ലണ്ടൻ: നീണ്ട 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇംഗ്ളീഷ് ക്ളബ് ആർസനൽ യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ. സ്വന്തം സ്റ്റേഡിയത്തിൽ നടന്ന രണ്ടാംപാദ സെമിയിൽ സ്പാനിഷ് ക്ളബ് അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചാണ് ആർസനൽ ഫൈനലിൽ കടന്നത്.
ചൊവ്വാഴ്ച ആർസനലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സിൽ നടന്ന രണ്ടാംപാദ സെമിയിൽ 44ആം മിനിറ്റിൽ ബുക്കായോ സാക്ക ആണ് ആർസനലിന്റെ ഏക ഗോൾ നേടിയത്. ലിയാൻഡ്രോ ട്രൊസാർഡിന്റെ ഷോട്ട് അത്ലറ്റിക്കോ കീപ്പർ ജാൻ ഒബ്ളാക്ക് തടഞ്ഞെങ്കിലും റീബൗണ്ടിൽ നിന്ന് സാക്ക പന്ത് വലയിലെത്തിച്ചു.
2006ന് ശേഷം ഇതാദ്യമായാണ് ആർസനൽ ചാംപ്യൻസ് ലീഗ് ഫൈനലിന് യോഗ്യത നേടുന്നത്. കഴിഞ്ഞയാഴ്ച മാഡ്രിഡിൽ നടന്ന ആദ്യപാദ സെമി 1-1ന് സമനിലയിൽ അവസാനിച്ചിരുന്നു. ഈ സീസണിൽ കളിച്ച 14 മൽസരങ്ങളിലും തോൽവിയറിയാതെയാണ് ആർസനലിന്റെ ഫൈനൽ പ്രവേശം.
മേയ് 30ന് ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള പുസ്കാസ് അരീനയിലാണ് ഫൈനൽ. രണ്ടാം സെമിയിൽ ഏറ്റുമുട്ടുന്ന പിഎസ്ജി-ബയൺ മ്യൂണിക് പോരാട്ടത്തിലെ വിജയികളായിരിക്കും ഫൈനലിൽ ആർസനലിന്റെ എതിരാളികൾ.
ഇതുവരെ ചാംപ്യൻസ് ലീഗ് നേടാൻ ആർസനലിനായിട്ടില്ല. 1994ലെ വിന്നേഴ്സ് കപ്പും 1970ലെ ഇന്റർ- സിറ്റീസ് ഫെയേഴ്സ് കപ്പുമാണ് അവരുടെ പ്രധാന രണ്ട് യൂറോപ്യൻ കിരീടങ്ങൾ. 2019ലെ യൂറോപ്പ് ലീഗ് ഫൈനലിൽ ചെൽസിയോട് 4-1ന് തോറ്റിരുന്നു.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ



































