌തമാക്കി.
വേനൽ കടുത്തതോടെ സംസ്‌ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോർഡ് നിലയിൽ എത്തിയതും ആഭ്യന്തര ഉൽപ്പാദനത്തിലെ കുറവുമാണ് നിയന്ത്രണത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങൾ. വൈകീട്ട് ആറിനും രാത്രി 11നും ഇടയിൽ പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്‌റ്റൗ, വാട്ടർ ഹീറ്റർ, ഇസ്‌തിരിപ്പെട്ടി, വാഷിങ് മെഷീൻ, എസി തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗം കുറയ്‌ക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു.
Most Read| എസ്എസ്എൽസി പരീക്ഷാഫലം മേയ് 15 ന്; ഹയർ സെക്കൻഡറി ഫലം 22ന്






































